തിരുവനന്തപുരം: സർക്കാരുകളോട് ഓരോകാലത്തും പല സംഭവങ്ങളുടെയും പേരിൽ ഗവർണർമാർ വിശദീകരണം തേടാറുണ്ടെങ്കിലും ഇത്ര കടുപ്പിച്ചും ഗുരുതര സാഹചര്യത്തിലും സംസ്ഥാനത്ത് ഇതാദ്യം. രാജ്ഭവനും സർക്കാരും നേർക്കുനേർ പോരാടുന്ന ഘട്ടമാണ് ഇപ്പോഴത്തേത്. അതുകൊണ്ടുതന്നെ ഇത്തവണ ഗവർണറുടെ വിശദീകരണംതേടലിനു ഗൗരവമേറെ. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നപ്പോഴും ശബരിമല സമരത്തിന്റെ പേരിൽ ഹർത്താലും അക്രമവും ഉണ്ടായപ്പോഴും അന്ന് ഗവർണറായിരുന്ന ജസ്റ്റിസ് പി. സദാശിവം സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അപ്പോഴൊക്കെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി. തുടങ്ങിയവരൊക്കെ രാജ്ഭവനിലെത്തി കാര്യങ്ങൾ വിശദീകരിച്ചിട്ടുമുണ്ട്. ചില ഘട്ടങ്ങളിൽ ഡി.ജി.പി.മാരെ രാജ്ഭവനിലേക്കു വിളിച്ചുവരുത്തുകയും ചെയ്തിട്ടുണ്ട്. അന്നൊന്നും ഇപ്പോഴത്തേതിനു സമാനമായ സാഹചര്യമായിരുന്നില്ല. അന്നൊന്നും താക്കീതിന്റെയും സർക്കാരിനോട് ഇത്ര കടുത്ത അതൃപ്തിയുടെയും ധ്വനി ഗവർണറിൽനിന്ന് ഉണ്ടായിരുന്നതുമില്ല. സദാശിവത്തിനുമുമ്പും പല വിഷയങ്ങളിലും ഗവർണർമാർ സർക്കാരുകളോട് വിശദീകരണംതേടിയിട്ടുണ്ട്. മിക്കപ്പോഴും രാജ്ഭവനിൽ കിട്ടുന്ന പരാതിയുടെ അടിസ്ഥാനത്തിൽക്കൂടിയാകും ഇത്. സർക്കാർ അയക്കുന്ന ഓർഡിനൻസോ നിയമസഭ അംഗീകരിച്ച ബില്ലോ ഒപ്പിടാതെ വിശദീകരണമോ തിരുത്തലുകളോ ആവശ്യപ്പെട്ട് തിരിച്ചയക്കുന്നതും പതിവാണ്. തിരുത്തലും വ്യക്തതയും വരുത്തി വീണ്ടും സമർപ്പിക്കുമ്പോൾ ഗവർണർ ഒപ്പിടുകയും ചെയ്യും. വി.സി.മാരുടെ നിയമനത്തിന് സർക്കാർ നൽകുന്ന പട്ടികയിൽ തിരുത്തൽ വരുത്തുകയും സിൻഡിക്കേറ്റ് അംഗങ്ങളുടെ പേരുകൾ മാറ്റുന്നതുമൊക്കെ നടന്നിട്ടുണ്ട്. എന്നാൽ, ഇത്തവണ സർക്കാർ അംഗീകരിച്ച ഓർഡിനൻസ് ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ, സുപ്രീംകോടതിയിൽ താനറിയാതെ കേസിനു പോയതിനെതിരേ റൂൾസ് ഓഫ് ബിസിനസിലാണ് ഗവർണർ പിടിമുറുക്കിയത്. അതും രാജ്ഭവൻ-സർക്കാർ ബന്ധം അത്യന്തം വഷളയായ ഘട്ടത്തിലും. ഈ ഭിന്നതയാണ് സർക്കാരിനു മുന്നിലെ പ്രതിസന്ധി. പ്രത്യേകിച്ച് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം അടുത്തിരിക്കെ. ഭരണഘടനപ്രകാരം എല്ലാ എം.എൽ.എ.മാരും ഗവർണറും ചേരുന്നതാണ് നിയമസഭ. അതിനാൽ സഭയിൽ നടക്കുന്ന കാര്യങ്ങളറിയണം എന്നാണ് ഗവർണറുടെ വാദം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കിടയിലെ പാലമായാണ് ഗവർണറെ കാണുന്നത്. കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലുണ്ടായാൽ ഗവർണറുടെ നിലപാട്, നിഷ്പക്ഷത എന്നിവയാണ് എല്ലാവരും ഉറ്റുനോക്കുന്നതും. ഇനിയങ്ങോട്ട് ഗവർണറിൽനിന്ന് അനുകൂല സമീപനം സർക്കാരും പ്രതീക്ഷിക്കുന്നില്ല. content highlights;kerala government vs kerala governor
from mathrubhumi.latestnews.rssfeed https://ift.tt/2RBnc8w
via
IFTTT
No comments:
Post a Comment