കൊച്ചി: ഗോൾഡൻ കായലോരം ആറ് സെക്കൻഡിൽ നിലംപതിക്കും. ജെയിൻ കോറൽകോവ് എട്ട് സെക്കന്റിലും എച്ച്.ടു.ഒ. ഒൻപത് സെക്കൻഡിലും നിലംപതിക്കും. വെറും 23 സെക്കൻഡ് മാത്രമാണ് ഫ്ളാറ്റുകൾ പൊളിക്കാൻ വേണ്ട ആകെ സമയം . നോക്കി നിൽക്കുന്നവർക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസ്സിലാകില്ല. അത്ര വേഗം കെട്ടിടം ഭൂമിയിൽ പതിക്കും. പൊടി ഉയരുന്നത് മാത്രമായിരിക്കും കാണുക. കെട്ടിടം തകർന്നു വീഴുന്നത് കൃത്യമായി മനസ്സിലാക്കാനായി എല്ലാം ഷൂട്ട് ചെയ്യുന്നുണ്ട്. ഇതിനായി എട്ട് ക്യാമറയും നാല് ഡ്രോണും ഉപയോഗിക്കും. ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ.യും ഗോൾഡൻ കായലോരവും ജെയിൻ കോറൽകോവും സ്ഫോടനത്തിലൂടെ തകർക്കാനുള്ള ഏല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് കരാർ ഏറ്റെടുത്തിരിക്കുന്ന എഡിഫിസ് എൻജിനീയറിങ്ങിന്റെയും ജെറ്റ് ഡെമോളിഷന്റെയും എൻജിനീയർമാർ പറഞ്ഞു. ജെറ്റ് ഡെമോളിഷൻ എം.ഡി. ജോബ് ബ്രിങ്മാൻ, പ്രോജക്ട് തലവൻ കെവിൻ സ്മിത്ത്, സുരക്ഷാ ചുമതലയുള്ള മാർട്ടിനസ്, എഡിഫിസ് പ്രതിനിധികളായ മയൂർ മേത്ത, ഉൽകർഷ മേത്ത എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. ഈ മൂന്നു കെട്ടിടങ്ങൾ തകർക്കാനുള്ള ചുമതലയാണ് ഈ കമ്പനികൾക്കുള്ളത്. മൂന്ന് കെട്ടിടങ്ങളിലും സ്ഫോടക വസ്തുക്കൾ നിറച്ചുകഴിഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞും വ്യാഴാഴ്ചയുമായി അവസാനഘട്ട പരിശോധനകൾ പൂർത്തിയാക്കും. ശനിയാഴ്ച രാവിലെ കൃത്യം 11 മണിക്ക് തന്നെ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ. സ്ഫോടനത്തിലൂടെ തകർക്കും. പരിസരത്തെ കെട്ടിടങ്ങൾക്കോ കായലിനോ ഭീഷണിയാകാത്ത വിധം കെട്ടിടങ്ങൾ തകർക്കാനാകുമെന്ന ആത്മവിശ്വാസമാണ് എൻജിനീയർമാർ പങ്കുവെച്ചത്. ചാർജ് ചെയ്യുക 71 മീറ്റർ അകലെ നിന്ന് കെട്ടിടത്തിൽനിന്ന് 71 മീറ്ററോളം അകലെ നിന്നായിരിക്കും സ്ഫോടനത്തിനുള്ള ചാർജിങ്ങിനായി സ്വിച്ച് അമർത്തുക. അഞ്ച് പേരായിരിക്കും ഇവിടെ ഉണ്ടാകുക. ഖനിയിലും മറ്റും ഉപയോഗിക്കുന്ന സ്ഫോടകവസ്തുവാണ് കെട്ടിടം