തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ കാലത്ത് ശിക്ഷാകാലാവധി പൂർത്തിയാകുംമുമ്പ് വിട്ടയച്ച തടവുകാരിൽ വീണ്ടും ക്രിമിനൽ കേസുകളിൽ പ്രതിയായവരുടെ ജയിൽമോചനം സർക്കാർ പുനഃപരിശോധിക്കും. ഹൈക്കോടതി നിർദേശപ്രകാരം പോലീസിന്റെയും ജയിൽവകുപ്പിന്റെയും അന്വേഷണങ്ങളുടെ റിപ്പോർട്ട് ജയിൽ മേധാവി ഋഷിരാജ് സിങ് ആഭ്യന്തരവകുപ്പിന് കൈമാറി.2011-ൽ വിട്ടയച്ച 209 പേരിൽ 20 പേർ വീണ്ടും ക്രിമിനൽകേസുകളിൽ ഉൾപ്പെട്ടുവെന്നും ഇവരുടെ ശിക്ഷായിളവ് റദ്ദാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ജയിൽ ഉപദേശകസമതി കൂടി ഇക്കാര്യത്തിൽ തീരുമാനമെടുത്ത് ഗവർണർക്ക് റിപ്പോർട്ട് കൈമാറും. ഗവർണറുടെ തീരുമാനം ഹൈക്കോടതിയെ അറിയിക്കും.ശിക്ഷാകാലാവധി പൂർത്തിയാകുംമുമ്പ് വിട്ടയച്ച ഇവർ വ്യവസ്ഥകൾ ലംഘിച്ചതിനാൽ വീണ്ടും ബാക്കികാലത്തെ ശിക്ഷ അനുഭവിക്കേണ്ടിവരും. ശിക്ഷാകാലാവധിക്കുമുമ്പ് വിട്ടയക്കുകയെന്നത് ദീർഘമായ പരോളിന് തുല്യമാണെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനാൽ പരോൾ റദ്ദാവുമെന്നും ജയിൽ അധികൃതർ പറയുന്നു. ഇതിൽ അന്തിമതീരുമാനമെടുക്കേണ്ടത് ജയിൽ ഉപദേശക സമിതിയും മന്ത്രിസഭയുമാണ്. പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് 29 പേരെയും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് 45 പേരെയും ചീമേനി തുറന്ന ജയിലിൽനിന്ന് 24 പേരെയും നെട്ടുകാൽത്തേരി തുറന്നജയിലിൽനിന്ന് 111 പേരെയുമാണ് വിട്ടത്. ഇതിൽ 22 പേർ മരിച്ചു. ഒരാളെക്കുറിച്ച് വിവരമൊന്നുമില്ല. മറ്റുള്ളവർ നല്ലനടപ്പിലുമാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിദേശത്ത് ജോലിചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.കൊലക്കേസിൽ ജയിലിലായ മെൽവിൻ പാദുവയുടെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ, കൊലചെയ്യപ്പെട്ടവരിൽ ചിലരുടെ ബന്ധുക്കളും കക്ഷി ചേർന്നു. തുടർന്നാണ്, ശിക്ഷായിളവ് നൽകിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/35n9WKA
via
IFTTT
No comments:
Post a Comment