ന്യൂഡൽഹി: ഡൽഹി പോലീസ് ആസ്ഥാനത്തെ വിദ്യാർഥികളുടെ ഉപരോധം സമരം അവസാനിപ്പിച്ചു. പോലീസ് പിടികൂടിയ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികളെ വിട്ടയച്ചതോടെയാണ് മണിക്കൂറുകൾനീണ്ട ഉപരോധ സമരം അവസാനിപ്പിച്ചത്. മരംകോച്ചുന്ന തണുപ്പിലും നൂറുകണക്കിന് വിദ്യാർഥികളും യുവാക്കളുമാണ് ഡൽഹി പോലീസ് ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയത്. സർവസന്നാഹങ്ങളുമായി പോലീസും അണിനിരന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥയും ഉടലെടുത്തു. എന്നാൽ തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെയെല്ലാം വിട്ടയച്ചതായി ഡൽഹി പോലീസ് പി.ആർ.ഒ. എം.എസ്.രൺധവ അറിയിച്ചു. ഇതോടെയാണ് പോലീസ് ആസ്ഥാനത്തിന് മുന്നിലെ ഉപരോധം വിദ്യാർഥികൾ അവസാനിപ്പിച്ചത്. ഡൽഹി ജാമിയ മിലിയ, ജവഹർലാൽ നെഹ്രു സർവകലാശാലകളിലെ വിദ്യാർഥികളാണ് പോലീസ് ആസ്ഥാനത്തെ ഉപരോധ സമരത്തിൽ അണിനിരന്നത്. ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചജാമിയ മിലിയ സർവകലാശാല വിദ്യാർഥികൾക്ക് നേരേയുണ്ടായ പോലീസ് അതിക്രമത്തിൽ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി രാജ്യവ്യാപകമായി വൻപ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. രാജ്യത്തെ വിവിധ സർവകലാശാലകളിലും നഗരങ്ങളിലും വിദ്യാർഥികളും യുവജനങ്ങളും തെരുവിലിറങ്ങി. ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ വാർത്തകളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. അലിഗഢ് മുസ്ലീം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ഹൈദരാബാദ് മൗലാന ആസാദ് ഉർദു സർവകലാശാല, ജെ.എൻ.യു, ജാദവ്പുർ സർവകലാശാല, ബോംബെ ഐഐടി തുടങ്ങിയ കലാലയങ്ങളിൽ ഞായറാഴ്ച രാത്രി വൈകിയും പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. അലിഗഢ് സർവകലാശാലയിൽ പോലീസും വിദ്യാർഥികളും ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് ജനുവരി അഞ്ച് വരെ അലിഗഢ് സർവകലാശാല അടച്ചിട്ടു. 15 വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിന് പിന്നാലെ മീററ്റ്, അലിഗഢ്, സഹാറൻപുർ എന്നിവടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്കും പോലീസുകാർക്കും പരിക്കേറ്റു. അതേസമയം, ഡൽഹി പോലീസ് ക്യാമ്പസിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയെന്നാണ് വിദ്യാർഥികളുടെ ആരോപണം. പോലീസുകാർ തന്നെ വാഹനങ്ങൾക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങളും വിദ്യാർഥികൾ പുറത്തുവിട്ടു. പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ ഹോസ്റ്റലിലും ലൈബ്രറിയിലും ശുചിമുറികളിലും വരെ കയറിയാണ് പോലീസ് മർദിച്ചത്. ഡൽഹിയിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കേരളത്തിലും രാത്രി വൈകി പ്രതിഷേധ പ്രകടനങ്ങൾ നടന്നു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയും കെ.എസ്.യുവും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. എസ്.എഫ്.ഐ, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ വിദ്യാർഥി-യുവജന സംഘടനകൾ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ ട്രെയിനുകൾ തടഞ്ഞു. കാലിക്കറ്റ് സർവകലാശാല അടക്കമുള്ള കലാലായങ്ങളിലും രാത്രി വൈകി വിദ്യാർഥികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. Content Highlights:police action against jamia milia students; country wide protest and police released students
from mathrubhumi.latestnews.rssfeed https://ift.tt/2Eixcxi
via
IFTTT
No comments:
Post a Comment