മാഡ്രിഡ്: കോപ്പ ഡെൽ റേയിൽ വൻ അട്ടിമറി. കരുത്തരായ റയൽ മാഡ്രിഡും ബാഴ്സലോണയും സെമിഫൈനൽ കാണാതെ പുറത്തായി. ഏഴു ഗോൾ പിറന്ന മത്സരത്തിൽ റയൽ സൊസൈദാദ് റയൽ മാഡ്രിഡിനെ തോൽപ്പിച്ചു. 4-3നായിരുന്നു സൊസൈദാദിന്റെ വിജയം. ഇഞ്ചുറി ടൈമിലെ ഗോളിൽ അത്ലറ്റിക്കോ ബിൽബാവോയാണ് ബാഴ്സലോണയെ തോൽപ്പിച്ചത്. പുതിയ പരിശീലകൻ സെറ്റിയെന്റെ കീഴിൽ ഗോളിനായി കഷ്ടപ്പെടുന്ന ബാഴ്സയെയാണ് ബിൽബാവോയിലെ സാൻ സാൻ മാമെസ് സ്റ്റേഡിയത്തിൽ കണ്ടത്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. മെസ്സിയും ഗ്രീസ്മാനുമെല്ലാം കളത്തിലിറങ്ങിയിട്ടും കാര്യമുണ്ടായില്ല. 70 ശതമാനം പൊസിഷനും ബാഴ്സയ്ക്കായിരുന്നു. ഒടുവിൽ ഇഞ്ചുറി ടൈമിൽ അത്ലറ്റിക്കോ ബിൽബാവോയുടെ വിജയ ഗോളെത്തി. 94-ാം മിനിറ്റിൽ ഇനാകി വില്ല്യംസ് ബാഴ്സയെ ഞെട്ടിച്ച് വല ചലിപ്പിച്ചു. അത്ലറ്റിക്കോബിൽബാവോയുടെ ഗോൾ ആഘോഷിക്കുന്ന ഇനാകി വില്ല്യംസ് ഫോട്ടോ: ഇപിഎ ഏഴു ഗോൾ ത്രില്ലറിനൊടുവിൽ റയലിനെ തോൽപ്പിച്ച് കോപ്പ ഡെൽ റേയുടെ സെമിയിലെത്തി റയൽ സൊസൈദാദ് ചരിത്രമെഴുതി. 22-ാം മിനിറ്റിൽ മുൻ റയൽ താരം മാർട്ടിൻ ഒർഡേഗാഡിലൂടെ സൊസൈദാദ് മുന്നിലെത്തി. അലക്സാണ്ടർ ഇസാക്കിന്റെ ഇരട്ടഗോളിലൂടെ അവർ ലീഡ് മൂന്നാക്കി ഉയർത്തി. 54,56 മിനിറ്റുകളിലായിരുന്നു ഇസാകിന്റെ ഗോളുകൾ. മൂന്നു ഗോൾ പിന്നിലായതോടെ റയൽ മാഡ്രിഡ് തിരിച്ചടിക്കാൻ തുടങ്ങി. 59-ാം മിനിറ്റിൽ മാഴ്സെലോയിലൂടെ റയൽ ഒരു ഗോൾ മടക്കി. എന്നാൽ പത്ത് മിനിറ്റിനുള്ളിൽ സൊസൈദാദ് നാലാം ഗോൾ നേടി. മൈക്കൽ മെറീനോ ആയിരുന്നു ഗോൾ സ്കോറർ. ഇതോടെ സൊസൈദാദ് 4-1ന് മുന്നിലെത്തി. പിന്നീട് 81-ാം മിനിറ്റിലും 93-ാം മിനിറ്റിലും റയൽ ഗോൾ കണ്ടെത്തി. റോഡ്രിഗോയും നാച്ചോയുമായിരുന്നു ഗോൾ സ്കോറർമാർ. എന്നാൽ സൊസൈദാദിന്റെ വിജയം തടയാനായില്ല. 95-ാം മിനിറ്റിൽ സൊസൈദാദിന്റെ അന്റോണി ഗോരോസാബെൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഒക്ടോബറിൽ മയ്യോർക്കയോട് തോറ്റശേഷം ആദ്യമായാണ് റയൽ സ്പെയ്നിൽ പരാജയപ്പെടുന്നത്. ഇതോടെ തുടർച്ചയായ ആറാം വർഷം കോപ്പ ഡെൽ റേ കിരീടം നേടാമെന്ന റയലിന്റെ മോഹത്തിന് തിരിച്ചടിയേറ്റു.പത്ത് വർഷത്തിനിടെ ആദ്യമായാണ് റയലും ബാഴ്സയുമില്ലാത്ത കോപ്പ ഡെൽ റേ സെമി ഫൈനലിന് കളമൊരുങ്ങുന്നത് Content Highlights: Copa del Rey Football Barcelona Real Madrid knock out
from mathrubhumi.latestnews.rssfeed https://ift.tt/31wBI68
via
IFTTT
No comments:
Post a Comment