തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ക്രമക്കേടുകൾക്കെതിരേ ഉയർന്ന പരാതിയിൽ കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന മുൻ വിജിലൻസ് കമ്മിഷണറും ഡി.ജി.പി. കേഡറിലുള്ള ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസ് ഉൾപ്പെടെ മൂന്നംഗസംഘമാണ് അന്വേഷിക്കുക. ഭരണസമിതിയംഗവും മുൻ ഡി.ജി.പി.യുമായ ടി.പി. സെൻകുമാർ നൽകിയ പരാതിയിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഇൻസ്റ്റിറ്റ്യൂട്ടെങ്കിലും സംസ്ഥാനസർക്കാരിന്റെ പ്രതിനിധികൾ ഭരണസമിതിയിലുണ്ട്. ശ്രീചിത്രയിൽ ഡയറക്ടറുടെ ഏകാധിപത്യമാണെന്നും ഈ നിലയിൽ സ്ഥാപനത്തിനു മുന്നോട്ടുപോകാനാകില്ലെന്നുമാണ് സെൻകുമാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു നൽകിയ പരാതിയുടെ കാതൽ. സംസ്ഥാനസർക്കാരുമായി ഇടയുകയും പിന്നീട് ബി.ജെ.പി. സഹയാത്രികനാകുകയും ചെയ്ത സെൻകുമാറിന്റെ പരാതിയിൽ സംസ്ഥാനസർക്കാരുമായി ഏറ്റുമുട്ടിനിൽക്കുന്ന ജേക്കബ് തോമസ് ഉൾപ്പെട്ട സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചത് ശ്രദ്ധേയമാണ്. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ ഡോ. ഗോവർധൻ മേത്ത, നിംഹാൻസ് ഡയറക്ടറും വൈസ് ചാൻസലറുമായ ഡോ. ബി.എൻ. ഗംഗാധരൻ എന്നിവരാണ് മറ്റംഗങ്ങൾ. ജനുവരി 31-നകം റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് അണ്ടർ സെക്രട്ടറി ടി. ലളിത്കുമാർ സിങ്ങിന്റെ ഉത്തരവിൽ നിർദേശിക്കുന്നു. സെൻകുമാറിന്റെ ആരോപണങ്ങൾ * നാലും അഞ്ചും പേറ്റന്റ് ഉള്ളവർക്കുപോലും ശ്രീചിത്രയിൽ ജോലികിട്ടില്ല. അവരെ തഴഞ്ഞ് താഴ്ന്ന യോഗ്യതയുള്ളവരെ എടുക്കും * നിയമനത്തിൽ സ്വജനപക്ഷപാതം. പട്ടികജാതി-വർഗ സംവരണം പാലിക്കാറില്ല * തിരഞ്ഞെടുപ്പുസമിതിയിൽ ആ വിഭാഗത്തിൽനിന്നുള്ളവർ വേണമെന്നുണ്ടെങ്കിലും അവർക്ക് അഭിമുഖത്തിൽ മാർക്കിടാനുള്ള അധികാരം നൽകാറില്ല. ഫലത്തിൽ അവർ കാണികളായിമാറുന്നു * നിസ്സാരകാര്യങ്ങൾക്കുപോലും ഡോക്ടർമാർക്ക് മെമ്മോ നൽകും. പലർക്കും ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുമ്പോഴാകും മെമ്മോ കിട്ടുക. ഇത് മനസ്സാന്നിധ്യം നഷ്ടമാക്കും * ഇഷ്ടമില്ലാത്തവരുടെ സ്ഥാനക്കയറ്റം തടയും. ഇതിനെതിരേ പരാതിനൽകാനുള്ള സംവിധാനമില്ല * രാത്രി ഒൻപതുമണിവരെ ഒ.പി. നടത്താൻ ഡോക്ടർമാർ തയ്യാറാണെങ്കിലും നാലുമണിയായി അത് പരിമിതപ്പെടുത്തിയത് രോഗികൾക്ക് ബുദ്ധിമുട്ടായി * ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി അനാവശ്യ തസ്തികകൾ സൃഷ്ടിച്ചതിനാൽ ഏതന്വേഷണവും നേരിടാം ഏതന്വേഷണവും നേരിടാൻ തയ്യാറാണ്. നിയമനങ്ങളും സ്ഥാനക്കയറ്റവും അടക്കമുള്ള നടപടി നിർവഹിക്കുന്നത് അതത് ഉന്നതാധികാര സമിതികളാണ്. പുറത്തുനിന്നുള്ള നിഷ്പക്ഷ നിരീക്ഷകരും സമിതിയിൽ ഉൾപ്പെടുന്നുണ്ട്. ഒരാൾക്കു മാത്രമായി നിയമനകാര്യത്തിൽ തീരുമാനമെടുക്കാനാവില്ല. ഡോക്ടർമാർക്ക് അനാവശ്യ മെമ്മോ നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഒരാൾക്ക് മാത്രമാണ് അടുത്തകാലത്ത് മെമ്മോ നൽകിയത്. വൈകീട്ടും രാത്രിയും ഒ.പി. നടത്താനാവശ്യമായ ജീവനക്കാർ ഇവിടെയില്ല. അടിയന്തര സാഹചര്യത്തിലെത്തുന്ന രോഗികളെ പരിശോധിക്കാൻ 24 മണിക്കൂറും സൗകര്യമുണ്ട്. -ശ്രീചിത്ര അധികൃതർ Content Highlights;central investigation against sree chitra institute
from mathrubhumi.latestnews.rssfeed https://ift.tt/37wO8ge
via
IFTTT
No comments:
Post a Comment