പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തിയാർജിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും പൗരാവകാശസമ്മേളനങ്ങളും റാലികളും നടക്കുകയാണ്. ഈ വിഷയത്തെ മുസ്ലിങ്ങളുടെ മാത്രം പ്രശ്നമായി കാണരുത്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. രാജ്യം ഭിന്നിച്ചുകാണാൻ ആഗ്രഹിക്കാത്ത എല്ലാവരും നിയമത്തെ എതിർക്കണം.. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുമായി മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസ് നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്... പൗരത്വനിയമത്തെ എന്തുകൊണ്ടാണ് ആശങ്കയോടെ കാണുന്നത് പൗരത്വനിയമം മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്നമല്ല. നിയമത്തിന്റെപേരിൽ മുസ്ലിങ്ങൾ പുറത്തുപോവേണ്ടിവരില്ല. അതുകൊണ്ട് ഇത് മുസ്ലിങ്ങളുടെമാത്രം പ്രശ്നമല്ലേയല്ല. ഇന്ത്യൻ ഭരണഘടനയെ അടിസ്ഥാനപരമായി മാറ്റുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഗൗരവമേറിയ വിഷയമാണിത്. അതുണ്ടാവാൻ പാടില്ല. മുസ്ലിങ്ങളുടെയോ ഹൈന്ദവരുടെയോ ക്രൈസ്തവരുടെയോ പ്രത്യേക പ്രശ്നമല്ല ഇത്. രാഷ്ട്രീയമായി ചിന്തിക്കുന്നവരതിനെ ചിലപ്പോൾ ദുർവ്യാഖ്യാനിച്ചേക്കാം. രാജ്യത്തെ ബഹുഭൂരിപക്ഷവും നിയമത്തിനെതിരാണ്. പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചതുകൊണ്ടുമാത്രം രാജ്യത്തെ ജനങ്ങളുടെ എതിർപ്പിനെ കണ്ടില്ലെന്ന് നടിക്കാനാവില്ല. മുസ്ലിങ്ങളെ ഭീകരരായി ചിത്രീകരിക്കുന്നുവെന്നതാണല്ലോ പൗരത്വനിയമത്തിനെതിരേ ഉയർന്നിട്ടുള്ള പ്രധാന ആരോപണം. എന്താണ് ഇക്കാര്യത്തിലുള്ള നിലപാട് മുസ്ലിങ്ങൾ എന്നെങ്കിലും രാജ്യത്തിനെതിരായി പ്രവർത്തിച്ചുവെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടോ? സ്വാതന്ത്ര്യം നേടിയതുമുതൽ മുസ്ലിങ്ങൾ രാജ്യത്തിനൊപ്പം യോജിച്ചുപോയിട്ടുണ്ട്. ഒരിക്കലും രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ മുസ്ലിങ്ങൾ ശ്രമിച്ചിട്ടില്ല. രണ്ടു പ്രധാനമന്ത്രിമാർ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടു സംഭവത്തിലും ഒരു മുസ്ലിം പോലും പ്രതിയായിട്ടില്ല. ബാബറിമസ്ജിദ് തകർത്തത് തെറ്റാണെന്നെല്ലാവർക്കും അറിയാം. പക്ഷേ, മുസ്ലിങ്ങൾ പ്രകോപനമുണ്ടാക്കിയില്ല. നിയമത്തിന്റെ വഴിയിലാണ് നീങ്ങിയത്. വിധി വന്നു. കർസേവകർ പള്ളി പൊളിച്ചത് തെറ്റാണെന്നും അമ്പലം പൊളിച്ചല്ല പള്ളി പണിതതെന്നും കോടതി പറഞ്ഞു. വിധിയുടെ ആദ്യഭാഗത്തിൽ ഇതൊക്കെ പറഞ്ഞെങ്കിലും വിധി എതിരായി. എന്നിട്ടും മുസ്ലിം സമുദായം സമാധാനത്തിന്റെ പാതയിൽ മുന്നോട്ടുപോയി. അതുകൊണ്ട് മുസ്ലിങ്ങളെ ഭീകരരായി ചിത്രീകരിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഭീകരവാദികൾ രാജ്യത്തു നുഴഞ്ഞുകയറുന്നതു തടയാനാണ് പൗരത്വനിയമം കൊണ്ടുവരുന്നത് എന്നാണല്ലോ പ്രധാന വാദം ഇപ്പോൾ പൗരത്വംനൽകി ഇന്ത്യയിലേക്ക് കടത്തിയവരിൽ ഭീകരവാദികളില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും. രാജ്യത്തെ നശിപ്പിക്കാൻ ഉദ്ദേശിച്ച് നുഴഞ്ഞുകയറിയവർ ഇതിൽ ഉണ്ടാവില്ലേ. അസമിൽ 19 ലക്ഷംപേർ രേഖകളില്ലാത്തവരായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷവും അമുസ്ലിങ്ങളാണ്. ഇവർക്ക് പുതിയ നിയമപ്രകാരം പൗരത്വം നൽകിയാൽ ശുദ്ധിയാവുമോ. ഇവരിൽ തീവ്രവാദികൾ ഇല്ലെന്നെങ്ങനെ പറയാൻകഴിയും. ഭീകരവാദം