ചങ്ങനാശ്ശേരി: കേരളത്തിൽ വർഗീയരാഷ്ട്രീയം തടയുന്നതിൽ എൻ.എസ്.എസിന്റെ പങ്ക് നിർണായകമാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. പെരുന്നയിൽ 143-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങൾക്കും തുല്യപരിഗണന നല്കുന്ന മതേതര രാജ്യമാണ് മന്നത്ത് പത്മനാഭൻ സ്വപ്നം കണ്ടത്. കേരള നവോത്ഥാനചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങൾക്കും സാമൂഹികനീതിക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ധർമസമരങ്ങൾക്ക് നേതൃത്വം കൊടുക്കാനും മന്നത്തിന് കഴിഞ്ഞെന്നും പെരുന്തോട്ടം പറഞ്ഞു. രാഷ്ട്രീയത്തിൽ മതം എന്നതുപോലെ മതത്തിന്റെ വിശ്വാസ ആചാരങ്ങളിൽ രാഷ്ട്രീയവും കൈകടത്തരുത്. മതാചാരസംബന്ധമായ മാറ്റം മതത്തിൽതന്നെ രൂപംകൊള്ളണം, അടിച്ചേൽപ്പിക്കരുത്. ശബരിമലവിഷയം മതവികാരങ്ങളെ വ്രണപ്പെടുത്തുകയും അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്തപ്പോൾ എൻ.എസ്.എസ്. ധീരമായ നിലപാടെടുത്തു. അതിന്റെ ഫലം രാഷ്ട്രീയകേരളം കണ്ടറിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് മേഖലയിലും പൊതുവിദ്യാഭ്യാസത്തിലും തടസ്സങ്ങൾ സൃഷ്ടിക്കുന്ന സർക്കാർ നടപടികൾ സ്വകാര്യ മാനേജ്മെന്റുകളുടെ സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിർവീര്യമാക്കുകയാണ്. പാർട്ടി രാഷ്ട്രീയം വളർത്താനുള്ളതല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഈ മേഖലയിലെ പ്രശ്നങ്ങളിൽ എൻ.എസ്.എസിനൊപ്പം സഭയും ചേർന്ന് പ്രവർത്തിക്കും- മാർ പെരുന്തോട്ടം പറഞ്ഞു. എൻ.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സി.രാധാകൃഷ്ണൻ, ആരോഗ്യ സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. എം.കെ.സി.നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്വാഗതവും ട്രഷറർ ഡോ. എം.ശശികുമാർ നന്ദിയും പറഞ്ഞു. മതിലുകൾ കെട്ടിയല്ല നവോത്ഥാനം നടപ്പാക്കേണ്ടത്- സി.രാധാകൃഷ്ണൻ ചങ്ങനാശ്ശേരി: മതിലുകൾ കെട്ടിയല്ല നവോത്ഥാനം നടപ്പാക്കേണ്ടതെന്ന് സാഹിത്യകാരൻ സി.രാധാകൃഷ്ണൻ. എല്ലാ മതിലുകളും പൊളിക്കുകയാണ് വേണ്ടത്. മതിലിന് അപ്പുറവും ഇപ്പുറവുമുണ്ട്. അത് നിങ്ങളും ഞങ്ങളും എന്ന ചിന്ത കൊണ്ടുവരും. നമ്മളെന്നത് മറയും. മന്നം ജയന്തി സമ്മേളനത്തിൽ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു സി.രാധാകൃഷ്ണൻ. എല്ലാ തരത്തിലും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നത്. സത്യം വിളിച്ചുപറയാൻ എഴുത്തുകാർക്ക് പോലും കഴിയാത്ത അവസ്ഥയാണ്. ഭരണാധികാരികൾ എല്ലാവരെയും ഉൾക്കൊള്ളാതിരിക്കുന്നത് വലിയ തകർച്ചക്കിടയാക്കും. ഇങ്ങോട്ട് വന്നവർക്ക് ജീവിക്കാനും പ്രാർഥിക്കാനുമുള്ള എല്ലാ സൗകര്യവും നൽകിയതാണ് കേരളത്തിന്റെ സംസ്കാരം. കടന്നുവന്നവരാരും എത്തിയത് ആയുധങ്ങളുമായിട്ടായിരുന്നില്ല. നല്ല മനസുമായിട്ടായിരുന്നു. ഇതാണ് കേരളത്തെ ഐക്യത്തോടെ നിലനിർത്തിയത്. ഈ സംസ്കാരം തകർക്കാൻ ആരെയും അനുവദിക്കരുതെന്നും സി.രാധാകൃഷ്ണൻ പറഞ്ഞു. Content Highlights:Communal politics-NSS-mar joseph perumthottam
from mathrubhumi.latestnews.rssfeed https://ift.tt/2MQhwWW
via
IFTTT
No comments:
Post a Comment