പാലക്കാട്: പെൺകുട്ടികളുടെ മരണത്തെക്കുറിച്ച് തുടക്കംമുതൽ മുൻവിധിയോടെ നടത്തിയ പോലീസന്വേഷണം കേസ് ദുർബലമാക്കിയെന്ന് വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ. കേസന്വേഷണം താളംതെറ്റിയതിനുപുറമേ തെളിവുകൾ കോടതിക്ക് മുന്നിൽ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷനും പരാജയപ്പെട്ടെന്ന് പി.കെ. ഹനീഫ കമ്മിഷനുമുന്നിൽ മാതാപിതാക്കൾ പറഞ്ഞു. ശനിയാഴ്ച പാലക്കാട് ഗസ്റ്റ്ഹൗസിലാണ് വാളയാർ കേസന്വേഷണത്തിലെ വീഴ്ചകളെപ്പറ്റി അന്വേഷിക്കുന്ന കമ്മിഷന്റെ തെളിവെടുപ്പ് നടന്നത്. കമ്മിഷന്റെ സിറ്റിങ്ങിൽ മൊഴിനൽകുന്നതിനിടെ വിങ്ങിപ്പൊട്ടിയ കുട്ടികളുടെ അമ്മയെ കമ്മിഷൻ ആശ്വസിപ്പിച്ചു. കേസിലെ മുൻപ്രോസിക്യൂട്ടറായിരുന്ന ജലജ മാധവനും കമ്മിഷന് മൊഴിനൽകി.ശനിയാഴ്ച രാവിലെ 11-ഓടെയാണ് കമ്മിഷൻ മാതാപിതാക്കളിൽനിന്നുള്ള തെളിവെടുപ്പ് ആരംഭിച്ചത്. ഒന്നേകാൽ മണിക്കൂറോളം നീണ്ട വിവരശേഖരണത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് കേസന്വേഷണത്തിലുണ്ടായ വീഴ്ചകളാണ് ആദ്യം കമ്മിഷൻ ചോദിച്ചറിഞ്ഞത്. മൂത്തകുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടദിവസം സ്ഥലത്തെത്തിയ പോലീസുകാരോട് പ്രതികളെക്കുറിച്ച് സൂചന നൽകിയിരുന്നു.കേസുമായി ബന്ധപ്പെട്ട് ഇളയകുട്ടി നൽകിയ മൊഴിയും പോലീസ് കാര്യമായി പരിഗണിച്ചില്ല. രണ്ടാമത്തെ കുട്ടിയും സമാനസാഹചര്യത്തിൽ കൊല്ലപ്പെടുന്നതിന് ഇത് വഴിയൊരുക്കി.കോടതിയിൽ വിചാരണ നടന്നപ്പോൾ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് സഹകരണമുണ്ടായിരുന്നില്ല. കോടതിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളൊന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നില്ലെന്നും അമ്മ പറഞ്ഞു.മാതാപിതാക്കളിൽനിന്ന് തെളിവെടുത്തശേഷമാണ് പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവനിൽനിന്നുള്ള വിവരങ്ങൾ ശേഖരിച്ചത്. തെളിവെടുപ്പ് ഉച്ചവരെ നീണ്ടു.പി.കെ. ഹനീഫ കമ്മിഷന്റെ അവസാനഘട്ട തെളിവെടുപ്പാണ് ശനിയാഴ്ച നടന്നത്. നേരത്തെ, പാലക്കാട് എസ്.പി. ജി. ശിവവിക്രം, കേസ് വിവിധഘട്ടങ്ങളിൽ അന്വേഷിച്ച പോലീസുദ്യോഗസ്ഥർ എന്നിവരിൽനിന്ന് കമ്മിഷൻ വിവരങ്ങൾ ശേഖരിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3bLFPjF
via
IFTTT
No comments:
Post a Comment