തകർക്കാനും ഉപയോഗിക്കുന്നത്. ഇംപ്ലോഷന് സഹായിക്കുന്ന വിധം പായ്ക്ക് ചെയ്താണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഫ്യൂസ് രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. കട്ടി കൂടിയ ഡയമെറ്റിക് ട്യൂബിലൂടെയായിരിക്കും സ്ഫോടകവസ്തുവിലേക്ക് ജ്വലനം പകരുക. സെക്കൻഡിൽ 2000 മീറ്റർ വേഗത്തിൽ ഇതിലൂടെ ജ്വലനം ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കും. പ്രവർത്തനം പഠിക്കും ഇനിയുള്ള രണ്ട് ദിവസം ചാർജിങ് സംവിധാനത്തിന്റെ പ്രവർത്തനം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനായുള്ള പരിശോധന നടക്കും. സ്ഫോടകവസ്തു നിറച്ചിരിക്കുന്ന ഓരോ ദ്വാരത്തിലേക്കും രണ്ട് വീതം കണക്ഷനുകൾ നൽകിയിട്ടുണ്ട്. ഒന്നിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ പകരമായി മറ്റൊന്ന് ഉപയോഗിക്കാനാണിത്.71 മീറ്റർ അകലെയായി ഇരിക്കുന്ന ഡൈനാമോയിൽ നിന്നാകും ഇലക്ട്രിക് ചാർജ് പുറപ്പെടുക. വയറിലൂടെ വിടുന്ന ചാർജ് ഇലക്ട്രിക് ഡിറ്റനേറ്ററിലേക്ക് എത്തും. അവിടെ നിന്ന് പുറപ്പെടുന്ന ജ്വലനം ഷോക്ക് ട്യൂബിലൂടെ സ്ഫോടകവസ്തു വെച്ചിരിക്കുന്ന ദ്വാരങ്ങളിലെത്തും. ചാർജ് ചെയ്യാൻ വേണ്ടത് സെക്കൻഡുകൾ ഇത്തരത്തിൽ സ്ഫോടകവസ്തു ചാർജ് ചെയ്യാൻ സെക്കൻഡുകൾ മാത്രം മതി. കായലോരം രണ്ട് സെക്കൻഡിലും ജെയിനിൽ നാല് സെക്കൻഡിലും എച്ച്.ടു.ഒ.യിൽ അഞ്ച് മുതൽ ആറ് സെക്കൻഡിലും ചാർജ് ചെയ്യാനാകും. കായലോരം വീഴിക്കുക രണ്ട് ദിശയിലേക്ക് കായലോരം ഫ്ലാറ്റിനു സമീപത്തുള്ള അങ്കണവാടിക്കും ബഹുനില കെട്ടിടത്തിനും യാതൊരു തകരാറും ഉണ്ടാകാത്ത വിധമായിരിക്കും കെട്ടിടം വീഴിക്കുക. കെട്ടിടത്തിന്റെ 11 നില വരെ തെക്കുകിഴക്കായിട്ടായിരിക്കും വീഴിക്കുക. ഈ ഭാഗത്ത് കൂടുതൽ സ്ഥലം കിട്ടുന്നതിനാലാണിത്.പിന്നീടുള്ള ആറ് നിലകൾ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് അല്പം ചെരിച്ചും വീഴിക്കും. എച്ച്.ടു.ഒ. ജലപാതം പോലെ നിലത്തേക്ക് എച്ച്.ടു.