ന്യൂഡൽഹി: ഇന്ത്യയിലെ രാഷ്ട്രീയക്കാരായ വനിതകൾക്ക് ട്വിറ്ററിൽ പോലും രക്ഷയില്ലെന്നാണ് ആംനസ്റ്റി ഇന്റർനാഷണലിന്റെ പഠനറിപ്പോർട്ട്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആക്ഷേപം മുതൽ ലൈംഗികാക്രമണ ഭീഷണി വരെയാണ് അവർ നേരിടുന്നത്. 2019 ജൂലായ് മുതൽ നവംബർവരെ രാജ്യത്തെ 95 വനിതാ നേതാക്കൾക്ക് ട്വിറ്ററിൽ ലഭിച്ച 1,14,716 സന്ദേശങ്ങൾ പരിശോധിച്ചാണ് ആംനസ്റ്റിയുടെ നിഗമനങ്ങൾ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മറാഠി, ഗുജറാത്തി, തെലുഗു, തമിഴ്, ബംഗാളി, കന്നഡ ഭാഷകളിലുള്ള ട്വീറ്റുകളാണ് പരിശോധിച്ചത്. ആക്ഷേപവും ഭീഷണിയും മുഴക്കുന്നവരിൽ നമ്മൾ മലയാളികളും പിന്നിലല്ല. വനിതാ നേതാക്കൾക്കെതിരേ മലയാളത്തിലുള്ള ട്വീറ്റുകളിൽ 6.1 ശതമാനവും അവരെ അധിക്ഷേപിക്കുന്നവയാണ്. എല്ലാ വനിതാ നേതാക്കൾക്കും ശരാശരി 113 ആക്ഷേപകരമായ സന്ദേശങ്ങളാണ് പ്രതിദിനം ലഭിക്കുന്നത്. ഇവർക്കു ലഭിക്കുന്ന ഏഴ് ട്വീറ്റുകളിൽ ഒന്ന് ആക്ഷേപകരമായ സന്ദേശമാണ്. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ നേതാക്കളാണ് ട്വിറ്ററിൽ കൂടുതൽ അധിക്ഷേപങ്ങൾക്കിരയാകുന്നത്. ഇന്ത്യൻ നേതാക്കൾക്കു ലഭിക്കുന്ന സന്ദേശങ്ങളിൽ 13.8 ശതമാനവും ആക്ഷേപകരമായ സന്ദേശങ്ങളാണ്. ബ്രിട്ടീഷ് നേതാക്കൾക്കു ലഭിക്കുന്ന സന്ദേശങ്ങളിൽ 7.2 ശതമാനവും അമേരിക്കൻ നേതാക്കൾക്കു ലഭിക്കുന്ന സന്ദേശങ്ങളിൽ 7.9 ശതമാനവും മാത്രമാണ് ഇത്തരത്തിലുള്ളത്. ആക്ഷേപകരമായ സന്ദേശങ്ങൾ കൂടുതൽ ഹിന്ദിയിൽ ഹിന്ദിയിലാണ് ഏറ്റവും കൂടുതൽ ആക്ഷേപകരമായ ട്വീറ്റുകൾ അയച്ചിരിക്കുന്നത്; 15.3 ശതമാനം. ഇംഗ്ലീഷാണ് രണ്ടാംസ്ഥാനത്ത്; 14.1 ശതമാനം. 6.1 ശതമാനവുമായി മലയാളം ഏഴാംസ്ഥാനത്താണ്. തമിഴ് (11.9 ശതമാനം), തെലുഗു (10.6 ശതമാനം), ബംഗാളി (8.5 ശതമാനം), കന്നഡ (7.3 ശതമാനം), ഗുജറാത്തി (5.8 ശതമാനം), മറാഠി (5.0 ശതമാനം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഭരണം പോയിട്ടും ആക്ഷേപത്തിന് കുറവില്ല കോൺഗ്രസ് നേതാക്കളാണ് ഏറ്റവും കൂടുതൽ അധിക്ഷേപത്തിന് ഇരയായത്. ഭരണകക്ഷിയായ ബി.ജെ.പി.യുടെ നേതാക്കളെ അപേക്ഷിച്ച് 45.3 ശതമാനത്തിലേറെ ആക്ഷേപകരമായ ട്വീറ്റുകളാണ് കോൺഗ്രസ് നേതാക്കൾക്കു ലഭിച്ചത്. കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ച ട്വീറ്റുകളിൽ 14.9 ശതമാനവും ബി.ജെ.പി. നേതാക്കൾക്കു ലഭിച്ച ട്വീറ്റുകളിൽ 10.2 ശതമാനവും ആക്ഷേപകരമായവയാണ്. അവിവാഹിതരായ നേതാക്കൾക്കാണ് കൂടുതൽ ആക്ഷേപസന്ദേശങ്ങൾ ലഭിച്ചത്. അവിവാഹിതർക്കു ലഭിച്ച സന്ദേശങ്ങളിൽ 16.3 ശതമാനവും വിവാഹിതരായ നേതാക്കൾക്കു ലഭിച്ചതിൽ 12.3 ശതമാനവും ആക്ഷേപകരമായ സന്ദേശങ്ങളാണ്. മുസ്ലിം നേതാക്കൾ മുസ്ലിം വനിതാ നേതാക്കളാണ് ഏറ്റവും കൂടുതൽ ആക്ഷേപത്തിനിരയായത്. വംശീയമായും മതപരമായും ആക്ഷേപിക്കുന്ന സന്ദേശങ്ങൾ മറ്റു സമുദായങ്ങളിൽപ്പെട്ട നേതാക്കളെ അപേക്ഷിച്ച് 94.1 ശതമാനത്തിലേറെയാണ് മുസ്ലിം നേതാക്കൾക്കു ലഭിച്ചത്. മുസ്ലിം നേതാക്കൾക്കു ലഭിച്ച സന്ദേശങ്ങളിൽ 20.9 ശതമാനവും ഹിന്ദു നേതാക്കൾക്കു ലഭിച്ച സന്ദേശങ്ങളിൽ 12.8 ശതമാനവും ഇത്തരത്തിലുള്ളവയാണ്. പിന്നാക്ക ജാതിക്കാർ പിന്നാക്ക ജാതികളിൽപ്പെട്ട വനിതാനേതാക്കൾക്ക് മുന്നാക്കക്കാരെ അപേക്ഷിച്ച് 59 ശതമാനത്തിലേറെയാണ് ജാതിപരമായി അധിക്ഷേപിച്ചു സന്ദേശങ്ങൾ ലഭിക്കുന്നത്. പിന്നാക്കജാതിയിൽപ്പെട്ട നേതാക്കൾക്കു ലഭിക്കുന്ന സന്ദേശങ്ങളിൽ 8.6 ശതമാനം ജാത്യാധിക്ഷേപങ്ങളാണ്. മുന്നാക്കസമുദായങ്ങളിൽപ്പെട്ട നേതാക്കൾക്കു ലഭിക്കുന്ന സന്ദേശങ്ങളിൽ 5.4 ശതമാനം ഇത്തരത്തിലുള്ളവയാണ്. Content Highlights:women leaders are not safe in twitter too
from mathrubhumi.latestnews.rssfeed https://ift.tt/2uuBiAE
via
IFTTT
No comments:
Post a Comment