രാജ്യം നടുങ്ങിയ ഡൽഹി കൂട്ടബലാത്സംഗ സംഭവത്തിന് ഏഴുവർഷം പൂർത്തിയാകുന്ന ഡിസംബർ 16-ന് കേസിലെ നാലു പ്രതികളെ തൂക്കിലേറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഡിസംബർ 14-നകം പത്ത് തൂക്കുകയറുകൾ നിർമിച്ചുനൽകാൻ ബിഹാറിലെ ബക്സർ ജയിലിനോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച അഭ്യൂഹം ശക്തമായത്. അതേസമയം, വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരേ പ്രതികളിലൊരാൾ തിങ്കളാഴ്ച പുനഃപരിശോധനാ ഹർജി നൽകി. മറ്റു മൂന്നുപേരുടെയും പുനഃപരിശോധനാ ഹർജി കോടതി തള്ളിയിരുന്നു. 2012 ഡിസംബർ 16-ന് രാത്രി ഡൽഹിയിൽ ഓടുന്ന ബസിൽവെച്ച് 23-കാരിയായ പാരാമെഡിക്കൽ വിദ്യാർഥിനിയെ ആറുപേർ കൂട്ടബലാത്സംഗംചെയ്ത് അതിക്രൂരമായി ആക്രമിച്ചുവെന്നാണ് കേസ്. മുകേഷ് (29), പവൻ ഗുപ്ത (22), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണ് ഈ കേസിൽ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിൽ അക്ഷയ് കുമാർ ഒഴികെയുള്ളവരുടെ പുനഃപരിശോധനാ ഹർജിയാണ് സുപ്രീംകോടതി നേരത്തേ തള്ളിയത്. അക്ഷയ് കുമാർ തിങ്കളാഴ്ചയാണ് വധശിക്ഷയ്ക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനിടെ, വിനയ് ശർമ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു. ദയാഹർജി തള്ളണമെന്ന് ഡൽഹി സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. എന്നാൽ, വിനയ് ശർമയുടെ അറിവോടെയല്ല അത് നൽകിയതെന്നും തിരുത്തൽ ഹർജിയെന്ന സാധ്യത കോടതിക്ക് മുൻപാകെയുള്ളതിനാൽ ദയാഹർജി പിൻവലിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഈയിടെനടന്ന അതിക്രൂരമായ ബലാത്സംഗവും തുടർന്നുള്ള കൊലപാതകവും പാർലമെന്റിൽവരെ വലിയ ചർച്ചയാവുന്നുണ്ട്. ഇത്തരം കേസുകളിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കാനെടുക്കുന്ന കാലതാമസത്തെക്കുറിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞദിവസം സഭയിൽ പറഞ്ഞിരുന്നു. എല്ലാംകൂടി ചേർത്തുവായിക്കുമ്പോഴാണ് പ്രതികളുടെ വധശിക്ഷ ഇനിയും വൈകില്ലെന്ന സൂചന ലഭിക്കുന്നത്. തൂക്കുകയറുകൾ തയ്യാറാവുന്നു, ബക്സർ ജയിലിൽ രാജ്യത്തെ എല്ലാ ജയിലുകൾക്കും തൂക്കുകയർ നിർമിച്ചുനൽകുന്നത് ബക്സർ ജയിലിൽനിന്നാണ്. പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി ഒൻപതിന് തൂക്കിലേറ്റാനാണ് ബക്സറിൽനിന്ന് അവസാനമായി കയർ നിർമിച്ചുനൽകിയത്. ഇത്തവണ ഡിസംബർ 14-നകം പത്ത് തൂക്കുകയറുകൾ നിർമിച്ചുനൽകാനാണ് ജയിൽ ഡയറക്ടറേറ്റിൽനിന്നുള്ള നിർദേശമെന്ന് ബക്സർ ജയിൽ സൂപ്രണ്ട് വിജയ് കുമാർ അറോറ പറഞ്ഞു. എന്നാൽ, അത് ആരുടെ വധശിക്ഷയ്ക്കുവേണ്ടിയാണെന്ന് തങ്ങൾക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Nirabhaya case culprit may hang December 16
from mathrubhumi.latestnews.rssfeed https://ift.tt/2PtwWkn
via
IFTTT
No comments:
Post a Comment