ഒ. ഫ്ലാറ്റ് കെട്ടിടത്തിൽ കായലിനരികത്തുനിന്നായിരിക്കും സ്ഫോടനം തുടങ്ങുക. കായലിലേക്ക് കെട്ടിടം വീഴാതിരിക്കുന്നതിനു വേണ്ടിയാണിത്. പാലത്തിനും തകരാർ ഉണ്ടാകുന്നില്ലെന്ന് ഇതിലൂടെ ഉറപ്പുവരുത്തും. ജലപാതം പോലെ എച്ച്.ടു.ഒ. കെട്ടിടം നിലംപതിക്കും. ഒരു അരികിൽനിന്ന് തുടങ്ങി എതിർ വശത്തേക്ക് പോകുന്ന രീതിയിലാണ് സ്ഫോടനം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലൂടെ പ്രകമ്പനം കുറയ്ക്കാനും കഴിയും. ജെയിൻ നേരെ താഴോട്ട് ജെയിൻ കോറൽകോവും കായൽ തീരത്തുനിന്നായിരിക്കും തകർത്ത് തുടങ്ങുക. കിഴക്ക് നിന്ന് തുടങ്ങുന്ന സ്ഫോടനം പടിപടിയായി പടിഞ്ഞാറേ ഭാഗത്തേക്ക് നീങ്ങും. അഞ്ച് മുതൽ ആറ് സെക്കൻഡ് സമയത്തിനുള്ളിൽ ഇത് പൂർത്തിയാകും. ജെയിൻ കോറൽകോവ് പൂർണമായും നേരെ താഴോട്ടാണ് വീഴിക്കുക. കിഴക്ക് ഭാഗത്ത് കായലും പടിഞ്ഞാറ് ഭാഗത്ത് വീടും ഉള്ളതിനാലാണ് കെട്ടിടം നേരെ താഴേക്ക് വീഴിക്കുന്നത്. പൊട്ടിച്ചിതറാതിരിക്കാൻ മുന്നൊരുക്കം വലിയ കോൺക്രീറ്റ് കട്ടകൾ കായലിൽ പതിക്കാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. മൂന്നു തരത്തിലുള്ള സുരക്ഷയാണ് ഇതിനായി നടത്തിയിരിക്കുന്നത്. നാല് പാളികളായി കമ്പിവലകൾ ചുറ്റിയിട്ടുണ്ട്. ഇതിനു പുറമെ ജിയോ ടെക്സ്റ്റൈലുംപല പാളികളായി ചുറ്റിയിട്ടുണ്ട്. ഇതിനു പുറമെ സ്ഫോടനം നടത്തുന്ന ദിവസം സമീപമുള്ള കെട്ടിടത്തിന്റെ ഭാഗത്ത് വീണ്ടും ജിയോ ടെക്സ്റ്റൈൽതുണി ചുറ്റും. കെട്ടിടത്തിന്റെ ഭിത്തി നീക്കം ചെയ്തതിനാൽ സ്ഫോടനം നടക്കുമ്പോൾ യാതൊന്നും പൊട്ടിച്ചിതറുകയില്ല. പൊടി 10 മിനിറ്റിൽ ശമിക്കും കെട്ടിടം തകരുമ്പോൾ അന്തരീക്ഷത്തിൽ നിറയുന്ന പൊടി പത്ത് മിനിറ്റിനുള്ളിൽ ശമിക്കും. പത്ത് മിനിറ്റ് കഴിയുന്നതോടെ ഫയർ എൻജിനിൽനിന്ന് വെള്ളം പമ്പ് ചെയ്യും. ഇതിനായി അഞ്ച് ഫയർ യൂണിറ്റ് ഉപയോഗിക്കും. മൂന്ന് കെട്ടിടം തകർക്കുമ്പോഴും ഇതായിരിക്കും പദ്ധതി. അത്യാഹിതം ഉണ്ടായാൽ രക്ഷപെടാനും സംവിധാനം ഏതെങ്കിലും തരത്തിലുള്ള അത്യാഹിതമുണ്ടായാൽ ഫയർ സോണിനുള്ളിലുള്ളവർക്ക് രക്ഷപെടാനുള്ള സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. സ്ഫോടനത്തിന് ചുമതലയുള്ളവർ മാത്രമായിരിക്കും