ന്യൂഡല്‍ഹി: രണ്ടാം മോഡി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാവിലെ പതിനൊന്നിനാണു ബജറ്റ് അവതരണം. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങി വലിയ വെല്ലുവിളികള്‍ക്കിടെയാണു നിര്‍മല തന്റെ രണ്ടാം ബജറ്റുമായി എത്തുന്നത്. സാമ്പത്തിക പ്രതിസന്ധിക്കു കേന്ദ്ര സര്‍ക്കാര്‍ കുറിക്കുന്ന പ്രതിവിധി എന്താണെന്നാണു രാജ്യം ഉറ്റുനോക്കുന്നത്.
തളര്‍ച്ച സമ്മതിച്ചും വളര്‍ച്ച പ്രതീക്ഷിച്ചും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസര്‍വേ. നികുതിവരുമാനം കുറയുന്ന സാഹചര്യത്തില്‍ ഭക്ഷ്യസബ്‌സിഡി കുറച്ച് പൊതുച്ചെലവിനുള്ള ഫണ്ട് കണ്ടെത്തണമെന്നും ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സര്‍വേ പറയുന്നു. സാമ്പത്തികതകര്‍ച്ചയില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യം കരകയറുമെന്നും 6-6.5 % വളര്‍ച്ച െകെവരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. നടപ്പുസാമ്പത്തികവര്‍ഷം അഞ്ചു ശതമാനമായിരിക്കും മൊത്തം ആഭ്യന്തരഉല്‍പാദനത്തിന്റെ വളര്‍ച്ച. 11 വര്‍ഷത്തെ ഏറ്റവും വലിയ കുറവാണിത്. ഇതുമറികടക്കാന്‍ ബജറ്റില്‍ നിര്‍ദേശിച്ച ധനകമ്മിലക്ഷ്യം കുറയ്ക്കണമെന്നും സര്‍വേ നിര്‍ദേശിക്കുന്നു.
ലോകത്തെ നിര്‍മിക്കാന്‍ ഇന്ത്യയില്‍ ഒത്തുകൂടാം എന്ന നയം സ്വീകരിക്കുമെന്നും ലോകത്തിനുവേണ്ട ഉല്‍പന്നഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ഇടമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും സര്‍വേ പറയുന്നു. ഇതുവഴി നാലു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 2030 ആകുമ്പോഴേയ്ക്കും തൊഴിലവസരങ്ങള്‍ എട്ടുകോടിയാകും. 5 ലക്ഷം കോടി രൂപയുടെ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്കെത്താന്‍ അടിസ്ഥാനസൗകര്യമേഖലയില്‍ 1.4 ലക്ഷം കോടി രൂപ ചെലവഴിക്കണമെന്നും സര്‍വേ ആവശ്യപ്പെടുന്നു. സമ്പദ്‌രംഗത്തെ വളര്‍ച്ചയുടെ പാതയിലേക്കടുപ്പിക്കാന്‍ വിട്ടുവീഴ്ചകള്‍ ചെയ്തശേഷം വളര്‍ച്ച സാധ്യമാകുന്ന മുറയ്ക്ക് നിയന്ത്രണങ്ങളാകാമെന്നും സര്‍വേ ശിപാര്‍ശ ചെയ്യുന്നു.
വ്യവസായികളാണ് തൊഴിലവസരങ്ങളും സമ്പത്തും സൃഷ്ടിക്കുന്നതെന്നും അവരെ ബഹുമാനിക്കണമെന്നും ആവശ്യപ്പെടുന്ന സര്‍വേ സമ്പദ്‌വ്യവസ്ഥയിലെ വിശ്വാസം വര്‍ധിപ്പിക്കണമെന്നും വ്യവസായങ്ങള്‍ തുടങ്ങുന്നതും വസ്തു രജിസ്റ്റര്‍ചെയ്യുന്നതും നികുതി അടയ്ക്കുന്നതും കരാറുകള്‍ നടപ്പാക്കുന്നതും ലളിതമാക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.
ഖനന-നിര്‍മാണ-കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനമാകും സാമ്പത്തിക വളര്‍ച്ചയ്ക്കു നിര്‍ണായകമാകുക. വരാനിരിക്കുന്ന വര്‍ഷം വെല്ലുവിളികളുടേതാണ്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി കുത്തനെ താഴോട്ടുപോയത് മുന്നോട്ടു കുതിക്കാനുള്ള തുടക്കമാണെന്നും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സര്‍വേ അവകാശപ്പെടുന്നു.
from mangalam.com https://ift.tt/37PCNIK
via IFTTT
No comments:
Post a Comment