തിരുവനന്തപുരം : തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ നടത്തിയ ഞാണിന്മേല്‍ കളി പാളി; കെ.പി.സി.സി. പുനഃസംഘടന സംബന്ധിച്ച് കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരന്‍ എം.പിയുമായുള്ള വാക്‌പോരിനേത്തുടര്‍ന്നാണു പുനഃസംഘടനയേച്ചൊല്ലിയുള്ള ഭിന്നത മറനീക്കിയത്.
ആദ്യഘട്ടം പുനഃസംഘടനയിലെ അതൃപ്തി സെക്രട്ടറിമാരെ നിയമിക്കുന്നതോടെ പരിഹരിക്കാമെന്നായിരുന്നു കെ.പി.സി.സി. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, രണ്ടാംഘട്ടം പട്ടിക വരുന്നതിനുമുമ്പേ പലരും പരസ്യമായി രംഗത്തെത്തി.
കെ. കരുണാകരനൊപ്പം നിന്നവരെ ഇക്കുറിയും അവഗണിച്ചെന്നു മുരളീധരപക്ഷത്തിനു പരാതിയുണ്ട്. ഗ്രൂപ്പുകള്‍ക്കു തുല്യപ്രാധാന്യം ലഭിച്ചെങ്കിലും പട്ടികയില്‍ കടന്നുകൂടിയതു പതിവുമുഖങ്ങളാണെന്ന വികാരം പൊതുവിലുണ്ട്. പുനഃസംഘടനയേത്തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ എ ഗ്രൂപ്പിനുള്ളിലും ഭിന്നത രൂക്ഷമായി. അതൃപ്തിയുണ്ടെങ്കിലും സെക്രട്ടറിമാരുടെ പട്ടിക വരുന്നതുവരെ മൗനം പാലിക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം.
യുവാക്കളെയും വനിതകളെയും അവഗണിച്ചെന്ന പതിവുപരാതിയും ബാക്കി. 34 ജനറല്‍ സെക്രട്ടറിമാരില്‍ വനിതാപ്രാതിനിധ്യം ഒന്നില്‍ ഒതുങ്ങിയതിനെതിരേ മഹിളാ കോണ്‍ഗ്രസ് രംഗത്തെത്തി. മുമ്പ് ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച മോഹന്‍ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതില്‍ മലബാറില്‍നിന്നുള്ള നേതാക്കള്‍ക്കു കടുത്ത എതിര്‍പ്പുണ്ട്. അതാണു കെ. മുരളീധരന്‍ പ്രകടിപ്പിച്ചത്. മുരളീധരന്റെ വിമര്‍ശനത്തിനു മറുപടിയുമായി മുല്ലപ്പള്ളിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും രംഗത്തെത്തി. പരസ്യവിമര്‍ശനത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള കര്‍ശനതാക്കീതാണു കെ.പി.സി.സി. മുന്‍അധ്യക്ഷന്‍കൂടിയായ മുരളിക്ക് ഇരുവരും നല്‍കിയത്.
ആര്‍. സുരേഷ്
from mangalam.com https://ift.tt/2Gvyq9s
via IFTTT
No comments:
Post a Comment