തിരുവനന്തപുരം: ലോക കേരളസഭയെ തള്ളിപ്പറഞ്ഞ പ്രതിപക്ഷത്തിനെതിരേ പരോക്ഷ വിമർശനവുമായി പ്രവാസി വ്യവസായി എം.എ. യൂസഫലി. ഇവിടെയിരിക്കാൻ കുറെ നല്ല കസേരകളുണ്ടാക്കി, അത് ആർഭാടമാണെന്നൊക്കെ പറഞ്ഞുള്ള വിവാദം കേട്ടു. ഇതിലും നല്ല കസേരയിൽ ഇരിക്കുന്നവരാണ് ഇവിടെയെത്തിയ മിക്ക പ്രതിനിധികളും. പ്രവാസികൾ നൽകുന്ന സഹായവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് എത്ര ചെറുതാണ്. ഇതിലും നല്ലകസേരയിൽ ഇരിക്കാൻ യോഗ്യരാണ് പ്രവാസികളെന്നും യൂസഫലി പറഞ്ഞു. ലോകകേരള സഭയുടെ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പ്രവാസി നിക്ഷേപത്തിന് അനുകൂലമായ മാറ്റമുണ്ടാക്കാൻ മുഖ്യമന്ത്രിക്കും സർക്കാരിനും കഴിഞ്ഞിട്ടുണ്ട്. വലിയ നിക്ഷേപസ്ഥാപനമായ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി അധികൃതരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതിനു പിന്നാലെ, അവർ കേരളത്തിലെത്തുകയും ഇവിടെ സംരംഭം തുടങ്ങാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. പ്രവാസി പുനരധിവാസത്തിന് സാഹചര്യമൊരുക്കുകയാണു വേണ്ടത്. അതിന് പുതിയ സംരംഭങ്ങളുണ്ടാകണം. ചില ഉദ്യോഗസ്ഥർ ഇപ്പോഴും അതിന് തടസ്സം നിൽക്കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു. മരട് ഫ്ളാറ്റ് പൊളിക്കേണ്ടിവന്നപ്പോൾ പല പ്രവാസികൾക്കും നഷ്ടമുണ്ടായി. ഇതൊരു പാഠമാണ്. പ്രവാസികളുടെ നിക്ഷേപത്തിന് സുരക്ഷിതത്വം നൽകാൻ സർക്കാരിനാവണം. അതിനായി പ്രവാസി നിക്ഷേപ സംരക്ഷണ നിയമമുണ്ടാക്കണം. പ്രവാസികളുടെ കാര്യത്തിൽ എല്ലാവരും ഒന്നിക്കണമെന്നും യൂസഫലി പറഞ്ഞു. ലോകമാറ്റം ഉൾക്കൊണ്ടുള്ള പഠനരീതി വേണം - രവിപിള്ള ലോകവ്യവസായത്തിൽ വലിയ മാറ്റമുണ്ടാകുന്ന ഘട്ടമാണിതെന്ന് ഡോ. രവിപിള്ള. നിർമിതബുദ്ധി, ഇ-കൊമേഴ്സ് തുടങ്ങിയ രീതിയിലേക്ക് വ്യവസായമേഖല മാറുകയാണ്. ഇതനുസരിച്ചാണ് ഇനിയുള്ള തൊഴിലവസരങ്ങളുണ്ടാകുന്നത്. അതിനാൽ മാറുന്ന ലോകസാഹചര്യം ഉൾക്കൊണ്ട് നമ്മുടെ പാഠ്യരീതിയിലും മാറ്റമുണ്ടാകണം. ഇറ്റലി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇനി തൊഴിലവസരങ്ങളുണ്ടാകാൻ സാധ്യത ഏറെയുള്ളത്. അതിനായി, സാങ്കേതിക പഠനത്തിൽ മാത്രമല്ല, ഭാഷാപഠനത്തിലും ശ്രദ്ധവേണമെന്നും അദ്ദേഹം പറഞ്ഞു. വേണം പ്രവാസി സർവകലാശാല -ഡോ. ആസാദ് മൂപ്പൻ കുട്ടികളുടെ വിദ്യാഭ്യാസമാണ് ഇപ്പോൾ പ്രവാസികളെ അലട്ടുന്ന പ്രധാന പ്രശ്നമെന്ന് ഡോ. ആസാദ് മൂപ്പൻ. വിദേശത്തു പഠിക്കുന്നവർക്ക് പല മത്സരപരീക്ഷകളിലും പങ്കെടുക്കാൻ അവസരമില്ലാത്ത അവസ്ഥയാണ്. അതിനാൽ, കുടുംബം നാട്ടിലേക്ക് പറിച്ചുമാറ്റേണ്ടിവരുന്ന സ്ഥിതിയുണ്ട്. ഇതു പരിഹരിക്കാൻ പ്രവാസി സർവകലാശാല സ്ഥാപിക്കണം. പ്രവാസികൾക്ക് പ്രത്യേക ഇൻഷുറൻസ് പദ്ധതി തുടങ്ങണം. പ്രവാസജീവിതം നയിക്കുമ്പോൾ വിഹിതം നൽകുകയും നാട്ടിലെത്തുന്നതോടെ വർഷത്തിൽ അതിൽനിന്ന് പ്രതിഫലം ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഇതിനു നിർദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകകേരള സഭയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻകൂടിയാണ് ആസാദ് മൂപ്പൻ. പ്രവാസി പുനരധിവാസ പദ്ധതി, പ്രവാസി പെൻഷൻ പദ്ധതി, പ്രവാസി സഹകരണസംഘം തുടങ്ങി നേരത്തേ സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ച കാര്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചുകഴിഞ്ഞു. അത് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരിരക്ഷാ പദ്ധതിയുമായി റസൂൽ പൂക്കുട്ടി സാങ്കേതികസംവിധാനം ഉപയോഗപ്പെടുത്തി ആരോഗ്യ പരിരക്ഷാപദ്ധതി നടപ്പാക്കാനുള്ള പദ്ധതിരേഖ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി മുഖ്യമന്ത്രിക്കു കൈമാറി. ജന്മനാടായ അഞ്ചൽ മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്യാനുദ്ദേശിക്കുന്ന പദ്ധതിയാണ് റസൂൽ പൂക്കുട്ടി മുഖ്യമന്ത്രിക്കു കൈമാറിയത്. പ്രാഥമികാരോഗ്യ കേന്ദ്രം വഴി രക്തപരിശോധന നടത്തുകയും ആ വിവരങ്ങൾ ഉൾപ്പെടുത്തി ഓൺലൈൻ ഡേറ്റാബേസ് ഉണ്ടാക്കുകയുമാണു ചെയ്യുന്നത്. പ്രവാസിപങ്കാളിത്ത സംരംഭങ്ങൾ വേണം -ഗോകുലം ഗോപാലൻ പുതിയ സംരംഭങ്ങൾ തുടങ്ങാൻ പ്രവാസികൾക്ക് പങ്കാളിത്തമുള്ള കമ്പനികളുണ്ടാകണമെന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ. ആശുപത്രി, ഹോട്ടൽ ശൃംഖലകൾ കേരളത്തിലുടനീളം സ്ഥാപിക്കാൻ ഇത്തരത്തിൽ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പ്രവാസിക്കും പങ്കാളിയാകാനാകുന്ന വിധം ഇത്തരം കമ്പനികളെ ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2FdBLcz
via
IFTTT
No comments:
Post a Comment