തിരുവനന്തപുരം: ആറുജില്ലകളിൽ ചൊവ്വാഴ്ച രണ്ടുമുതൽ മൂന്നുഡിഗ്രി സെൽഷ്യസ് വരെ ചൂടു കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രതാനിർദേശം. തിങ്കളാഴ്ചയും സംസ്ഥാനത്ത് മിക്ക ജില്ലകളിലും ചൂട് സാധാരണനിലയെക്കാൾ കൂടുതലായിരുന്നു. തിങ്കളാഴ്ച കണ്ണൂർ, പുനലൂർ, കോഴിക്കോട്, വെള്ളാനിക്കര എന്നിവിടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. കണ്ണൂരിൽ 2.6 ഡിഗ്രി സെൽഷ്യസും കോഴിക്കോട് 3.4 ഡിഗ്രി സെൽഷ്യസും ശരാശരി താപനിലയിൽ കൂടുതലായിരുന്നു. സംസ്ഥാനത്ത് ചൂടുകൂടുന്ന സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പകൽസമയത്ത് മദ്യം പോലെയുള്ള ലഹരിപാനീയങ്ങൾ ഒഴിവാക്കണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.ചൂടുമൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യസഹായം എത്തിക്കാനും ശ്രദ്ധിക്കണം. ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ചപരിമിതർക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാം. ശബ്ദസന്ദേശത്തിന്: sdma.kerala.gov.in
from mathrubhumi.latestnews.rssfeed https://ift.tt/2SAElkB
via
IFTTT
No comments:
Post a Comment