ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും ആവേശ്വോജലമായ ഏടുകളിലൊന്നാണു ധീരരക്‌തസാക്ഷി ചന്ദ്രശേഖര്‍ ആസാദിന്റെ പോരാട്ടം. ഇതേ ആവേശത്തിന്റെ മറ്റൊരു പതിപ്പാണ് ഭീം ആര്‍മി തലവന്‍ "രാവണ്‍" എന്നറിയപ്പെടുന്ന ചന്ദ്രശേഖര്‍ ആസാദിന്റെ മുന്നേറ്റം. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭത്തിന്റെ മുഖമായി മാറിയിരിക്കുകയാണ് ഈ 33 വയസുകാരന്‍.
തെരുവുകളിലും സൈബറിടങ്ങളിലും യുവത്വം ആസാദിനു പിന്നില്‍ അണിനിരക്കുന്ന കാഴ്‌ചയ്‌ക്കാണ് ഏതാനും ദിവസങ്ങളായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. പതിവ് രാഷ്‌ട്രീയക്കാരില്‍നിന്ന് തികച്ചും വ്യത്യസ്‌തനാണ് ഈ യുവനേതാവ്. കാഴ്‌ചയിലും പ്രവര്‍ത്തിയിലും. പിരിച്ചു കയറ്റിയ മീശയും കൂളിങ് ഗ്ലാസുമായി ഇടിവെട്ട് ലുക്കില്‍ ബുള്ളറ്റില്‍ പറന്നെത്തുന്ന ആസാദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു പോലും വെല്ലുവിളിയാകുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്.
പടിഞ്ഞാറന്‍ യു.പിയിലെ സഹാറന്‍പുര്‍ ചൂട്‌മാല്‍ സ്വദേശിയായ ആസാദ് നിയമബിരുദധാരിയാണ്. 2014 ല്‍ വിനയ് രത്തന്‍ സിങ്, സതീഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഭീം ആര്‍മിയെന്ന സംഘടനയ്‌ക്കു രൂപം നല്‍കി. വിദ്യാഭ്യാസത്തിലൂടെ ദളിതരുടെ ഉന്നമനമായിരുന്നു സംഘടനയുടെ ലക്ഷ്യം. 2017 ല്‍ സഹരന്‍പൂരില്‍ ദളിതരും ഉയര്‍ന്ന ജാതിക്കാരും തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഭീം ആര്‍മി ശ്രദ്ധിക്കപ്പെടുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്നു ദേശീയസുരക്ഷാ നിയമപ്രകാരം അറസ്‌റ്റിലായ ആസാദ് 16 മാസം ജയില്‍വാസം അനുഭവിച്ചു. വര്‍ധിതവീര്യത്തോടെയായിരുന്നു പുറത്തിറങ്ങിയ ശേഷമുള്ള പ്രവര്‍ത്തനം.
പൗരത്വം നിയമത്തിനെതിരായ പ്രക്ഷോഭം ശക്‌തമായതോടെ ആസാദും ഭീം ആര്‍മിയും കളത്തിലിറങ്ങി. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ഡല്‍ഹി ജാമാ മസ്‌ജിദില്‍ നമസ്‌കാരത്തിനായി ആയിരങ്ങളാണ് എത്തിയത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി മസ്‌ജിദിന്റെ ഗേറ്റുകളിലൊന്ന് പോലീസ് ബാരിക്കേഡ് കൊണ്ട് തടഞ്ഞിരുന്നു. ഇതോടെ നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ഒന്നാമത്തെ ഗേറ്റില്‍ തടിച്ചുകൂടി. പ്രതിഷേധ റാലി നടത്തുമെന്നു പ്രഖ്യാപിച്ച ആസാദിനെ മസ്‌ജിദിന് പുറത്തുവച്ച് പോലീസ് പിടികൂടി. പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ പോലീസ് പിടിയില്‍നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളില്‍ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആള്‍ക്കൂട്ടത്തിനു സമീപമെത്തിയത്. വീണ്ടും കസ്‌റ്റഡിയിലെടുക്കാന്‍ ശ്രമം ഉണ്ടായെങ്കിലും ജനം ഇടപെട്ടു തടയുകയായിരുന്നു. ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ആസാദ് മസ്‌ജിദില്‍ എത്തിയത്. തുടര്‍ന്ന് മസ്‌ജിദിനുള്ളില്‍ കയറിയ ഇദ്ദേഹത്തെ രാത്രി വൈകി പോലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഡോ. ബി.ആര്‍. അംബേദ്‌കറുടെയും ബി.എസ്.പി. സ്‌ഥാപകന്‍ കാന്‍ഷി റാമിന്റെയും ആദര്‍ശങ്ങളില്‍ ആകൃഷ്‌ടനായാണ് ആസാദ് ദളിത് വിഭാഗത്തിനായി പോരാട്ടം ആരംഭിച്ചത്. ഈ യുവനേതാവിന് ഇന്നു ലഭിക്കുന്ന ജനങ്ങളുടെ അംഗീകാരം ബി.എസ്.പി. അധ്യക്ഷ മായാവതിയടക്കമുള്ളവര്‍ക്കു ഭീഷണിയാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നത്.
from mangalam.com https://ift.tt/34GXi7W
via IFTTT
No comments:
Post a Comment