ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഇന്നലെയുണ്ടായ ആക്രമണങ്ങളില്‍ സര്‍വകലാശാല വിസിയ്ക്കും ഡല്‍ഹി പോലീസിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. സംഭവത്തില്‍ സര്‍വകലാശാല വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്നും ഡല്‍ഹി പോലീസ് ആക്രമണകാരികളെ സഹായിക്കുകയായിരുന്നുന്നെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ക്യാമ്പസിലും ഹോസ്റ്റലുകളിലും നടന്ന വ്യാപക ആക്രമണങ്ങളില്‍ 30 ലധികം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് പരിക്കേറ്റത്.
സംഭവത്തില്‍ സര്‍വകലാശാല വി സിയെയും റജിസ്ട്രാറെയും പ്രോക്ടറേയും മാനവ വിഭവശേഷി മന്ത്രാലയം വിളിപ്പിച്ചു. എബിവിപി ആര്‍എസ്എസ് ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നാണ് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ ആരോപണം. അക്രമത്തെ ന്യായീകരിച്ചാണ് ജെഎന്‍യു അധികൃതരുടെ പ്രതികരണവും. അക്രമം തുടങ്ങിയത് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളാണെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. അതേസമയം വിസിയെ പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ പറയുന്നത്. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വിസി രാജി വെയ്ക്കാനാണ് അദ്ധ്യാപകര്‍ പറയുന്നത്. പോലീസിന്റെ സഹായത്തോടെയാണ് ആക്രമണങ്ങള്‍ നടന്നതെന്നും ഇവര്‍ പറയുന്നു.
സംഘടിത ആക്രമണമാണ് നടന്നതെന്നും പോലീസ് ആക്രമണത്തിന് ഒപ്പം നിന്നെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ജെഎന്‍യു വൈസ് ചാന്‍ലസര്‍ ഭീരുവിനേപ്പോലെ പെരുമാറിയെന്നും ജെഎന്‍യുവിലെ ഫീസ് വര്‍ദ്ധന പിന്‍വലിക്കുന്നതു വരെയും വിസിയെ മാറ്റുന്നത് വരെയും സമരം തുടരാനാണ് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ തീരുമാനം. അദ്ധ്യാപകര്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയിലായിരുന്നു സംഘടിത ആക്രമണം നടന്നത്. ഇന്നലെ നടന്ന ആക്രമണത്തില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. സ്റ്റഡി ഓഫ് റീജിയണല്‍ സെന്ററിലെ സചിത്രാ സെന്‍ എന്ന അദ്ധ്യാപികയും ഗുരുതരമായി പരിക്കേറ്റവരില്‍ പെടുന്നു. സര്‍വകലാശാല വി സിയ്‌ക്കെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ധ്യാപകര്‍. സംഭവത്തില്‍ ഡല്‍ഹി പോലീസ് നാലുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
from mangalam.com https://ift.tt/35sUVpH
via IFTTT
No comments:
Post a Comment