ന്യൂഡല്‍ഹി: ഇന്ത്യ തെരയുന്ന കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പാകിസ്താനിലെ വിലാസം വെളിപ്പെടുത്തി മുന്‍കൂട്ടാളിയും അധോലോക തലവനുമായ ഇജാസ് ലക്ഡവാല. കഴിഞ്ഞ എട്ടിനു ബിഹാറിലെ പ്ടനയില്‍ നിന്നു മുംബൈ പോലീസ് അറസ്റ്റ് ചെയ്ത ലക്ഡവാലയെ ചോദ്യംചെയ്തപ്പോഴാണു ദാവൂദിനെപ്പറ്റിയുള്ള നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്.
''6എ, ഖയാബാന്‍ തന്‍സിം ഫേസ്-5, ഡിഫന്‍സ് ഹൗസിങ് ഏരിയ, കറാച്ചി'', ''ഡി-13, ബ്ലോക്ക് 4, കഌഫ്ടണ്‍, കറാച്ചി'' എന്നീ വിലാസങ്ങളാണു ലക്ഡവാല വെളിപ്പെടുത്തിയത്. നേരത്തേ ഇന്ത്യന്‍ ഏജന്‍സികള്‍ ദാവൂദിന്റെ 24 ഓളം വിലാസങ്ങള്‍ പാകിസ്താന് പല ഘട്ടങ്ങളിലായി െകെമാറിയിരുന്നു. എന്നാല്‍, ദാവൂദ് തങ്ങളുടെ നാട്ടിലുണ്ടെന്ന് അംഗീകരിക്കാന്‍ പാകിസ്താന്‍ നാളിതുവരെ തയാറായിട്ടില്ല. പാക് രഹസ്യാന്വേഷണ ഏജന്‍സി ഐ.എസ്.ഐയുടെ സംരക്ഷണയിലാണ് ദാവൂദ് കഴിയുന്നതെന്നു വര്‍ഷങ്ങള്‍ക്കു മുമ്പേ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
ദാവൂദിനു സംരക്ഷണം നല്‍കുന്നതും ഇന്ത്യക്കെതിരേ അയാളെ ഉപയോഗിക്കുന്നതും പാകിസ്താനാണെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണു ചോദ്യംചെയ്യലില്‍ ലഭിച്ച വിവരങ്ങള്‍. നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു കേന്ദ്രീകരിച്ചു ദാവൂദിനു വമ്പന്‍ അധോലോക സാമ്രാജ്യമുണ്ട്. നേപ്പാളിലെ പാക് എംബസി ഉദ്യോഗസ്ഥരുടെ സഹായത്തോടെ, ദാവൂദ് വന്‍തോതില്‍ വ്യാജ ഇന്ത്യന്‍ കറന്‍സി ഇന്ത്യയിലേക്കു കടത്തുന്നുണ്ടെന്നും ലക്ഡവാല വെളിപ്പെടുത്തി. ദാവൂദിന്റെ ''ഡി-കമ്പനി''യില്‍ ലക്ഡവാല മുമ്പ് അംഗമായിരുന്നു.
കറാച്ചിയിലെ ഡിഫന്‍സ് ഹൗസിങ് മേഖലയില്‍ത്തന്നെ താമസിക്കുന്ന ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം, അധോലോകത്തലവനും ദാവൂദിന്റെ മുന്‍സംഘാംഗവുമായ ഛോട്ടാ ഷക്കീല്‍ എന്നിവരുടെ വിവരങ്ങളും ലക്ഡവാലയില്‍നിന്നു പോലീസിനു ലഭിച്ചു. പോലീസിനു പുറമേ, മറ്റു ദേശീയ അന്വേഷണ ഏജന്‍സികളും ചോദ്യംചെയ്യലില്‍ പങ്കെടുത്തു. ഡി-കമ്പനിയുടെ കള്ളനോട്ട്, മയക്കുമരുന്ന് സാമ്രാജ്യത്തെക്കുറിച്ചു വ്യക്തമായ വിവരങ്ങള്‍ ലഭിച്ചെന്നും ലക്ഡവാല ''വിലപ്പെട്ട സാക്ഷി''യാണെന്നും മുംെബെ പോലീസ് അധികൃതര്‍ പറഞ്ഞു.
ഡി-കമ്പനിയുടെ മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ആദ്യം ചുക്കാന്‍ പിടിച്ചിരുന്നത് ഇഖ്ബാല്‍ മിര്‍ച്ചിയാണെന്നും പിന്നീടതു ഛോട്ടാ ഷക്കീല്‍ ഏറ്റെടുത്തെന്നും ലക്ഡവാല വെളിപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍നിന്നുള്ള മയക്കുമരുന്നുകള്‍ പാകിസ്താനിലെ കറാച്ചി തുറമുഖം വഴിയാണു തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും യൂറോപ്പിലേക്കും കടത്തുന്നത്. ഡി-കമ്പനിക്കു നിര്‍ണായകസ്വാധീനമുള്ള തായ്‌ലാന്‍ഡ്, ബംാദേശ് എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയിലേക്കുള്‍പ്പെടെ വന്‍തോതില്‍ മയക്കുമരുന്ന് കടത്തുന്നുണ്ട്.
1993-ലെ മുംെബെ സ്‌ഫോടനപരമ്പരയ്ക്കുശേഷമാണു ലക്ഡവാലയും മറ്റൊരു അനുയായിയായ ഛോട്ടാ രാജനും ദാവൂദുമായി തെറ്റിപ്പിരിഞ്ഞത്. തുടര്‍ന്ന്, ഒരു പതിറ്റാണ്ടു മുമ്പ് കറാച്ചിയില്‍ മകള്‍ മരിയയുടെ സംസ്‌ക്കാരച്ചടങ്ങുകള്‍ക്കിടെ ദാവൂദിനെ വധിക്കാന്‍ ഇരുവരും ചേര്‍ന്നു പദ്ധതിയിട്ടു. കൊലപാതകം നടപ്പാക്കാന്‍ ഛോട്ടാ രാജന്‍ സംഘത്തിലെ ''ഷാര്‍പ് ഷൂട്ടര്‍'' വിക്കി മല്‍ഹോത്രയേയാണു നിയോഗിച്ചത്. എന്നാല്‍, ദാവൂദ് സംസ്‌ക്കാരച്ചടങ്ങിന് എത്താതിരുന്നതിനാല്‍ ദൗത്യം പാളി.
പിന്നീട്, വരുമാനം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തേത്തുടര്‍ന്ന് ഛോട്ടാ രാജനുമായി തെറ്റിപ്പിരിഞ്ഞ ലക്ഡവാല, കംബോഡിയ കേന്ദ്രീകരിച്ച് സ്വന്തം അധോലോകസംഘം രൂപീകരിച്ചു. കാനഡയില്‍ ഒളിവില്‍ക്കഴിഞ്ഞ്, നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാം തുറമുഖം മുഖേന യൂറോപ്പിലേക്കു മയക്കുമരുന്നുകടത്ത് ആരംഭിച്ചു.
from mangalam.com https://ift.tt/2TrNxbN
via IFTTT
No comments:
Post a Comment