തിരുവനന്തപുരം: കേരള പോലീസിന്റെ പാസ്പോർട്ട് പരിശോധനയ്ക്കായി സോഫ്റ്റ്വേർ വികസിപ്പിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കുനൽകിയ അനുമതി തത്കാലത്തേക്കു വേണ്ടെന്നുവെച്ചു. കേരള പോലീസിന്റെ അതീവരഹസ്യ ഫയലുകളടങ്ങുന്ന വിവരശേഖരം സൊസൈറ്റിക്കു തുറന്നുകൊടുക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന വിവാദങ്ങളെത്തുടർന്നാണിത്. സോഫ്റ്റ്വേർ തയ്യാറാക്കുന്നതിന് ഊരാളുങ്കൽ ഐ.ടി. സൊല്യൂഷനിലെ ഉദ്യോഗസ്ഥർ സമീപിച്ചെങ്കിലും തത്കാലം സഹകരിപ്പിക്കേണ്ടെന്ന മറുപടിയാണ് പോലീസിന്റേത്. ഇതിന് രൂപവത്കരിച്ച വിദഗ്ധ സമിതി സംഭവം വിവാദമായശേഷം ചേർന്നിട്ടില്ല. എന്നാൽ, കരാർ വേണ്ടെന്നുവെച്ചതിൽ ഔദ്യോഗിക പ്രതികരണത്തിന് പോലീസ് തയ്യാറായിട്ടില്ല. പാസ്പോർട്ട് വെരിഫിക്കേഷൻ എളുപ്പമാക്കാൻ ഊരാളുങ്കൽ വികസിപ്പിച്ച ആപ്ലിക്കേഷൻ ഉപയോഗിക്കാനായിരുന്നു തീരുമാനം. ഇതിനായി ആദ്യഘട്ടമെന്ന നിലയിൽ 35 ലക്ഷം രൂപ അനുവദിച്ചും പോലീസിന്റെ വിവരശേഖരം ഉപയോഗിക്കാൻ അനുമതി നൽകിയും ഒക്ടോബറിൽ സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കിയതോടെ സംഭവം വിവാദമായി. പോലീസിന്റെ വിവരശേഖരം ഉപയോഗിക്കാൻ അനുമതി നൽകിയതിലൂടെ ക്രൈം ആൻഡ് ക്രിമിനൽ നെറ്റ്വർക്കിങ് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും ഊരാളുങ്കലിന്റെ കൈയിലെത്തുമെന്നായിരുന്നു വിമർശനം. വിദഗ്ധ സമിതിയിലെ ഉദ്യോഗസ്ഥരുടെ എതിർപ്പുകൾ മറികടന്നാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന ആരോപണംകൂടി വന്നതോടെ പ്രതിപക്ഷവും ഇതേറ്റുപിടിച്ചു. 2017-ൽ പോലീസിലെ സാങ്കേതിക വിദഗ്ധർ വികസിപ്പിച്ച ഇ-വി.ഐ.പി. എന്ന ആപ്ലിക്കേഷൻ നിലനിൽക്കെയാണ് ഊരാളുങ്കലിന് സോഫ്റ്റ്വേർ വികസിപ്പിക്കാൻ അനുമതി നൽകിയതെന്നത് കൂടുതൽ വിവാദങ്ങൾക്കു വഴിവെച്ചു. സുരക്ഷാ ഓഡിറ്റിനുശേഷംമാത്രമേ ഊരാളുങ്കലിന് ഡേറ്റാബേസിലെ വിവരങ്ങൾ കൈമാറുകയുള്ളൂവെന്നും സുരക്ഷാ പ്രശ്നങ്ങളില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. പാസ്പോർട്ട് പരിശോധനയുടെ ഭാഗമായി അപേക്ഷകൻ ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു മനസ്സിലാക്കാനുള്ള സൗകര്യംമാത്രമാണ് ഊരാളുങ്കലിന് നൽകാനുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ വിവരശേഖരത്തിലേക്ക് പ്രവേശിക്കാൻ ഊരാളുങ്കലിന്റെ ഉദ്യോഗസ്ഥരെ പോലീസ് അനുവദിച്ചില്ല. ഏതാനും ദിവസംമുമ്പ് ബന്ധപ്പെട്ട എസ്.പി.യെ ഇതുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ പ്രവർത്തകർ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടായില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. Content Highlights:Passport software; agreement with Uralungal Labour Contract Co-operative Society Ltd canceled
from mathrubhumi.latestnews.rssfeed https://ift.tt/356E5xz
via
IFTTT
No comments:
Post a Comment