മുഴുവൻ മുസ്ലിങ്ങളുടെപേരിൽ വെച്ചുകെട്ടുന്നത് ശരിയല്ല. ഭൂരിപക്ഷം മുസ്ലിങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് ഭീകരവാദത്തെ ചെറുക്കുന്നുവെന്ന പേരിൽ മുസ്ലിങ്ങളെ ഒറ്റപ്പെടുത്തരുത് നിയമത്തെ എങ്ങനെ നേരിടാനാണ് ഉദ്ദേശിക്കുന്നത് എല്ലാ സംഘടനകളുമായി ആലോചിച്ച് പൗരത്വബില്ലിനെ എതിർക്കുന്നവരെ ഏകോപിപ്പിക്കാൻ ശ്രമിക്കും. സർക്കാരുമായി മത്സരിച്ച് ഒരു യുദ്ധപ്രഖ്യാപനം നടത്തുകയെന്ന ഉദ്ദേശ്യമില്ല. എങ്കിലും ജനങ്ങളുടെ ഭീതി അകറ്റാൻ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാരിനു കഴിയും. ആ നിലയ്ക്ക് പ്രവർത്തിക്കണമെന്ന് കേന്ദ്രസർക്കാരിനെ ധരിപ്പിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കാണാൻ സമയം ചോദിച്ചിട്ടുണ്ട്. ഭേദഗതിയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇനി ഭേദഗതി കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ പൊതുവികാരം കണക്കിലെടുത്ത് ഭേദഗതി കൊണ്ടുവരുന്നതിൽ തെറ്റില്ല. കേന്ദ്രസർക്കാർ ഒരു പുനർവിചിന്തനത്തിന് തയ്യാറാവുമെന്നാണ് പ്രതീക്ഷ. പുനർവിചിന്തനം ഉണ്ടായില്ലെങ്കിൽ എന്തായിരിക്കും നിലപാട് ഭേദഗതി കൊണ്ടുവരുന്നില്ലെങ്കിൽ നിയമപരമായി നീങ്ങും. ഭരണഘടനാഭേദഗതി പാടില്ലെന്ന് മുമ്പു ചില കേസുകളിൽ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കോടതിയെ സമീപിച്ചാൽ വിധി അനുകൂലമാവുമെന്നാണ് പ്രതീക്ഷ. മുസ്ലിംലീഗ് ഇക്കാര്യത്തിൽ കൈക്കൊള്ളുന്ന നിലപാട് തൃപ്തികരമാണോ മുസ്ലിംലീഗ് തൃപ്തികരമായ രീതിയിൽ ഇക്കാര്യത്തിൽ നിലപാടെടുത്ത് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോൾ ഓരോരുത്തരുടെയും നിലപാടിൽ പോരായ്മ കാണുന്നത് ശരിയല്ല. ഹർത്താൽ തിടുക്കത്തിലായി എന്ന അഭിപ്രായമുണ്ടോ ഹർത്താലിന് ഇപ്പോൾ സമയമായില്ല എന്നാണ് എന്റെ നിലപാട്. ഹർത്താൽ ശത്രുത കൂട്ടാനേ സഹായിക്കൂ. മാത്രമല്ല, ഹർത്താൽ നടത്തിയാൽത്തന്നെ അത് കേരളത്തിൽമാത്രമേ വിജയിക്കൂ. ചിലപ്പോൾ അസമിലും നടന്നേക്കാം. അതുകൊണ്ട് ഇപ്പോൾ ഹർത്താൽ നടത്തുന്നതിൽ കാര്യമില്ല. കേരളത്തിൽ ഈ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കിൽ 356-ാം വകുപ്പ് ഉപയോഗിച്ച് സർക്കാരിനെ പിരിച്ചുവിടുമെന്ന് ബി.ജെ.പി. നേതൃത്വം പറയുന്നു. ഇതിനെ എങ്ങനെ വിലയിരുത്തുന്നു നിയമം നടപ്പാക്കാത്തതും പിരിച്ചുവിടലുമെല്ലാം രാഷ്ട്രീയമായും നിയമപരമായും അവർ നോക്കട്ടെ. അതിലൊന്നും പറയാനില്ല. കേരളത്തിൽ ഈ നിയമം നടപ്പാക്കേണ്ട ആവശ്യം വരുന്നില്ലെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെങ്കിലോ. കേന്ദ്രസർക്കാരും ബി.ജെ.പി.യും ആഗ്രഹിക്കുന്നവിധം കാര്യങ്ങളെത്തിക്കാൻ കഴിഞ്ഞു എന്ന് വിശ്വസിക്കുന്നുണ്ടോ അവരുടെ ഉദ്ദേശ്യം എന്താണെന്ന് എനിക്കറിയില്ല. മുസ്ലിങ്ങൾ മാത്രമല്ല, ഇന്ത്യ ഭിന്നിക്കരുതെന്നാഗ്രഹിക്കുന്ന എല്ലാവരും പൗരത്വനിയമത്തെ എതിർക്കുന്നുണ്ട്. ഭിന്നിപ്പ് ആളിക്കത്തിച്ചു ഭരിച്ചിട്ട് എന്താണു നേട്ടമെന്ന് സർക്കാർ ആലോചിക്കണം. സാമ്പത്തികമായി രാജ്യം താഴോട്ടുപോവുമ്പോൾ പുരോഗതിയാണ് വേണ്ടത്. അതുകൊണ്ട് സർക്കാർ പുനർവിചിന്തനം നടത്തുമെന്നുതന്നെയാണ് പ്രതീക്ഷ. Content Highlights:kanthapuram a p abubakar musliyar interveiw citizenship act
from mathrubhumi.latestnews.rssfeed https://ift.tt/2Em1oHU
via
IFTTT
No comments:
Post a Comment