കോട്ടയ്ക്കൽ: കല്യാണം ഇനി അത്ര എളുപ്പമല്ല മാറാക്കരക്കാർക്ക്! പാർട്ടിയും സദ്യയുമൊക്കെ അടിച്ചുപൊളിച്ച് നടത്താമെങ്കിലും ഹരിതചട്ടം പാലിച്ചില്ലെങ്കിൽ സർട്ടിഫിക്കറ്റ് കിട്ടില്ല, പിഴയൊടുക്കുകയും വേണം. നോട്ടീസ് നൽകിയോ കണ്ണുരുട്ടിയോ അല്ല പഞ്ചായത്ത് ഇത് നടപ്പാക്കുന്നത്. കല്യാണവീട്ടുകാർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തുകൊടുത്താണ്. ഇതിനായി ഏഴായിരം പ്ലേറ്റുകളും അത്രയും സ്റ്റീൽഗ്ലാസുകളും വാങ്ങി. ആവശ്യമുള്ളവർക്കെല്ലാം വാടകയില്ലാതെ പഞ്ചായത്തുതന്നെ ഇത് എത്തിച്ചുനൽകും. ചട്ടങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടന്നതെന്ന് വാർഡ് കൗൺസിലറും സി.ഡി.എസ്. അധ്യക്ഷനും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് സാക്ഷ്യപ്പെടുത്തണം. എങ്കിലേ പഞ്ചായത്ത് ഓഫീസിൽനിന്ന് വിവാഹസർട്ടിഫിക്കറ്റ് കിട്ടൂ. 'ക്ലീൻ മാറാക്കര' പദ്ധതിയുടെ ഭാഗമായാണ് ഇങ്ങനെയൊരു ആശയം നടപ്പാക്കിയതെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പള്ളിമാലിൽ മുഹമ്മദലി പറഞ്ഞു. എ.പി. മൊയ്തീൻകുട്ടി പ്രസിഡന്റായിരിക്കെ 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പത്തുലക്ഷംരൂപ മുടക്കിയാണ് പ്ലേറ്റും ഗ്ലാസും വാങ്ങിയത്. ഇക്കഴിഞ്ഞ ഡിസംബർ 21 മുതൽ ആവശ്യക്കാർക്ക് നൽകാനും തുടങ്ങി. മികച്ച പ്രതികരണമാണ് സംവിധാനത്തിന് ലഭിക്കുന്നതെന്ന് ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ പറഞ്ഞു. ധാരാളംപേർ ഇത് പ്രയോജനപ്പെടുത്തി. നാല് വിവാഹങ്ങൾക്ക് ഹരിത സാക്ഷ്യപത്രവും നൽകി. കുടുംബശ്രീയും ഹരിത കർമസേനാംഗങ്ങളും ചേർന്നാണ് പ്ലേറ്റ് എത്തിക്കുന്നതും കഴുകിവൃത്തിയാക്കി തിരിച്ചുകൊണ്ടുവരുന്നതുമെല്ലാം. സർവീസ് ചാർജായി ഒരു പ്ലേറ്റിനും ഗ്ലാസിനും കൂടി മൂന്നുരൂപ ഈടാക്കുന്നതല്ലാതെ വാടകയില്ല. പുറത്തുനിന്നാണെങ്കിൽ ആറുരൂപയാണ് പ്ലേറ്റിനും ഗ്ലാസിനും വാടക. കഴുകുന്നതിനും കൊണ്ടുവരുന്നതിനും വേറേ പണവുംനൽകണം. അടുത്ത പദ്ധതിയിൽ കല്യാണങ്ങൾക്ക് ആവശ്യമുള്ള മുഴുവൻ പാത്രങ്ങളും വാങ്ങാനാണ് പഞ്ചായത്തിന്റെ പരിപാടി. ജനുവരിയിൽത്തന്നെ മാറാക്കരയിലെ മുഴുവൻ സ്കൂളുൾ കുട്ടികൾക്കും തുണിസഞ്ചികളും പേപ്പർപേനകളും നൽകും. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളെ ഇതിന്റെ ജോലി ഏൽപ്പിച്ചു. അവർക്കൊരു വരുമാനമാകാനാണിത്. മുൻപ് കടകളിൽ പൊതിയാനുപയോഗിച്ചിരുന്ന പേപ്പർകവറുകൾ എല്ലാകടകളിലും നിർബന്ധമാക്കുകയാണ്. ഇതിനുള്ള പരിശീലനവും നൽകും. ദാ, ഇവരുമുണ്ട് ഒരുവർഷം മുമ്പ് മലപ്പുറം നഗരസഭയും വിവാഹസൽക്കാരങ്ങൾ ഹരിതമാക്കാൻ പ്ലേറ്റും ഗ്ലാസും നൽകിത്തുടങ്ങിയിരുന്നു. കുടുംബശ്രീ യൂണിറ്റിനാണ് ചുമതല. 500 സ്റ്റീൽപ്ലേറ്റും 500 ഗ്ലാസുമാണ് മലപ്പുറം നഗരസഭ വാങ്ങിയത്. ദൂരദർശന്റെ റിയാലിറ്റിഷോയിൽ ഇവർക്ക് ഒരുലക്ഷം രൂപയുടെ പ്രോത്സാഹനസമ്മാനം ലഭിച്ചു. Content Highlights:green wedding initiative, panchayat will provide glass and plates in marakkara
from mathrubhumi.latestnews.rssfeed https://ift.tt/37D1iIG
via
IFTTT
No comments:
Post a Comment