ഫയർ സോണിൽ ഉണ്ടാകുക. വെല്ലുവിളി കായലോരവും ജെയിനും മൂന്ന് കെട്ടിടങ്ങളിൽ സമീപം അങ്കണവാടിയുള്ള ഗോൾഡൻ കായലോരവും വീടുകളുള്ള ജെയിനുമാണ് ചെറിയ തോതിൽ വെല്ലുവിളി തീർക്കുന്നത്. മറ്റ് വെല്ലുവിളികളൊന്നുമില്ല. കെട്ടിടാവശിഷ്ടം കായലിലേക്ക് വീഴില്ല മൂന്ന് കെട്ടിടങ്ങളിൽനിന്ന് ഏതാനും മീറ്റർ മാത്രമാണ് കായലിലേക്ക് ദൂരം. പക്ഷെ കെട്ടിടത്തിന്റെ അവശിഷ്ടം കായലിലേക്ക് വീഴാത്ത വിധമായിരിക്കും കെട്ടിടം തകർക്കുക. കുറച്ചൊക്കെ ഭാഗം കായലിലേക്ക് വീണാലും എസ്കവേറ്റർ ഉപയോഗിച്ച് നീക്കം ചെയ്യും. കുണ്ടന്നൂർ പാലത്തിന് ഭീഷണിയില്ല എച്ച്.ടു.ഒ. ഫ്ലാറ്റിന് മുന്നിലൂടെ പോകുന്ന കുണ്ടന്നൂർ പാലത്തിനും യാതൊരു ഭീഷണിയും ഉണ്ടാകില്ല. അത്തരത്തിലായിരിക്കും കെട്ടിടം വീഴിക്കുക. 100 മീറ്ററിനപ്പുറം ശബ്ദവും ശല്യമാകില്ല കെട്ടിടത്തിൽ സ്ഫോടനം നടക്കുമ്പോൾ 100 മീറ്ററിനപ്പുറത്തേക്ക് വലിയ ശബ്ദം കേൾക്കില്ല. 200 മീറ്ററിനപ്പുറത്തേക്ക് കുറഞ്ഞ ശബ്ദം മാത്രമായിരിക്കും കേൾക്കുക. ചതുപ്പുഭൂമി പ്രകമ്പനം വലിച്ചെടുക്കും ചതുപ്പുഭൂമിയായതിനാൽ കെട്ടിടം വീഴുമ്പോഴുണ്ടാകുന്ന പ്രകമ്പനം കുറവായിരിക്കും. ഉറച്ച മണ്ണിനെക്കാൾ പ്രകമ്പനം വലിച്ചെടുക്കാനുള്ള ശേഷി ചതുപ്പുമണ്ണിന് കൂടുതലായിരിക്കും. ചതുപ്പു ഭൂമിയാണെന്നത് അനുകൂല ഘടകമായി മാറും. 108 മീറ്റർ ഉയരമുള്ള കെട്ടിടവും തകർത്തിട്ടുണ്ട് സൗത്ത് ആഫ്രിക്കയിൽ 108 മീറ്റർ ഉയരമുള്ള കെട്ടിടം ജെറ്റ് ഡെമോളിഷ് കമ്പനി തകർത്തത് കഴിഞ്ഞ നവംബർ 22-നാണ്. ഈ കെട്ടിടത്തിന് ആറുമീറ്റർ മാത്രം അകലെയായി മറ്റൊരു കെട്ടിടവും ഉണ്ടായിരുന്നു. ആ കെട്ടിടത്തിലെ ഒരു ഗ്ലാസിനു പോലും തകരാർ ഉണ്ടായില്ല.1.7 കോടി രൂപയ്ക്കാണ് മൂന്ന് കെട്ടിടങ്ങൾ തകർക്കുന്നതിനുള്ള കരാർ കമ്പനി ഏറ്റെടുത്തിരിക്കുന്നത്. കെട്ടിടത്തിലെ സ്റ്റീലും കരാർ കമ്പനിക്ക് എടുക്കാം. Content Highlights:Maradu flat demolition, Golden Kayaloram flat, Maradu flat case
from mathrubhumi.latestnews.rssfeed https://ift.tt/39R6ZVd
via
IFTTT
No comments:
Post a Comment