ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരേ ഭരണഘടനയുടെ 131-ാം അനുഛേദ പ്രകാരം ഒറിജിനല്‍ സ്യൂട്ടിലൂടെ സംസ്ഥാനങ്ങള്‍ക്കു സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയുമോയെന്ന കാര്യത്തില്‍ അഭിപ്രായം പറയാതെ സുപ്രീം കോടതി. കേന്ദ്രവും സംസ്ഥാനവും (സംസ്ഥാനങ്ങളും) തമ്മിലോ സംസ്ഥാനങ്ങള്‍ തമ്മിലോ ഉള്ള നിയമപരമോ വസ്തുതാപരമോ ആയ തര്‍ക്കം തീര്‍പ്പാക്കാന്‍ സുപ്രീം കോടതിക്ക് അധികാരം നല്‍കുന്നതാണ് ഈ വകുപ്പ്.
കേന്ദ്ര നിയമത്തിനെതിരേ ഇതുപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ബിഹാര്‍ സര്‍ക്കാരിനെതിരേ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ ഈ വകുപ്പ് പ്രകാരം നല്‍കിയ ഹര്‍ജി ഇന്നലെ മുന്നിലെത്തിയെങ്കിലും ഈ വിഷയം പരിഗണിക്കാതെ ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് രണ്ടു സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു.
പൗരത്വ നിയമഭേദഗതിക്കെതിരേ കേരളം ആര്‍ട്ടിക്കിള്‍ 131 പ്രകാരമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിക്കുമോയെന്ന കാര്യത്തില്‍ നിയമവിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഝാര്‍ഖണ്ഡ്-ബിഹാര്‍ കേസ് പരിഗണിക്കുമ്പോള്‍ കോടതി സുപ്രധാന നിരീക്ഷണം നടത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
2014-ല്‍ ഈ കേസ് ഫയല്‍ ചെയ്ത സമയത്തു ഭരണഘടനാപരമായ വിഷയങ്ങളില്‍ 131-ാം അനുഛേദപ്രകാരം സ്യുട്ട് ഫയല്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്നു ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ 2011-ല്‍ കേന്ദ്രത്തിനെതിരേ മധ്യപ്രദേശ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിന്റേതു വിരുദ്ധമായ നിലപാടായിരുന്നു. അതോടെ, ഝാര്‍ഖണ്ഡ്-ബിഹാര്‍ കേസിനൊപ്പം ഈ വിഷയവും പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നലെയും ഉയര്‍ന്ന ബെഞ്ച് ഇക്കാര്യത്തില്‍ നിരീക്ഷണം നടത്താതെ പിരിയുകയായിരുന്നു.
ഏതു ഭരണഘടനാ വകുപ്പ് പ്രകാരം സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനെതിരേയോ, മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയോ ഹര്‍ജി നല്‍കാമെന്ന കാര്യത്തില്‍ വ്യക്തത വരാതെ കേരളത്തിന്റെ ഹര്‍ജി പരിഗണിക്കില്ലെന്നാണു സൂചന. കേരളം നല്‍കിയ ഹര്‍ജി തള്ളാനാണ് സാധ്യതയെന്നും നിയമവിദഗ്ധര്‍ പറയുന്നു.
പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംസ്ഥാനത്തിനു ചോദ്യം ചെയ്യാനാവില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണവും കേരളത്തിന് എതിരാണ്. ആധാര്‍ നിര്‍ബന്ധമാക്കുന്ന പാര്‍ലമെന്റ് നിയമം ചോദ്യംചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു നിരീക്ഷണം. വേണമെങ്കില്‍ വ്യക്തിപരമായി ഹര്‍ജി നല്‍കാനാണ് കോടതി മുഖ്യമന്ത്രി മമത ബാനര്‍ജിയോടു പറഞ്ഞത്.
from mangalam.com https://ift.tt/2QVG4A8
via IFTTT
No comments:
Post a Comment