ആൽഫാ സെറീൻ, ഹോളിഫെയ്ത്ത് ഫ്ളാറ്റുകൾക്ക് സമീപമുള്ള അഞ്ചു വീട്ടുകാർ പറയുന്നു ? സിന്ധുവിന്റെ വീട്: എല്ലാമൊന്ന് തീർന്നുകിട്ടിയല്ലോ അതുതന്നെ സമാധാനം, ഇനി വീടൊന്നുകണ്ടാൽ മതി. ആൽഫ സെറീൻ ഫ്ളാറ്റ് പൊളിച്ചതിനുശേഷമുള്ള സൈറൺ മുഴങ്ങുന്നതിനായുള്ള കാത്തിരിപ്പിനിടയിൽ നടുവിലേപറമ്പ് സിന്ധുവിന് ടെൻഷന് കുറവില്ലായിരുന്നു. വീടിനൊന്നുംപറ്റിയിട്ടില്ലെന്ന സ്ട്രക്ചറൽ എൻജീനിയർ അനിൽജോസഫിന്റെ വാക്കുകൾകേട്ടതോടെ സന്തോഷമായെങ്കിലും വീടുചെന്ന് കാണാനുള്ള കാത്തിരിപ്പിലായിരുന്നു അവർ. സൈറൺ മുഴങ്ങിയതിന് തൊട്ടുപിന്നാലെ ഭർത്താവ് ബെന്നിക്കും മകൾ നിയയ്ക്കുമൊപ്പം വീട്ടിലേക്ക് കയറിച്ചെന്ന് വീട് മുഴുവൻ പരിശോധിച്ച് ഉറപ്പിച്ചപ്പോഴാണ് സിന്ധുവിന്റെ മുഖത്ത് ചിരി പടർന്നത്. കുറെ നാളുകളായുള്ള സങ്കടമൊന്ന് മാറിക്കിട്ടി, ഓരോന്ന് ആലോചിച്ചിട്ട് ആവലാതിയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് ആശ്വാസമായത് എന്ന പുഞ്ചിരിയോടെ സിന്ധു അയൽവാസികളോട് പറഞ്ഞുതുടങ്ങി. ആന്റണിയുടെ വീട്: തൊട്ടടുത്ത് താമസിക്കുന്ന ബെന്നിയുടെ സഹോദരൻ ആന്റണിയും ഇതേ പേടിയോടെയാണ് വീട്ടിലേക്ക് എത്തിയത്. പൊടിയല്ലാതെ വീടിന് വേറെ കേടുപാടൊന്നും ഇല്ലായെന്ന് കണ്ടതോടെ ശ്വാസംവീണെന്ന് ആന്റണിയുടെ ഭാര്യ എൽസി. വാട്ടർടാങ്കിന് ചെറിയ ചോർച്ചയുണ്ടോയെന്ന സംശയമുണ്ട്, അത് അടുത്തദിവസം വന്നൊന്ന് പരിശോധിക്കണം. അനൂപിന്റെ വീട്:ഇനി നല്ലൊരു മഴപെയ്യണം, ഈ പൊടിയൊക്കെ ശമിക്കണേൽ അതേമാർഗമുള്ളു. പൊടിയൊക്കെ വൃത്തിയാക്കിതരാമെന്ന് പറഞ്ഞിട്ടുണ്ട്, അത് വീട് മൂടാമെന്ന് പറഞ്ഞ് പറ്റിച്ചതുപോലെയാകില്ലെന്ന് ആരുകണ്ടു. അതുകൊണ്ട് സ്വന്തംനിലയിൽ എങ്ങനെയെങ്കിലും വൃത്തിയാക്കിയെടുക്കാമോയെന്ന് ശ്രമിക്കും കാരോട്ട് അനൂപ് പറയുന്നു. ഫ്ളാറ്റ്പൊളിച്ചപ്പോൾ തെറിച്ച കോൺക്രീറ്റ് ചീളുകൾ പതിച്ച് വീടിന്റെ മുകളിലെ റൂഫിങ്ങിൽ ചെറിയ പൊട്ടലുകൾ വന്നതും വീടിന്റെ പിറകുവശത്തെ ജനൽച്ചില്ല് പൊട്ടിയതുമാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതെന്ന് അനൂപ് പറയുന്നു. ഹരിയുടെ വീട്: ആൽഫ കെട്ടിടത്തോടുചേർന്നുള്ള കാരോട്ട് ഹരിയുടെ വീട്ടിലും വലിയ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. കെട്ടിടം താഴേക്കുവീഴുന്നത് കണ്ടപ്പോൾ ഇനിയിവിടെ ഒന്നുമുണ്ടാവില്ലെന്നാണ് കരുതിയത്. വീടിനൊന്നും പറ്റാത്തതിൽ അതിയായ സന്തോഷമുണ്ട് ഹരി പറഞ്ഞു. ആൽഫ ഫ്ളാറ്റിന്റെ സ്വിമ്മിങ് പൂളിന് സമീപത്തെ കെട്ടിടംപൊളിച്ചപ്പോൾ ഹരിയുടെ വീട്ടിൽ വിള്ളലുണ്ടായിരുന്നു. സൈറൺ മുഴങ്ങുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാതിരുന്നതിനാൽ ഹരി പൊളിക്കൽ കഴിഞ്ഞയുടനെ പിൻഭാഗത്തൂകൂടെയെത്തി വീടിന്റെ അവസ്ഥ കണ്ടിരുന്നു. ഷിബുവിന്റെ വീട്: നെടുമ്പറമ്പിൽ ഷിബു ജോസഫ് പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് ഒരാഴ്ചയായതേയുള്ളൂ. എച്ച്.ടു.ഒ. ഫ്ളാറ്റിൽ നിന്ന് വിളിപ്പാടകലം മാത്രമാണ് വീട്ടിലേക്ക്. സ്ഫോടനമേഖലയുടെ പരിധിയിലായതിന്റെ പരിഭ്രമം ഏറെയുണ്ടായിരുന്നു . സ്ഫോടനത്തിനുശേഷം പ്രവേശനം അനുവദിച്ചപ്പോൾ ആശങ്കയോടെയാണ് വീട്ടിലേക്ക് ഓടിയെത്തിയത്. പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയിരുന്നെങ്കിലും പലയിടത്തും പൊടി കയറിയിട്ടുണ്ട്. പോർച്ചിന്റെ ഭിത്തിയിൽ ചെറിയൊരു വിള്ളലുമുണ്ടെന്ന് ഷിബു പറഞ്ഞു. Content Highlight: Neighbouring families near demolished Maradu Flat
from mathrubhumi.latestnews.rssfeed https://ift.tt/35KpxTN
via
IFTTT
No comments:
Post a Comment