കക്ഷിയല്ലാത്തതിനാല്‍ മലങ്കരസഭാ കേസില്‍ വിധി നടപ്പാക്കേണ്ട ബാധ്യതയില്ല; അനാവശ്യമായി പള്ളിത്തര്‍ക്കത്തിലേക്കു വലിച്ചിഴക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 16, 2020

കക്ഷിയല്ലാത്തതിനാല്‍ മലങ്കരസഭാ കേസില്‍ വിധി നടപ്പാക്കേണ്ട ബാധ്യതയില്ല; അനാവശ്യമായി പള്ളിത്തര്‍ക്കത്തിലേക്കു വലിച്ചിഴക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി : മലങ്കരസഭാ കേസില്‍ കക്ഷിയല്ലാത്തതിനാല്‍ വിധി നടപ്പാക്കേണ്ട ബാധ്യതയില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കോടതിയലക്ഷ്യക്കേസില്‍ ഇന്നലെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണു സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. സര്‍ക്കാരിനെ അനാവശ്യമായി പള്ളിത്തര്‍ക്കത്തിലേക്കു വലിച്ചിഴക്കുകയാണ്.

ക്രമസമാധാന പ്രശ്‌നം എന്ന നിലയിലാണു സര്‍ക്കാര്‍ ഇതിനെ കാണുന്നത്. സിവില്‍ തര്‍ക്കമായതിനാല്‍ വിചാരണ കീഴ്‌ക്കോടതി വഴിയാണു വിധി നടപ്പാക്കേണ്ടത്. മേല്‍ക്കോടതികള്‍ക്ക് അതിലിടപെടാന്‍ അധികാരമില്ല. ക്രമസമാധാന പ്രശ്‌നം നിയന്ത്രിക്കുക മാത്രമാണു സര്‍ക്കാരിനു ചെയ്യാനുള്ളത്. പള്ളിത്തര്‍ക്കം മനുഷ്യാവകാശ പ്രശ്‌നം കൂടിയായതിനാല്‍ സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മനുഷ്യാവകാശലംഘനം നോക്കിനില്‍ക്കാന്‍ സര്‍ക്കാരിനാവില്ല. അതിനാലാണ് അനുരഞ്ജനത്തിന്റെ വഴിതേടുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിസഭ സമിതി രൂപീകരിച്ച് ഇരുവിഭാഗത്തെയും പലവട്ടം ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും ഒരു വിഭാഗം വരുന്നില്ല. 1934-ലെ ഭരണഘടനപ്രകാരം നിയമിക്കുന്ന െവെദികരെ മറുപക്ഷം അംഗീകരിക്കാത്തതാണു ക്രമസമാധാന പ്രശ്‌നത്തിനു കാരണം. കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കമാണിത്. ഒരുകൂട്ടര്‍ 1934-ലെ ഭരണഘടന അംഗീകരിക്കുമ്പോള്‍ മറുപക്ഷം തയാറല്ല.

മനസില്ലാ മനസോടെയാണു സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്പോള്‍ പോലീസ് കാഴ്ചക്കാര്‍ മാത്രമാണ്. സര്‍ക്കാരിനെ വെറുതേ കോടതിയലക്ഷ്യക്കാരനാക്കി (കണ്ടംപ്റ്റര്‍) മാറ്റുകയാണ്. സഭാ തര്‍ക്കം സ്വത്തുതര്‍ക്കമായതിനാല്‍ സിവില്‍ കോടതി വഴി മാത്രമാണു വിധി നടത്തിയെടുക്കേണ്ടത്.

വിധി നടപ്പാക്കാന്‍ കക്ഷികള്‍ വിധി നടത്തിപ്പു ഹര്‍ജി നല്‍കി ഡിക്രി സമ്പാദിക്കണം. ഭരണഘടനാ കോടതികള്‍ വഴിയല്ല സിവില്‍ കേസ് നടപ്പാക്കിയെടുക്കേണ്ടത്. ശരിയായ ഫോറത്തിലല്ല കക്ഷികള്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ സര്‍ക്കാരിനെതിരേയുള്ള കോടതിയലക്ഷ്യ കേസ് നിലനില്‍ക്കില്ല. വിധി നടത്തിപ്പു ഹര്‍ജിയിലെ ഡിക്രി നടപ്പാക്കേണ്ടതു സുപ്രീംകോടതിയല്ല, എക്‌സിക്യൂഷന്‍ കോടതിയാണ്. സര്‍ക്കാരിനെ ഇതിലേക്ക് വലിച്ചിഴച്ചിട്ടു കാര്യമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനു കൂടുതലൊന്നും ചെയ്യാനില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നില്ലെന്നും അനധികൃതമായി പള്ളിയില്‍ പ്രവേശിച്ചു ശവസംസ്‌കാരം നടത്താന്‍ ഒത്താശ ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് സഭ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ആറു ഹര്‍ജികള്‍ നല്‍കിയെങ്കിലും അഞ്ചെണ്ണവും പിന്‍വലിച്ചു. ആറാമത്തെ ഹര്‍ജിയില്‍ നല്‍കിയ ഇടക്കാല അപേക്ഷയിലാണു സംസ്ഥാന സര്‍ക്കാരിനും യാക്കോബായ സഭക്കും നോട്ടീസ് അയച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.

അതേസമയം, സര്‍ക്കാര്‍ അടുത്തിടെ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെപ്പറ്റി ഒന്നും പറയുന്നില്ലെന്നതാണ് ശ്രദ്ധേയം. ഓര്‍ഡിനന്‍സിനെ ഓര്‍ത്തഡോക്‌സ്പക്ഷം എതിര്‍ക്കുകയാണെങ്കില്‍മാത്രം മറുപടി നല്‍കിയാല്‍ മതിയെന്നാണു സര്‍ക്കാര്‍ തീരുമാനം. ചീഫ് സെക്രട്ടറി, ഡി.ജി.പി, ആഭ്യന്തര -റവന്യൂ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് നോട്ടീസ്. നാലു സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചതില്‍ റവന്യൂ സെക്രട്ടറിയുടെ സത്യവാങ്മൂലത്തില്‍ പ്രത്യേകിച്ച് നിലപാടില്ലെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങ് ഹാജരാവും. എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ച സമയം ചോദിച്ചു യാക്കോബായ സഭ നോട്ടീസ് നല്‍കിയിട്ടുണ്ട്. മുളന്തുരുത്തി പള്ളിക്കേസില്‍ െഹെക്കോടതി വിധിക്കെതിരേയുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ അപ്പീല്‍ ജസ്റ്റീസ് അശോക് ഭൂഷന്‍ അധ്യക്ഷനായ ബെഞ്ച് ഇന്നു പരിഗണിക്കുന്നുണ്ട്.



from mangalam.com https://ift.tt/38fg1tk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages