വിദ്യാർഥിയെ തല്ലിയതിനെത്തുടർന്ന് കാലിലുണ്ടായ പാടുകൾ കടുത്തുരുത്തി: രണ്ടാംക്ലാസ് വിദ്യാർഥിയെ അധ്യാപിക ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. എയ്ഡഡ് സ്കൂളായ കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി കുറുപ്പന്തറ കളത്തൂക്കുന്നേൽ സൗമ്യയുടെ ഇളയ മകൻ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചർ ക്രൂരമായി തല്ലിയതെന്ന് പരാതി ഉയർന്നത്. ഇരുകാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. രാത്രി വൈകി വിദ്യാർഥിയെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി. കുട്ടിയുടെ അമ്മ സൗമ്യ പറയുന്നതിങ്ങനെ: ഉച്ചഭക്ഷണത്തിനുശേഷം മലയാളം വായിപ്പിക്കാൻ കുട്ടിയെ ടീച്ചറുടെ അടുത്തേക്ക് വിളിപ്പിച്ചു. വായിക്കുന്നത് ശരിയായില്ലെന്നു പറഞ്ഞ് ടീച്ചർ ചൂരലിന് തല്ലുകയായിരുന്നു. വൈകീട്ട് സ്കൂൾ വിട്ടശേഷം വീട്ടിലെത്തിയ കുട്ടിയുടെ ഇരുകാലുകളും തടിച്ചു കിടക്കുന്നതു കണ്ട് അമ്മൂമ്മ തിരക്കിയപ്പോഴാണ് ടീച്ചർ തല്ലിയകാര്യം കുട്ടി പറയുന്നത്. ഉടൻതന്നെ മുത്തശ്ശി കുട്ടിയുമായി സ്കൂളിലെത്തിയെങ്കിലും അധ്യാപിക പോയിരുന്നു. മറ്റുള്ള അധ്യാപകർ വ്യാഴാഴ്ച വിവരം തിരക്കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു. തുടർന്ന് താൻ ജോലി കഴിഞ്ഞെത്തിയ ശേഷമാണ് ബന്ധുക്കളും നാട്ടുകാരും സംഭവം അറിയുന്നത്. ടീച്ചറുമായി സംസാരിച്ചപ്പോൾ മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്ന മറുപടിയാണ് ടീച്ചർ നൽകിയതെന്ന് അമ്മ പറഞ്ഞു. തുടർന്ന് ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് ഇവർ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. വ്യാഴാഴ്ച രാവിലെ സ്കൂളിലും കുട്ടിയെ കാണാനുമായി എത്താമെന്നാണ് ചൈൽഡ് ലൈൻ അറിയിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. ഒരുവർഷം മുമ്പ് നടന്ന അപകടത്തിൽ അച്ഛൻ മരിച്ച ശേഷം കുട്ടിയുടെ അമ്മ ജോലിചെയ്താണ് കുടുംബം പുലർത്തുന്നത്. സംഭവം വിവാദമായതോടെ സ്കൂൾ അധികൃതർ ക്ഷമചോദിച്ച് വീട്ടിലെത്തിയെങ്കിലും പരാതിയിൽ ഉറച്ചു നിൽക്കുകയാണെന്ന് വീട്ടുകാരും ബന്ധുക്കളും അറിയിച്ചതോടെ ഇവർ മടങ്ങി. ആരോപണ വിധേയയായ അധ്യാപികയെയും ക്ലാസ് ചുമതലയുള്ള അധ്യാപികയെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പ്രഥമാധ്യാപിക പ്രതികരിക്കാൻ തയ്യാറായില്ല. കർശന നടപടി സ്വീകരിക്കും രാത്രിയോടെയാണ് ഇതേപ്പറ്റി അറിഞ്ഞത്. മലയാള അക്ഷരം പഠിപ്പിക്കുന്നതിനിടയിൽ അശ്രദ്ധ കാണിച്ച കുട്ടിക്ക് െചറിയ ശിക്ഷയാണ് െകാടുത്തതെന്നാണ് പ്രഥമാധ്യാപിക തന്ന മറുപടി. എന്നാൽ സ്കൂളിൽ ചൂരൽ ഉൾപ്പെടെയുള്ള വടികൾ ഉപയോഗിച്ചു കുട്ടികളെ ശിക്ഷിക്കാൻ പാടില്ലെന്ന വിദ്യാഭ്യാസവകുപ്പിന്റെ ചട്ടം നിലനിൽക്കെയാണ് ഇത്തരം ശിക്ഷ. വിശദ അന്വേഷണം നടത്തി അധ്യാപികയ്ക്കെതിരേ കർശന നടപടി സ്വീകരിക്കും. സംഭവം ഉന്നത അധികാരികളെ അറിയിച്ചിട്ടുണ്ട്. -ഇ.എസ്.ശ്രീലത, കുറവിലങ്ങാട് എ.ഇ.ഒ. Content Highlights:Cruel torture at school for second-grade student
from mathrubhumi.latestnews.rssfeed https://ift.tt/38yc978
via
IFTTT
No comments:
Post a Comment