മെറി ക്രിസ്മസ് മാതൃഭൂമിക്കൊപ്പം... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 23, 2019

മെറി ക്രിസ്മസ് മാതൃഭൂമിക്കൊപ്പം...

ക്രിസ്മസ് സമാധാനത്തിന്റെ ഉത്സവമാണ്. അത്യുന്നതങ്ങളിലെ ദൈവമഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്കെല്ലാം സമാധാനവും വിളംബരം ചെയ്യുന്ന തിരുപ്പിറവി. സൗഹൃദത്തിന്റെ നിറവിൽ മാതൃഭൂമിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് ക്രിസ്മസ് ആഘോഷം. ക്രിസ്മസ് ഗാനങ്ങൾ മുഴങ്ങിയ, ബിഷപ്പുമാർ കേക്ക് മുറിച്ച് മധുരം പകർന്ന സി.എസ്.ഐ. ബിഷപ്സ് ഹൗസ് അങ്കണത്തിൽ നടന്ന ക്രിസ്മസ് ആഘോഷ വിശേഷങ്ങൾ... ഈ ക്രിസ്മസിന് നന്മകൾ നിറഞ്ഞ സൗഹൃദത്തിന്റെ മധുരം. കാരൾ ഗാനങ്ങളുടെ ഇമ്പം, ആശംസാവാക്കുകളിൽ സ്നേഹം, തലമുറകൾ പകർന്ന വിശ്വാസപാതയുടെ പ്രകാശം. മാതൃഭൂമിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടു നടന്ന ക്രിസ്മസ് ആഘോഷത്തിൽ വിവിധ ക്രൈസ്തവ സഭകളിലെ പുരോഹിതന്മാർ സാന്നിധ്യം കൊണ്ട് ധന്യതയേകി. മതങ്ങളുടെയും സഭകളുടെയും അതിർവരമ്പില്ലാത്ത ക്രിസ്മസ് ആഘോഷം. മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റ മാതൃഭൂമിയും മലബാർ ക്രിസ്ത്യൻ കോളേജുമുള്ള നഗരത്തിൽ, ജസ്യൂട്ട് പാതിരിയായിരുന്ന റുഡോൾഫ് അക്വാവിയ അക്ബർ ചക്രവർത്തിക്കായി റോമിൽനിന്ന് എത്തിച്ച, മാതാവിന്റെ പെയിന്റിങ്ങിന്റെ തനിപ്പകർപ്പുള്ള മദർ ഓഫ് ഗോഡ് പള്ളിയുള്ള നഗരത്തിൽ, റവ. സാമുവേൽ ഹൈബിക്കും ജോൺലേനറും ക്രിസ്തോഫ് ഗ്രെയിനറും സുവിശേഷ സന്ദേശം നൽകാൻ കടൽകടന്ന് രണ്ടു നൂറ്റാണ്ടോളം മുന്നേയെത്തിയ നഗരത്തിൽ, റവ. ഷോഫ്ളറിനും ഡോ. ഹെർമൻ ഗുണ്ടർട്ടിനും സ്മാരകമായി ദേവാലയങ്ങളുള്ള നഗരത്തിൽ തിങ്കളാഴ്ച നടന്ന ക്രിസ്മസ് ആഘോഷം വേറിട്ടതായി. സി.എസ്.ഐ.മലബാർ മഹായിടവക ബിഷപ്പ് ഡോ. റോയിസ് മനോജ് വിക്ടർ, യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനാധിപൻ ഡോ. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവർ ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ അധ്യക്ഷനായി. പുരാതനകാലം മുതൽ സമൂഹമായുള്ള ആഘോഷങ്ങൾ മനുഷ്യർ ഇഷ്ടപ്പെട്ടിരുന്നുവെന്നും ക്രിസ്മസ് ദൈവത്തെ സ്തുതിക്കാനുള്ള ആഘോഷമാണെന്നും ബിഷപ്പ് റോയിസ് മനോജ് വിക്ടർ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. സമൂഹത്തിലെ വലുപ്പച്ചെറുപ്പമോ വേലിക്കെട്ടുകളോ ഇല്ലാത്ത മാനസികോല്ലാസത്തിന്റെ അവസരമാണ് ക്രിസ്മസ്. അതിരുകളില്ലാത്ത സ്നേഹം പങ്കിടാൻ മികച്ച അവസരമൊരുക്കിയ മാതൃഭൂമി പ്രശംസ അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് ലോകത്തിനു നൽകുന്ന സമത്വത്തിന്റെയും താഴ്മയുടെയും സന്ദേശം എക്കാലവും പ്രസക്തമാണെന്ന് ബിഷപ്പ് ഡോ. പൗലോസ് മോർ ഐറേനിയോസ് പറഞ്ഞു. ഇന്ന് ക്രിസ്ത്യാനികൾ മാത്രമല്ല ക്രിസ്മസ് ആഘോഷിക്കുന്നത്. മതത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മനുഷ്യകുലം മുഴുവനുമായി ദൈവം ഒരുക്കിയ രക്ഷയുടെ അനുഭവമാണ് യേശു. അത്യുന്നതനായ ദൈവം സ്വയം ഇല്ലായ്മയുടെ അനുഭവത്തിലേക്ക് ഇറങ്ങി. പ്രതിസന്ധികൾ നേരിടുന്ന ഇക്കാലത്ത് ആഘോഷങ്ങൾ പൂർണമാവുന്നത്, സ്വർഗം സന്തോഷിക്കുന്നത് ഭേദചിന്തകളില്ലാതെ മനുഷ്യർ ഒരുമിച്ചുചേരുമ്പോഴാണെന്ന് ബിഷപ്പ് പറഞ്ഞു. മുൻ മേയർ സി.ജെ. റോബിൻ, മാർത്തോമ്മ സഭയിലെ റവ. ഷൈജു സി. ജോയി, റവ. സാജു ബി. ജോൺ, സി.എസ്.ഐ. സഭയിലെ റവ. ടി.ഐ. ജയിംസ്, റവ. വിൻസന്റ് മോസസ്, കത്തോലിക്ക സഭയിലെ ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. ജോൺ മണ്ണാറത്തറ, ദേവഗിരി കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ആന്റണി നെല്ലാംകുഴി സി.എം.ഐ., ഫാ. ചാക്കോ ഇല്ലിപ്പറമ്പിൽ, മെഡിക്കൽ കോളേജിലെ ചീഫ് കാർഡിയോ തെറാസിക് സർജൻ ഡോ. കെ.എം. കുര്യാക്കോസ് , ഷെവലിയർ സി.ഇ. ചാക്കുണ്ണി തുടങ്ങിയവരും സംസാരിച്ചു. കേരളാ കോൺഗ്രസ് ജില്ലാപ്രസിഡന്റ് ടി.എം. ജോസഫ്, പ്രൊഫ. ജോബ് കാട്ടൂർ, ഡോ. കെ.ജി. അലക്സാണ്ടർ, സർഗചിത്ര അപ്പച്ചൻ, റെയ്നർ കുനിയത്ത്് തുടങ്ങി സമൂഹത്തിലെ വിവിധതുറകളിൽപ്പെട്ട ഒട്ടേറെ പേർ സംബന്ധിച്ചു. സി.എസ്.ഐ. അൺ എയ്ഡഡ് സ്കൂൾ ക്വയർ ടീം കാരൾ ഗാനങ്ങൾ ആലപിച്ചു. ഭാരം ചുമന്നവരുടെ ഓർമ, കാത്തിരിപ്പിന്റെ സന്തോഷോത്സവം കുരിശുചുമന്ന രക്ഷകന്റെ ജനനപ്പെരുന്നാൾ, എന്റെ കുട്ടിക്കാലത്ത് ഭാരം ചുമക്കുന്നവരുടെ രസകരമായ ഒരു ഓർമയിലേക്കാണ് എന്നെ നയിക്കുന്നത്. അന്നൊക്കെ പാലക്കാട്ടെ ഇടവഴികളിലൂടെ നടന്നും സൈക്കിൾ ചവിട്ടിയുമൊക്കെയാണ് കാരൾ പോയിരുന്നത്. പലതും ഒറ്റയടിപ്പാതകൾ. വഴിവിളക്കുകളില്ല. ഞങ്ങൾ കാരൾകുട്ടികൾ ചിലപ്പോൾ കല്ലിൽതട്ടിയും മറ്റും