“അവർ നൽകുന്ന ഒരുകടലാസിലും ഒപ്പിട്ടുകൊടുക്കരുത്” -ദേഹമാസകലം പൊള്ളി ആശുപത്രിക്കിടക്കയിൽ മരണത്തിനു കീഴടങ്ങുന്നതിനുമുമ്പ് ഉന്നാവിലെ യുവതി സഹോദരനോടുപറഞ്ഞതാണ് ഈ വാക്കുകൾ. തീനാളങ്ങൾ വിഴുങ്ങിയ യുവതിയുടെ ദേഹം മണ്ണിലേക്കു മടങ്ങിയതിന്റെ പിറ്റേന്നു തിങ്കളാഴ്ച സഹോദരൻതന്നെ ഇക്കാര്യം മാധ്യമങ്ങളോടു വെളിപ്പെടുത്തി. പ്രതിയും യുവതിയും തമ്മിലുള്ള വിവാഹക്കരാറാണ് ഹിന്ദുനഗറിലെ ഗ്രാമവാസികളുടെ അടക്കിപ്പിടിച്ച ചർച്ച. “ഈ കൊടുംക്രൂരതയ്ക്കുപിന്നിൽ ശിവം ത്രിവേദി എന്നയാൾ മാത്രമല്ല. അവരുടെ വീട്ടുകാരുടെ നിരന്തരഭീഷണിയും അവൾക്കുണ്ടായിരുന്നു” -ഇപ്പോഴും മൗനവിലാപം അടങ്ങിയിട്ടില്ലാത്ത ഹിന്ദുനഗറിലെ ഒരു ഗ്രാമവാസി 'മാതൃഭൂമി'യോട് ഇങ്ങനെ പറഞ്ഞു. ഇന്നും ഉത്തരേന്ത്യൻ ജീവിതത്തിന്റെ സിരകളിലൂടെ പടരുന്ന ജാതിവെറിയുടെയും ചുരുളഴിക്കുകയാണ് ഉന്നാവ് സംഭവം. യുവതിയുടെ മരണമൊഴിയിൽപറഞ്ഞ വിവാഹക്കരാർ അന്വേഷണത്തിൽ വഴിത്തിരിവാകും. ഉന്നാവിനടുത്തുള്ള റായ്ബറേലിയിലെ ലാൽഗഞ്ജ് പോലീസ് സ്റ്റേഷനിൽ തയ്യാറാക്കിയ എഫ്.ഐ.ആറിൽ യുവതിയെ ലൈംഗിക അടിമയാക്കിയെന്നുരേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യപ്രതി ശിവം ത്രിവേദി വിവാഹവാഗ്ദാനം നൽകി യുവതിയുമായി പ്രണയം നടിച്ചു. ശിവത്തിനൊപ്പം ലാൽഗഞ്ജിലേക്കുപോയ യുവതിയെ അവിടെവെച്ച് ബലാത്സംഗംചെയ്തു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും അത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയുംചെയ്തു. പിന്നീട്, ഒരുമാസത്തോളം റായ്ബറേലിയിലെ വാടകവീട്ടിൽ താമസിപ്പിച്ച് ലൈംഗികചൂഷണത്തിനിരയാക്കി. വീടിനുപുറത്തിറങ്ങാൻ ശ്രമിച്ചപ്പോഴൊക്കെ ക്രൂരമായി മർദിച്ചു. 2018 ജനുവരി 19-ന്, തന്നെ വിവാഹം കഴിക്കാമെന്ന വാഗ്ദാനംപാലിക്കണമെന്ന് ധൈര്യത്തോടെ യുവതി ആവശ്യപ്പെട്ടു. അന്നത്തെ തർക്കത്തിനൊടുവിൽ യുവതിയെക്കൂട്ടി ശിവം ത്രിവേദി റായ്ബറേലി കോടതിയിൽ പോയി ഒരു വിവാഹ ഉടമ്പടിയുണ്ടാക്കി. 