ദുബായ്: വായ്പയെടുത്തും ക്രെഡിറ്റ് കാർഡ് വഴിയും വൻതുക വെട്ടിച്ചുകടന്ന ഇന്ത്യക്കാരിൽനിന്ന് പണം ഈടാക്കാൻ യു.എ.ഇ.യിലെ പ്രമുഖ ബാങ്കുകൾ ഇന്ത്യയിൽ നിയമനടപടിക്കൊരുങ്ങുന്നു. അഞ്ചുവർഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ് ഇത്തരത്തിൽ യു.എ.ഇ. ബാങ്കുകൾക്ക് നഷ്ടമായത്. മുങ്ങിയവരിൽ ഏറെയും മലയാളികളാണ്. സാമ്പത്തിക ഇടപാടുകളിൽ യു.എ.ഇ. സിവിൽ കോടതികളിലെ വിധികൾ ഇന്ത്യയിലെ ജില്ലാ കോടതിവിധിക്കു തുല്യമാക്കിയ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെയാണ് യു.എ.ഇ. ബാങ്കുകളുടെ നീക്കം. ബാങ്കുകൾക്ക് നഷ്ടമായ തുകയിൽ 70 ശതമാനത്തിലധികവും വൻ ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്. ക്രെഡിറ്റ് കാർഡ്, വാഹനവായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ഇനങ്ങളിലായാണ് ഇരുപത് ശതമാനത്തിലേറെ. യു.എ.ഇ. ബാങ്കുകളുടെ നിഷ്ക്രിയ വായ്പത്തോത് 2017-ൽ 7.5 ശതമാനമായി ഉയർന്നിരുന്നു. ചില ബാങ്കുകളുടെ പ്രവർത്തനം ഇതോടെ പ്രതിസന്ധിയിലായി. ചില ബാങ്കുകളുടെ ലാഭം കുറഞ്ഞു. ഇതോടെ അവ പരസ്പരം ലയിച്ചു. യു.എ.ഇ.യിലെ വലിയ ബാങ്കുകളായ എമിറേറ്റ്സ് എൻ.ബി.ഡി., അബുദാബി കൊമേഴ്സ്യൽ ബാങ്ക് ഉൾപ്പെടെ ഒമ്പതു ബാങ്കുകളാണ് നിയമനടപടികളുമായി നീങ്ങുന്നത്. ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകൾകൂടി ഇവർക്കൊപ്പം ചേരുമെന്നാണു സൂചന. വൻതുക വായ്പയെടുത്ത് ഇന്ത്യയിലേക്കു കടന്ന വലിയ ബിസിനസ് ഗ്രൂപ്പുകളുടെ വിശദാംശങ്ങൾ ബാങ്കുകൾ വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനയുണ്ട്. ഇന്ത്യയിൽ നിയമനടപടിക്കു നീങ്ങുന്നത് യു.എ.ഇ. ബാങ്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞമാസം ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയതോടെ ഇതിനുള്ള സാധ്യതകൾ തുറന്നതായി ബാങ്കിങ് മേഖലയിലെ പ്രമുഖർ സ്ഥിരീകരിക്കുന്നു. 2017-ൽ നിഷ്ക്രിയ വായ്പകൾ 7.5 ശതമാനമായിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ സ്ഥിതി അല്പം മെച്ചപ്പെട്ടു. എങ്കിലും ഒട്ടേറെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങൾ ഉപേക്ഷിച്ച് വൻതുക വായ്പയെടുത്ത് മുങ്ങിയവരേറെയുണ്ട്. ബാങ്കുകൾക്ക് നഷ്ടംവരുത്തുക മാത്രമല്ല, ആയിരങ്ങളെ ഇവർ തൊഴിൽരഹിതരുമാക്കി. Content Highlights:UAE banks headed for India to recover Rs 50,000 crore
from mathrubhumi.latestnews.rssfeed https://ift.tt/2UzfEWW
via
IFTTT
No comments:
Post a Comment