വീഴും. ഇരുട്ടിൽ ചിലപ്പോൾ കുഴിയിലും വീഴും. ഇതുതടയാൻ യാത്രാസംഘത്തോടൊപ്പം പെട്രോമാക്സ് ചുമന്നുകൊണ്ടുപോവുന്ന രീതിവന്നു. വലിയ ഭാരമാണ് പെട്രോമാക്സിന്; പോരാത്തതിന് നല്ല ചൂടും. ഓരോ വീട്ടിലും പെട്രോമാക്സ് താഴെയിറക്കിവെച്ചാൽ പിന്നീട് എടുക്കാൻ എല്ലാവർക്കും മടിയാണ്. അവസാനംപോവുന്ന സാധുവിന് വിളക്കുചുമക്കേണ്ടിവരും. മനസ്സില്ലാമനസ്സോടെ വിളക്ക് തലയിലേറ്റിനടക്കുന്നത് കാണേണ്ട കാഴ്ചതന്നെ. ചിലപ്പോൾ കാഴ്ചകാണാൻ കാത്തുനിൽക്കുന്ന എന്റെ തലയിലാവും ഭാരം. ചെറിയ ചമ്മലോടെ ചുമക്കുകതന്നെ. ഇന്നത്തേതുപോലെ വലിയ സംഗീതോപകരണങ്ങളൊന്നും കാരളിനില്ല. ഇന്നിപ്പോൾ കാരളിന് ഇലക്ട്രോണിക് സംഗീതോപകരണങ്ങളുണ്ട്. അന്ന് പാലക്കാട് ടൗൺപോലും വികസിച്ചിട്ടില്ല. ഇന്ന് ആഘോഷരീതിമാറി. അന്ന് ഞങ്ങൾ കാരൾപ്പാട്ടുകാരായ കുട്ടികൾ ശരിക്കും ഉല്ലസിക്കുകയായിരുന്നു; സന്തോഷംകൊണ്ട്. ** ** ** ** എന്റെ കുട്ടിക്കാലത്തും ക്രിസ്മസ് എനിക്ക് കാത്തിരിപ്പിന്റെ നാളുകളായിരുന്നു. ഷോളയാറിലാണ് ജനനം. വിക്ടറും ലിനിയും മാതാപിതാക്കൾ. അമ്മയുടെ ആങ്ങള മോഹൻ അങ്കിളിന്റെ പാലക്കാട്ടെ വീട്ടിൽ താമസിച്ചായിരുന്നു സ്കൂൾപഠനം. ക്രിസ്മസ് കാലത്ത് മാതാപിതാക്കൾ വരും. സമ്മാനം തരും. അവർക്കായുള്ള കാത്തിരിപ്പുകൂടിയായിരുന്നു ക്രിസ്മസ്. വസ്ത്രമായിരിക്കും പലപ്പോഴും ക്രിസ്മസ് സമ്മാനം. അന്ന് ഇന്നത്തേതുപോലെ റെഡിമെയ്ഡ് ഡ്രസ് പതിവില്ല. പുത്തൻ വസ്ത്രം തയ്ച്ചുകിട്ടി ആദ്യദിനം അണിയുന്നത് വലിയ സന്തോഷമായിരുന്നു. ജോലിസ്ഥലത്തുനിന്ന് വരുമ്പോൾ പിതാവ് എപ്പോഴും മധുരപലഹാരവും കൊണ്ടുവന്നുതരും. ഇതിനൊക്കെയാണ് കാത്തിരിപ്പ്. ആകാംക്ഷയുടെ ദിവസങ്ങളായിരിക്കും അത്. ഇതൊന്നുംകിട്ടാത്ത ചില സുഹൃത്തുക്കളുടെ സങ്കടം എന്റെയും കണ്ണുനനയിച്ചിട്ടുണ്ട്. -റൈറ്റ് റവ. ഡോ. റോയിസ് മനോജ് വിക്ടർ, സി.എസ്.ഐ. മലബാർ മഹായിടവക ബിഷപ്പ് കാരൾ ഗാനങ്ങൾ പാടിയ കുട്ടിക്കാലം മംഗലാപുരം നെല്യാടി കുണ്ടൂരിലാണ് ഞാൻ ജനിച്ചത്. അവിടെ അന്ന് 52 വീട്ടുകാരുള്ള യാക്കോബായ ഇടവക ഉണ്ടായിരുന്നു. ക്രിസ്മസിന്റെ ഓർമയിൽ ഏറ്റവും പച്ചപിടിച്ചു നിൽക്കുന്നത് കരോൾപാട്ടുപാടി വീടുവീടാന്തരം കയറിയിറങ്ങുന്നതാണ്. ഒൻപതു വയസ്സുകാരന് കാരൾ പോകാൻ അനുവാദം കിട്ടിയത് തന്നെ വലിയ സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആഘോഷമായിരുന്നു. അടുത്തടുത്തായിരുന്നു ക്രിസ്മസ് കാരൾ പാടാനുള്ള വീടുകൾ. എന്റെ പപ്പ വർക്കിയും മമ്മി സാറാമ്മയും കർശനമായ അച്ചടക്കത്തിലാണ് എന്നെ വളർത്തിയിരുന്നത്. അതിനാൽ കൂട്ടുകാരുമൊത്ത് സന്തോഷിക്കാൻ കുട്ടിയായ എനിക്ക് അവസരങ്ങൾ സ്കൂളിൽ മാത്രമായിരുന്നു. ഹൈസ്കൂൾ ആയപ്പോഴേക്കും ഞങ്ങൾ മംഗലാപുരത്തേക്കു പോന്നു. ക്രിസ്മസ് സമ്മാനങ്ങളും ആശംസാ കാർഡുകളുമൊക്കെ കിട്ടാൻ തുടങ്ങുന്നത് അവിടൈവച്ചാണ്. അപ്രതീക്ഷിതമായി ഇവ കിട്ടുന്നതിന്റെ സന്തോഷം ചെറുതായിരുന്നില്ല. ഞായറാഴ്ച കോതമംഗലം ചെറിയപള്ളിയിൽ സത്യവിശ്വാസദീപം തെളിക്കാൻ പോയപ്പോൾ ഇക്കാര്യമെല്ലാം ഓർത്തു പോയി. പാതിരാത്രിയിൽ ടോർച്ചും തെളിച്ച് പിടിച്ച് പള്ളിയിൽ പോകുന്നതാണ് എന്റെ മറ്റൊരു ബാല്യകാല ക്രിസ്മസ് സന്തോഷം. പതിവിനു വിപരീതമായി പള്ളിയിൽ രാത്രി രണ്ടുമണിക്ക് കുർബാന. നേരത്തേ എഴുന്നേറ്റ് കുളിച്ചൊരുങ്ങി പള്ളിയിൽ പോവണം. ഞാൻ അൾത്താര ബാലനുമായിരുന്നു. മഞ്ഞിൽ തണുത്ത പുലർകാലത്ത് ദൈവവചനങ്ങളും പ്രാർഥനകളും മുഴങ്ങുന്ന മദ്ബഹയും പള്ളിയും ഇന്നും മനസ്സിലുണ്ട്. പള്ളിയിൽ എമ്പാടും കുന്തിരിക്കസുഗന്ധം. എരിയുന്ന മെഴുകുതിരികളുടെ പ്രകാശം. പള്ളിയങ്കണത്തിലെങ്ങും മിഴിചിമ്മുന്ന നക്ഷത്രദീപങ്ങൾ. തീകാഞ്ഞുകൊണ്ടിരുന്ന ആട്ടിടയന്മാർക്ക് മാലാഖമാർ പ്രത്യക്ഷപ്പെട്ടതിന്റെ ഓർമയിൽ അഗ്നിജ്വാലയിങ്കലെ ശുശ്രൂഷയുണ്ട്. കൂട്ടിവെച്ച കുരുത്തോലകളുടെ കൂമ്പാരം കത്തിച്ച്്. നല്ല തണുപ്പിൽ തീയ്ക്കു ചുറ്റും നടക്കുന്നതിന്റെ സ്മരണ ഇന്നും നിലനിൽക്കുന്നു. -ഡോ. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനാധിപൻ സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന ആഘോഷമായതിനാലാണ് ഓരോ ക്രിസ്മസ് കഴിയുമ്പോഴും അടുത്തതിനായി നാം കാത്തിരിക്കുന്നത്. പരസ്പരസ്നേഹം പങ്കിടുമ്പോൾ ആഘോഷങ്ങൾ അർഥവത്താകുന്നു. ഓരോ ആഘോഷവും നൽകുന്ന സന്ദേശം ജീവിതത്തിൽ പകർത്താൻ നമുക്കു കഴിയണം.- പി.വി.ചന്ദ്രൻ, മാനേജിങ് എഡിറ്റർ, മാതൃഭൂമി തയ്യാറാക്കിയത് - ഡോ. എബി പി. ജോയി Content Highlights; mathrubhumi christmas celebration in kozhikode


from mathrubhumi.latestnews.rssfeed https://ift.tt/2Zlt74Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages