ആലപ്പുഴ: പ്രളയത്തിൽ എല്ലാംനഷ്ടപ്പെട്ട് സർക്കാരിന്റെ കരുണതേടി മടുത്തു മനു മങ്കൊമ്പ് എന്ന ഗിന്നസ് മാജിക്ക് കലാകാരൻ. മുഖ്യമന്ത്രി വരെയുള്ളവരുടെ ഓഫീസുകളിലായി മനു ഇതിനകം 32 തവണ കയറിയിറങ്ങി. എന്നാൽ, ജീവനോപാധി നഷ്ടപ്പെട്ടവനോടുകാണിക്കേണ്ട കരുണയൊന്നും ഒരാളും കാണിക്കുന്നില്ലെന്ന് മനു പത്രസമ്മേളനത്തിൽ പറഞ്ഞു. 2018-ലെ മഹാപ്രളയത്തിൽ മാജിക് സമിതി മുങ്ങിത്താഴുമ്പോൾ മനു മങ്കൊമ്പ് രക്ഷാപ്രവർത്തനത്തിലായിരുന്നു. 12 ദിവസം കൂട്ടുകാർക്കൊപ്പം മറ്റുള്ളവരുടെ ജീവരക്ഷയ്ക്കായി ഈ കലാകാരൻ വള്ളവുമായി രക്ഷാപ്രവർത്തനം നടത്തി. ഇതിനിടയിൽ 25 ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങൾ നഷ്ടപ്പെട്ടു. ഇതറിഞ്ഞ് കേരളത്തിലെ മാന്ത്രികസമൂഹം 12 ലക്ഷം രൂപയുടെ വിവിധ സഹായവുമായി മുന്നോട്ടുവന്നു. എന്നാൽ, അതെല്ലാം തന്റെ സഹജീവികൾക്കായി നല്കുകയാണ് ചെയ്തത്. തനിക്ക് അർഹതപ്പെട്ടത് സർക്കാരിൽനിന്ന് ലഭിക്കും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. മന്ത്രിയും എം.എൽ.എ.യും ഇക്കാര്യത്തിൽ ഉറപ്പുംനല്കി. സാസ്കാരികം, റവന്യൂ, മുഖ്യന്ത്രിയുടെ പരാതി പരിഹാരസെൽ, റീബിൽഡ് കേരള, പ്രതിപക്ഷനേതാവ് എന്നിങ്ങനെയുള്ള ഓഫീസുകളെല്ലാം കയറി എല്ലാ തെളിവുകളും നിരത്തി. കളക്ടർ അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ നഷ്ടങ്ങൾ വിലയിരുത്തി. 20 ലക്ഷം രൂപയുടെ നഷ്ടം വിലയിരുത്തി. ഒന്നും കിട്ടിയില്ല. ഒടുവിൽ ആറുലക്ഷം രൂപയെങ്കിലും നല്കണമെന്നപേക്ഷിച്ചു. ഇതിനെത്തുടർന്ന് രണ്ടുലക്ഷം രൂപ അനുവദിച്ചു. പോക്കുചെലവിനുമാത്രം 40,000 രൂപയോളം ചെലവായപ്പോഴാണ് അതുപേലും കിട്ടിയത്. പ്രളയദുരന്തത്തിൽപ്പെട്ട കലാകാരന്മാർക്കുനല്കാൻ പണമില്ലെന്ന് പറഞ്ഞാണ് എല്ലാവരും മടക്കി അയയ്ക്കുന്നത്. ജീവനോപാധി നഷ്ടപ്പെട്ട കലാകാരനെന്നനിലയിൽ ഇനിയെന്താണ് താൻ ചെയ്യേണ്ടതെന്ന് സർക്കാരാണ് പറയേണ്ടതെന്ന് മനു മങ്കൊമ്പ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. Content Highlights:manu mankombu magician
from mathrubhumi.latestnews.rssfeed https://ift.tt/37zZuQe
via
IFTTT
No comments:
Post a Comment