തിരുവനന്തപുരം : തിരുനെല്ലിയിൽനിന്ന് മാനന്തവാടി മാരുതി തിയേറ്ററിലെ സിനിമാവെട്ടത്തേക്ക് മാത്രമായിരുന്നു കരിയന്റെ ദീർഘയാത്രകൾ. ഇത്തവണ പക്ഷേ, യാത്ര ചുരമിറങ്ങി തെക്കേയറ്റംവരെ നീണ്ടു. ആദ്യമായി രാജ്യാന്തര ചലച്ചിത്രമേളയ്ക്കെത്തിയ വയനാട് തിരുനെല്ലി കാരമാട് കാട്ടുനായ്ക്കർ കോളനിയിലെ ഈ അറുപത്തഞ്ചുകാരൻ ആദ്യദിനംതന്നെ പല ദേശങ്ങളിൽനിന്നുള്ള കാഴ്ചകളിൽ വിസ്മയിച്ചു. സിനിമയോടുള്ള കരിയന്റെ അഭിനിവേശം അറിയാവുന്ന സുഹൃത്തുക്കളാണ് ഇദ്ദേഹത്തിനായി രജിസ്ട്രേഷൻ നടത്തിയത്. കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ സിദ്ധാർഥ്, ആദർശ് എന്നിവരാണ് ആ കൂട്ടുകാർ. കാട്ടുനായ്ക്കർ കോളനിയിലെ ഏറ്റവും മുതിർന്നയാളാണ് കരിയൻ. മിക്ക വീടുകളിലും ടി.വി. പോലുമില്ല. സിനിമ കാണാൻ കരിയൻ തിരുവനന്തപുരത്തേക്ക് പോകുന്നത് കോളനിക്കാരെയും ആശ്ചര്യപ്പെടുത്തി. സിനിമകളുടെ ലോകക്കാഴ്ചകളിലേക്ക് ആദ്യദിനംതന്നെ കരിയൻ തീവണ്ടിയിറങ്ങി. തീവണ്ടിയാത്രയും ആദ്യമായിട്ടായിരുന്നു. രാവിലെ തന്നെ 'യു വിൽ ഡൈ അറ്റ്-20' എന്ന സുഡാൻ ചിത്രം കണ്ട് മേളയുടെ ഭാഗമായി. ഇരുപതാം വയസ്സിൽ പൊലിഞ്ഞുപോകുന്ന ജീവന്റെ കഥ പറഞ്ഞ ചിത്രം ഏറെ ഇഷ്ടപ്പെട്ടു. തുടർന്ന് ആവേശത്തോടെ മറ്റു തിയേറ്റുകളിലേക്ക്. ആധുനികതയുടെ പകിട്ടുള്ള തിയേറ്ററുകൾതന്നെ കരിയന്റെ വിസ്മയമായി. തേൻശേഖരണവും മരംവെട്ടുമൊക്കെയായി തിരുനെല്ലിയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ വീട്ടിൽ ടി.വി.യില്ല. വീടിനടുത്തെ ചായക്കടയിൽ ടി.വി.യുള്ളതിനാൽ പലതവണ ചായ കുടിക്കാൻ പോകുമെന്ന് കരിയൻ ചിരിയോടെ പറയുന്നു. നാട്ടിനടുത്ത് തിയേറ്ററുകളെത്തിയ കാലംമുതൽ മുടങ്ങാതെ സിനിമകൾ കാണും. സിനിമയുമായി ബന്ധപ്പെട്ട് ഒരു ഇരുട്ടോർമയുണ്ട്. ഇരുപതുവർഷം മുന്പ് മാരുതി തിയേറ്ററിൽനിന്ന് സിനിമ കണ്ട് മടങ്ങും വഴിക്കാണ് ഒപ്പമുണ്ടായിരുന്ന ഭാര്യ കുട്ടി കുഴഞ്ഞുവീണുമരിച്ചത്. പിന്നീട് ഏറെക്കാലം തിയേറ്ററുകളിലേക്ക് പോയില്ല. മൂന്നു പെൺമക്കളെയും വിവാഹം കഴിച്ചയച്ച് വീട്ടിൽ ഒറ്റയ്ക്കായതോടെയാണ് വീണ്ടും സിനിമകളുടെ വെളിച്ചത്തിലേക്ക് മടങ്ങിയത്. ചലച്ചിത്രമേളകളിലൊന്നിൽ പങ്കെടുക്കണമെന്ന ഏറെനാളത്തെ ആഗ്രഹമാണ് ഇത്തവണ സഫലമായത്. സിദ്ധാർഥിന്റെ തിരുനെല്ലിയിലെ പുരയിടത്തിൽ പണികൾക്കെത്തിയിരുന്നത് കരിയനായിരുന്നു. ''ഡിസംബറിൽ പണിക്കു വരണ്ട, മേളയുടെ കാലമാണ്. നമുക്ക് ഒരുമിച്ച്് പോകാം'' -സിദ്ധാർത്ഥ് അങ്ങനെയാണ് മേളയിലേക്ക് വഴിയൊരുക്കിയത്. ''അവസാന ദിനംവരെ ഇവിടെ തങ്ങി കഴിയുന്നത്ര സിനിമകൾ കാണണം'' -കരിയൻ പറയുന്നു. content highlights:kariyan from thirunelli to attend iifk 2019
from mathrubhumi.latestnews.rssfeed https://ift.tt/2sUhMwP
via
IFTTT
No comments:
Post a Comment