ന്യൂഡൽഹി: മലങ്കര സഭാതർക്ക വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ ലിസ്റ്റ് ചെയ്ത കേസ് തിങ്കളാഴ്ച പരിഗണിക്കുമ്പോൾ ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ ആകാംക്ഷയിൽ. വിവിധ കോടതികളിൽ ഓർത്തഡോക്സ്- യാക്കോബായ തർക്കവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസുകളെക്കുറിച്ച് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകിയ റിപ്പോർട്ടാണ് സുപ്രീംകോടതി പരിശോധിക്കുക. ഇരുനൂറോളം കേസുകളുടെ കാര്യത്തിൽ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് എന്തു തീരുമാനമെടുക്കുമെന്നാണ് ഇരുവിഭാഗവും ഉറ്റുനോക്കുന്നത്. ഇടവകാംഗങ്ങളുടെ മൃതദേഹം പള്ളിസെമിത്തേരിയിൽ സംസ്കരിക്കുന്നത് അവകാശമാക്കി സംസ്ഥാനസർക്കാർ ഓർഡിനൻസ് ഇറക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ച് പുറത്തിറങ്ങിയിട്ടില്ലാത്തതിനാൽ അതിനെ ചോദ്യംചെയ്യുന്ന കേസുകളില്ല. എന്നാൽ, തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ ഓർഡിനൻസിനെക്കുറിച്ച് അഭിഭാഷകർ ശ്രദ്ധയിൽപ്പെടുത്തിയാൽ സുപ്രീംകോടതി നടത്തുന്ന പരാമർശം നിർണായകമാകും. കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ പ്രവേശനം റദ്ദാക്കിയത് മറികടക്കാൻ സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് മുമ്പ് റദ്ദാക്കിയത് ജസ്റ്റിസ് അരുൺ മിശ്രയുടെതന്നെ ബെഞ്ചാണ്. മലങ്കര സഭയ്ക്കുകീഴിലെ പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് ഇനിയൊരു കേസും പാടില്ലെന്നും തങ്ങളുടെ വിധി പാലിക്കാൻ എല്ലാ കോടതികൾക്കും ബാധ്യതയുണ്ടെന്നും സെപ്റ്റംബർ ആറിന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി ഉൾപ്പെടെ കേരളത്തിലെ ഒരു കോടതിയും സുപ്രീംകോടതിയുടെ വിധി ലംഘിക്കുന്ന ഉത്തരവുകളിറക്കരുതെന്നും അങ്ങനെയുണ്ടായാൽ വളരെ ഗൗരവത്തോടെ കാണുമെന്നും ജസ്റ്റിസ് മിശ്ര മുന്നറിയിപ്പുനൽകി. തുടർന്ന്, വിവിധ കോടതികളിലെ കേസുകളുടെ കണക്ക് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് നിർദേശിക്കുകയായിരുന്നു. റിപ്പോർട്ടിൽ പറയുന്ന ഇരുനൂറോളം കേസുകളിൽ സുപ്രീംകോടതി എന്തു തീരുമാനമെടുക്കുമെന്നാണ് അറിയാനുള്ളത്. ആ കേസുകളെല്ലാം സുപ്രീംകോടതിയിൽ തീർപ്പാക്കുക, നിശ്ചിത സമയത്തിനകം തീർപ്പാക്കാൻ ബന്ധപ്പെട്ട കോടതികൾക്ക് നിർദേശം നൽകുക, 2017 ജൂലായ് മൂന്നിന്റെ പ്രധാന വിധിക്കനുസരിച്ച് തീർപ്പാക്കാൻ ആവശ്യപ്പെടുക തുടങ്ങിയ സാധ്യതകളാണുള്ളത്. സഭാതർക്കത്തിലെ സമാനമായ കേസുകളെല്ലാം 2017 ജൂലായ് മൂന്നിന്റെ വിധിക്കനുസരിച്ച് തീർപ്പാക്കണമെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് വിവിധ ഉത്തരവുകളിൽ വ്യക്തമാക്കിയിരുന്നു. അതിനിടെ, എറണാകുളം കണ്ടനാട് പള്ളിയിൽ യാക്കോബായ വിഭാഗത്തിനും പ്രാർഥനനടത്താൻ അനുമതി നൽകിയ ഹൈക്കോടതിയുത്തരവ് സെപ്റ്റംബർ ആറിന് റദ്ദാക്കിക്കൊണ്ട് രൂക്ഷവിമർശനമാണ് ജഡ്ജിക്കെതിരേ ജസ്റ്റിസ് അരുൺ മിശ്ര നടത്തിയത്. Content Highlights:Malankara church Supreme court
from mathrubhumi.latestnews.rssfeed https://ift.tt/37DA847
via
IFTTT
No comments:
Post a Comment