2018 ജനുവരി 15-ന് ഒരുക്ഷേത്രത്തിൽവെച്ച് തങ്ങൾ വിവാഹിതരായി എന്നായിരുന്നു ഉടമ്പടിയിലെ വാക്യം. ഇരുവരും സ്വമനസ്സാലെ വിവാഹിതരായെന്നും ഭാവിയിൽ നിയമപ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇങ്ങനെയൊരു കരാറെന്നും അതിൽ വ്യക്തമാക്കി. എന്നാൽ, വാക്കുപാലിക്കാൻ അയാൾ തയ്യാറായില്ല. ഒരുമാസം കൂടെ താമസിപ്പിച്ചശേഷം യുവതിയെ ഗ്രാമത്തിൽ കൊണ്ടുവിട്ടു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. എന്നാൽ, യുവതി റായ്ബറേലിയിലെ അമ്മായിയുടെ വീട്ടിൽ അഭയംതേടി. ഈവിലാസം തിരഞ്ഞുപിടിച്ചെത്തിയ ശിവം വീണ്ടും വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി. പിന്നീട്, അയാൾക്കൊപ്പം സഹോദരൻ ശുഭം ത്രിവേദിയും തോക്കിൻമുനയിൽ നിർത്തി തന്നെ ബലാത്സംഗംചെയ്തെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽപറയുന്നു. ബിഹാറിലെ ബിഹട പോലീസിലും റായ്ഗഞ്ജ് സ്റ്റേഷനിലുമായി രണ്ടുപരാതികൾ അടിസ്ഥാനമാക്കി യുവതി നിയമയുദ്ധത്തിനൊരുങ്ങുമ്പോഴായിരുന്നു ദാരുണാന്ത്യം. വിവാഹ ഉടമ്പടി ശിവം ത്രിവേദിയുടെ കുടുംബത്തെ പ്രകോപിപ്പിച്ചിരുന്നതായി ഗ്രാമവാസികളിലൊരാൾ പറഞ്ഞു. സവർണകുടുംബമായ ശിവത്തിന്റെ അമ്മ നേരത്തേ ഗ്രാമമുഖ്യയായിരുന്നു. ലോഹർ എന്ന പട്ടികജാതിയിലുള്ള യുവതിയുമായുള്ള വിവാഹക്കരാറാണു ബ്രാഹ്മണവിഭാഗത്തിലുള്ള ശിവം ത്രിവേദിയുടെയും കുടുംബത്തിന്റെയും എതിർപ്പിനുകാരണം. ത്രിവേദിയുടെ അമ്മ യുവതിയെ നേരിൽക്കണ്ട് ഉടമ്പടിയിൽനിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണു വെളിപ്പെടുത്തൽ. ജാമ്യത്തിലിറങ്ങി യുവതിയെ വീണ്ടും വേട്ടയാടാൻ പ്രതികൾ എത്തിയതിനുപിന്നിൽ ഉടമ്പടി കൈക്കലാക്കുകയെന്ന ലക്ഷ്യമുണ്ടായിരുന്നതായി പോലീസ് വൃത്തങ്ങളും പറയുന്നു. യുവതി കോടതിയിലേക്കുപുറപ്പെടുന്ന വഴിയായിരുന്നു തീകൊളുത്തിയുള്ള ആക്രമണം. ഒരുകടലാസിലും ഒപ്പിട്ടുനൽകരുതെന്ന് യുവതി തന്നോടുപറഞ്ഞിരുന്നതായി തിങ്കളാഴ്ച സഹോദരൻ വെളിപ്പെടുത്തിയതോടെ ഉടമ്പടി കൈക്കലാക്കി തെളിവുനശിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന സംശയം ബലപ്പെട്ടുകഴിഞ്ഞു. ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് പ്രതികളുടെ കുടുംബം. സംഭവത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്നാണ് അവരുടെ ആവശ്യം. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സായുധപോലീസിന്റെ കാവലിലാണ് യുവതിയുടെ വീടും പരിസരവും. content highlights:Unnao rape victim,UP
from mathrubhumi.latestnews.rssfeed https://ift.tt/2LCbpVk
via
IFTTT
No comments:
Post a Comment