എരമംഗലം: ശരീരസൗന്ദര്യ സങ്കൽപ്പങ്ങളെ കാറ്റിൽപ്പറത്തിയും പ്രതിസന്ധികളെ നേരിട്ടുമാണ് എരമംഗലം നാക്കോല സ്വദേശിയായ മനോജ് നാക്കോല നേട്ടങ്ങളുടെ ഉയരം കീഴടക്കിയത്. നാക്കോലയിലെ തന്റെ കൊച്ചുകുടിലിൽനിന്ന് ചക്കരക്കിഴങ്ങും ചീരയിലയും പോഷകമാക്കിയാണ് മൂന്നടിമാത്രം ഉയരമുള്ള ഈ 28-കാരൻ നേടിയത് 'മിസ്റ്റർ ഏഷ്യ' പട്ടമാണ്. ബെംഗളൂരുവിൽ നടന്ന ഇന്തോ -പസഫിക് ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഫിസിക്കലി ചാലഞ്ച്ഡ് വിഭാഗത്തിലെ മത്സരത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 11 രാജ്യങ്ങളിൽനിന്നായുള്ള മത്സരാർഥികൾ പങ്കെടുത്ത ഈ മത്സരത്തിലെ ഏക മലയാളിയും മനോജ് നാക്കോലയായിരുന്നു. വേൾഡ് ഫിറ്റ്നെസ് ഫെഡറേഷനാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഫിസിക്കലി ചാലഞ്ച്ഡ് വിഭാഗത്തിൽ മലപ്പുറംജില്ലയിലെ മത്സരത്തിൽ മിസ്റ്റർ മലപ്പുറം, കോട്ടയത്തുനടന്ന മത്സരത്തിൽ മിസ്റ്റർ കേരള, എറണാകുളത്ത് നടന്ന മത്സരത്തിൽ മിസ്റ്റർ ഇന്ത്യാ പട്ടവുമാണ് മനോജിനെ ബെംഗളൂരുവിൽ നടന്ന ഇന്തോ -പസഫിക് ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിലേക്ക് എത്തിച്ചത്. ചങ്ങരംകുളം സ്വദേശിയായ പി.വി. വിനീഷാണ് മനോജിന്റെ പരിശീലകൻ. പ്രായമായ അച്ഛനും അമ്മയുമൊത്ത് ഓലക്കുടിലിൽക്കഴിയുന്ന മനോജ് ലോട്ടറിവില്പന നടത്തിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഭക്ഷണക്രമങ്ങൾ പാലിക്കണമെങ്കിലും ദിവസവും ഇതിനായി 400 രൂപ ചെലവുവരും. പണമില്ലാത്തതിനാൽ ശാരീരികാരോഗ്യം നിലനിർത്തുക വെല്ലുവിളിയാണ്. എറണാകുളത്തും ബെംഗളൂരുവിലും മത്സരങ്ങൾക്ക് പങ്കെടുത്തത് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്താലാണ്. 2020 ഫെബ്രുവരിയിൽ മലേഷ്യയിൽ വേൾഡ് മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ പണം കണ്ടെത്താൻ മറ്റുവഴികളില്ലാത്ത അവസ്ഥയിലാണ്. തകർന്നുവീഴാറായ ഓലക്കുടിലിൽ കഴിയുന്ന മനോജിന് ലൈഫ് മിഷൻ വഴി ഭവന നിർമാണം നടക്കുന്നുണ്ടെങ്കിലും സർക്കാർ നൽകുന്ന നാലുലക്ഷം രൂപകൊണ്ട് വീടുനിർമാണം പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. Content Highlights:Physically Challenged bodybuilder Manoj Naakkola clinches Mr.Asia title in Indo Pacific Bodybuilding Championship
from mathrubhumi.latestnews.rssfeed https://ift.tt/2tm4pWt
via
IFTTT
No comments:
Post a Comment