കൊച്ചി: കടുത്ത ജലദോഷമുള്ള കുഞ്ഞിനെ പുതപ്പോടുകൂടി നെഞ്ചോടുചേർക്കുമ്പോൾ ഇറോമിന്റെ കണ്ണുകളിൽ നനവുണ്ടായിരുന്നു. മഞ്ഞുപോലെ തണുപ്പുള്ളവളായിരിക്കട്ടെ എന്നർഥമുള്ള 'നിക്സി'നെ ഇറോം താലോലിക്കുമ്പോൾ അരികിൽ പ്രിയപ്പെട്ടവന്റെ തോളിൽ മയങ്ങി 'താര'യുമുണ്ട്. കുഞ്ഞുങ്ങളെ നന്നായി പുതപ്പിക്കുമ്പോൾ ഇറോം ആർദ്രമായ ശബ്ദത്തിൽ പറഞ്ഞു... ''ഞാനിപ്പോൾ അമ്മയാണ്...ഇരട്ടക്കുട്ടികളുടെ അമ്മ. ജീവിതത്തിലെ ഏറ്റവും ആർദ്രമായ അനുഭവമാണ് അമ്മയാകുക എന്നത്. പോരാട്ടത്തിന്റെ കനൽച്ചൂടിലൂടെ സഞ്ചരിക്കുമ്പോൾ എന്നെങ്കിലും ഒരമ്മയാകുമെന്ന് കരുതിയതല്ല. പക്ഷേ, കാലം എനിക്കുവേണ്ടി കാത്തുവെച്ച അപൂർവമായ അനുഭവമാണ് ഈ കുഞ്ഞുങ്ങൾ...'' വാക്കുകൾ പൂർത്തിയാകുംമുമ്പേ ഇറോമിന്റെ ചുണ്ടുകൾ താരയുടെ നെറ്റിയിൽ സ്നേഹസ്പർശമായി. മണിപ്പുരിന്റെ ഉരുക്കുവനിത ഇറോം ശർമിള അമ്മയായശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോൾ പങ്കുവെച്ചതുമുഴുവൻ ഇരട്ടക്കുഞ്ഞുങ്ങളുടെ വിശേഷങ്ങളായിരുന്നു. ''കഴിഞ്ഞ മാതൃദിനത്തിലാണ് ഞാൻ അമ്മയായത്. നിക്സ് ഷാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ലാറ്റിൻ ഭാഷയിൽ നിക്സ് എന്നുപറഞ്ഞാൽ മഞ്ഞ് എന്നാണർഥം. ഓട്ടം എന്നാൽ, ശരത് കാലം. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ മറ്റുള്ളവർക്കായിട്ടാണ് ഞാൻ കഴിഞ്ഞത്. എന്റെ അമ്മ പറഞ്ഞതൊന്നും അന്നെനിക്ക് മനസ്സിലായില്ല. പക്ഷേ, ഇപ്പോൾ ഈ കുഞ്ഞുങ്ങളെ നെഞ്ചോടുചേർക്കുമ്പോൾ ഞാൻ എന്റെ അമ്മയെ അറിയുന്നു'' -ഇറോം പറയുമ്പോൾ അരികിൽ പുഞ്ചിരിതൂകി ഭർത്താവ് ഡെസ്മണ്ട് കുട്ടീന്യോയുമുണ്ടായിരുന്നു. എസ്.എച്ച്. കോളേജിലെ പരിപാടിയിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാത്രി കൊച്ചിയിലെത്തിയ ഇറോം ശർമിള കൂട്ടുകാരിയും മലയാളിയുമായ അമ്പിളി ഓമനക്കുട്ടന്റെ വീട്ടിലാണ് താമസിച്ചത്. രാവിലെ അമ്പിളി ഒരുക്കിയ പുട്ടും ചെറുപയറും പപ്പടവും ചേർന്നുള്ള പ്രഭാതഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഇറോമിന്റെ 'വേഗക്കുറവ്' മുന്നിൽ തെളിഞ്ഞു. ''ഭക്ഷണത്തോട് ഇപ്പോഴും ഞാൻ പൂർണമായി ഇണങ്ങിച്ചേർന്നിട്ടില്ല. പതിനാറുകൊല്ലം ഭക്ഷണംകഴിക്കാതെ സമരംചെയ്ത ശരീരം ഇപ്പോഴും ചിലതിനോട് പ്രതികൂലമായാണ് പ്രതികരിക്കുന്നത്. ഭക്ഷണം വായിലേക്ക് വെക്കുമ്പോൾ നാവുപൊള്ളുന്നതുപോലെ തോന്നും. ചിലപ്പോൾ ഛർദിക്കാനും വരും. ഇപ്പോഴും വളരെ സാവധാനമാണ് ഞാൻ ഭക്ഷണം കഴിക്കുന്നത്'' -ഇറോം പറഞ്ഞു. ''എന്റെ സുഹൃത്ത് സൈന്യത്തിന്റെ തോക്കിന് ഇരയായപ്പോഴാണ് ഞാൻ അതിനുനേരെ പോരാടണമെന്ന് തീരുമാനിച്ചത്. എന്റെ യൗവനമാണ് ഞാൻ സമരത്തിന്റെ തീച്ചൂളയിലേക്ക് എറിഞ്ഞുകൊടുത്തത്. എനിക്കിഷ്ടപ്പെട്ട ഭക്ഷണവും പ്രിയപ്പെട്ട ബന്ധുക്കളും എല്ലാം നഷ്ടമായ കാലം. നാടിനും ജനങ്ങൾക്കുംവേണ്ടി പോരാടിയിട്ടും ഒടുവിൽ പരാജയം മാത്രമാണ് ഉണ്ടായതെന്ന് തിരിച്ചറിഞ്ഞപ്പോൾ ഹൃദയം തകർന്നുപോയി. പക്ഷേ, ഇപ്പോൾ ദാ ഈ കുഞ്ഞുങ്ങളുടെ മുഖത്തേക്കുനോക്കുമ്പോൾ...'' വാക്കുകൾ പൂർത്തിയാക്കാതെ, ഇറോം വീണ്ടും നിക്സ് ഷാഖിയെ ചുംബിച്ചു. content highlights:Irom Chanu Sharmila on motherhood
from mathrubhumi.latestnews.rssfeed https://ift.tt/2OYpqi9
via
IFTTT
No comments:
Post a Comment