തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഹിതപരിശോധന അടുത്തിരിക്കേ, സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും തൊഴിലാളിവിരുദ്ധ നയങ്ങളില്‍ കാലിടറുമോയെന്ന് ഭരണപക്ഷസംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ(സി.ഐ.ടി.യു)യ്ക്ക് ആശങ്ക. ഭാരവാഹികള്‍ക്കും ജില്ലാ സെക്രട്ടറിമാര്‍ക്കും സംസ്ഥാനനേതൃത്വം അയച്ച രഹസ്യ സര്‍ക്കുലറിലാണ് ഈ ആശങ്ക പങ്കുവയ്ക്കുന്നത്. സംഘടനാപ്രവര്‍ത്തനത്തില്‍ അണികള്‍ക്ക് ആവേശം കുറഞ്ഞതോടെയാണു സംസ്ഥാനനേതൃത്വത്തിന് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കേണ്ടിവന്നത്.
ഹിതപരിശോധനാ പ്രചാരണത്തിന് ഇറങ്ങുമ്പോള്‍ ഓരോ പ്രവര്‍ത്തകനില്‍നിന്നും 1000 രൂപ വീതം പിരിക്കണമെന്നാണു സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം. മാതൃസംഘടനയായ സി.ഐ.ടി.യുവിനു ഫണ്ട് നല്‍കേണ്ടതിനാലും സമരങ്ങള്‍ ഉള്‍പ്പെടെ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കു ചെലവ് ഏറിയതിനാലുമാണ് പിരിവ് വേണ്ടിവന്നതെന്നു നേതൃത്വം വിശദീകരിക്കുന്നു. എന്നാല്‍, കൃത്യമായി ശമ്പളം പോലും ലഭിക്കാത്ത ജീവനക്കാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതു നേതൃത്വത്തെ അലട്ടുന്നു.
അതുകൊണ്ടുതന്നെ നേതാക്കള്‍ ഭവനസന്ദര്‍ശനം നടത്തി, പ്രവര്‍ത്തന ഫണ്ടിന്റെ സമ്മതപത്രം ഒപ്പിട്ടുവാങ്ങണമെന്നാണു നിര്‍ദേശം. ഭവനസന്ദര്‍ശനവും സമ്മതപത്രശേഖരണവും ഹിതപരിശോധനയ്ക്കു മുന്നോടിയായുള്ള സര്‍വേയായും പ്രയോജനപ്പെടുത്താമെന്നു നേതൃത്വം കരുതുന്നു. വിസമ്മതം കൂടാതെ 1000 രൂപ നല്‍കാന്‍ തയാറാകുന്ന തൊഴിലാളിയെ ഉറച്ച കേഡറായി കണക്കാക്കാമെന്നാണു വിലയിരുത്തല്‍.
ശമ്പളം െവെകുകയും മുടങ്ങുകയും ചെയ്തിട്ടും സംസ്ഥാനനേതൃത്വത്തിനു ഫലപ്രദമായി ഇടപെടാന്‍ കഴിയാത്തതാണു പ്രവര്‍ത്തകരുടെ വീര്യം ചോര്‍ത്തിയത്. പുതിയ ബസുകള്‍ വാങ്ങാത്തതിനും എമ്പാനലുകാരെ പിരിച്ചുവിട്ടതിനും ഡ്യൂട്ടി തോന്നുംപടി ആക്കിയതിനുമെതിരേ പ്രതികരിക്കാന്‍ പോലും സംഘടനയ്ക്കു കഴിഞ്ഞില്ലെന്നാണു പ്രവര്‍ത്തകരുടെ പൊതുവികാരം. സംസ്ഥാനനേതൃത്വത്തിനെതിരേ യൂണിറ്റ് കമ്മിറ്റികള്‍ മുതല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതു ''മംഗളം'' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രവര്‍ത്തകര്‍ മറ്റു സംഘടനകളിലേക്കു ചേക്കേറാനും തുടങ്ങിയതോടെയാണു നേതൃത്വത്തിന് അപകടം മണത്തത്. സി.ഐ.ടി.യു. സംഘടനയ്ക്കു പുറമേ, ഐ.എന്‍.ടി.യുസി-ടി.ഡി.എഫ്. സംഖ്യത്തിനാണു നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ അംഗീകാരമുള്ളത്. ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ ശക്തമായി പ്രക്ഷോഭരംഗത്തുള്ള സി.പി.ഐ. അനുകൂല കേരള സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എ.ഐ.ടി.യു.സി) കരുത്താര്‍ജിച്ചതും സി.ഐ.ടി.യുവിനെ പരിഭ്രാന്തിയിലാക്കുന്നു.
from mangalam.com https://ift.tt/36FlSak
via IFTTT
No comments:
Post a Comment