ന്യൂഡൽഹി: പൗരത്വബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭം കനത്തതോടെ നയതന്ത്രമേഖലയിലും അനിശ്ചിതത്വം. ജപ്പാനുമായുള്ള ഉച്ചകോടി നടക്കുമോയെന്നകാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിനുതന്നെ ഉറപ്പില്ല. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഗുവാഹാട്ടിയിൽ ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസൊയെ സ്വാഗതംചെയ്ത് ഉയർത്തിയ കമാനങ്ങളും ഒരു വേദിയും പ്രതിഷേധക്കാർ നശിപ്പിച്ചു. ഉച്ചകോടിക്കുശേഷം ഇരുനേതാക്കളും ചൊവ്വാഴ്ച മണിപ്പുർ സന്ദർശിക്കാനും പരിപാടി തയ്യാറാക്കിയിരുന്നു. ബിഷ്ണുപുർ ജില്ലയിലെ 'ഇന്ത്യ സമാധാനസ്മാരകം' സന്ദർശിച്ച് രണ്ടാംലോകയുദ്ധത്തിൽ കൊല്ലപ്പെട്ട ജപ്പാൻ ഭടൻമാർക്ക് ആദരാഞ്ജലിയർപ്പിക്കലായിരുന്നു പരിപാടി. ഗുവാഹാട്ടി ഒഴിവാക്കി ഡൽഹി, ഭുവനേശ്വർ എന്നീ വേദികൾ ഉച്ചകോടിക്കായി പരിഗണനയിലുണ്ടെന്നു സൂചനയുണ്ടെങ്കിലും അതു പ്രായോഗികമല്ലെന്ന സമീപനമാണ് വിദേശകാര്യമന്ത്രാലയത്തിനുള്ളത്. പെട്ടെന്ന് പുതിയവേദി ഒരുക്കുക എളുപ്പമല്ല. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുൾ മൊമേൻ പെട്ടെന്ന് ഡൽഹിയാത്ര റദ്ദാക്കിയത് പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിൽ ന്യൂനപക്ഷ പീഡനമുണ്ടെന്നരീതിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനയിൽ മൊമേൻ പ്രതിഷേധിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് മോമെൻ പറഞ്ഞു. ആരാണ് അത്തരമൊരു വിവരം നൽകിയതെന്ന് അറിയില്ല. സാമുദായികസൗഹാർദം നിലനിൽക്കുന്ന രാജ്യമാണ് ബംഗ്ളാദേശ്. ഇവിടെ ന്യൂനപക്ഷങ്ങളില്ല, മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരന്മാരെ കാണുന്നത്. ഞങ്ങളെല്ലാം തുല്യരാണ്. അദ്ദേഹം (അമിത് ഷാ) കുറച്ചുമാസം ഇവിടെവന്ന് താമസിക്കുകയാണെങ്കിൽ ഈ രാജ്യത്തെ സാമുദായിക സൗഹാർദത്തെപ്പറ്റി വ്യക്തമായി ബോധ്യപ്പെടും. മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിക്കുന്നതാണ് പൗരത്വഭേദഗതി ബിൽ-മോമെൻ പറഞ്ഞു. എന്നാൽ, അമിത് ഷാ പറഞ്ഞത് ബംഗ്ലാദേശിലെ ഇപ്പോഴത്തെ സർക്കാരിനെക്കുറിച്ചല്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വിശദീകരിച്ചു. സന്ദർശനം റദ്ദാക്കിയതിന് പൗരത്വബില്ലുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 16-ന് ധാക്കയിൽ നടക്കുന്ന വിജയദിവസ് പരിപാടിയിൽ പങ്കെടുക്കേണ്ടതുകൊണ്ടാണ് യാത്ര റദ്ദാക്കിയതെന്ന് ബംഗ്ലാദേശ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ഇപ്പോഴത്തെ സർക്കാർ ന്യൂനപക്ഷ സംരക്ഷണനടപടി സ്വീകരിച്ചിട്ടുണ്ടെന്നും രണ്ടുരാജ്യങ്ങളും തമ്മിൽ ഊഷ്മളബന്ധമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:citizenship amendment bill protest may be affect diplomatic relations
from mathrubhumi.latestnews.rssfeed https://ift.tt/38CruV8
via
IFTTT
No comments:
Post a Comment