മംഗളൂരു: പൗരത്വനിയമഭേദഗതിക്കെതിരേ നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് പോലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട മംഗളൂരുവിൽ മലയാളികൾ അടക്കമുള്ള മാധ്യമപ്രവർത്തകർ കസ്റ്റഡിയിൽ. വാർത്തകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. വെന്റ് ലോക്ക് ആശുപത്രിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയ റിപ്പോർട്ടർമാരും കാമറാമാൻമാരും അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരുവിലെ സാഹചര്യങ്ങൾ സംബന്ധിച്ചുള്ള വാർത്തകൾതടയുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. സിറ്റി പോലീസ് കമ്മീഷണർ ഡോ. പി.എസ് ഹർഷയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. കർഫ്യൂ മാധ്യമപ്രവർത്തകർക്കും ബാധകമാണെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനത്തിലാണ് ഇവരെ കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. ഇവരുടെ ഫോണുകളും കാമറകളും പിടിച്ചെടുത്തു. ഇന്നലത്തെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിഷേധങ്ങൾ ഉണ്ടാവാനിടയുണ്ടെന്ന സൂചനയെ തുടർന്ന് മംഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിൽ 48 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചത്തെ സംഘർഷത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത 10 പേരെ പാണ്ഡവപുര സ്റ്റേഷനിൽ ചോദ്യംചെയ്യുകയാണ്. വ്യാഴാഴ്ചത്തെ വെടിവെപ്പിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നയാളുടെ നില ഗുരുതരമായി തുടരുന്നു. പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ടു പേരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച 10 മണിയോടെ പോസ്റ്റ്മോർട്ടം ചെയ്യും. മംഗളൂരുവിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ നഗരം പൂർണമായും പോലീസ് നിയന്ത്രണത്തിലാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ രാവിലെ 10 മണിയോടെ എഡിജിപിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ഇന്നലത്തെ സംഘർഷത്തിൽ പരിക്കേറ്റ 20 പോലീസുകാർ ചികിത്സയിൽ കഴിയുകയാണെന്ന് പോലീസ് വ്യക്തമാക്കി. ദക്ഷിണ കാനറയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ഇന്റർനെറ്റ്, മൊബൈൽ ബന്ധം വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രിവരെയാണ് കർഫ്യൂ. അതിനിടെ, മംഗളൂരുവിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കാനറ ജില്ലയുൾപ്പെടുന്ന കാസർകോടിന്റെ വടക്കൻ അതിർത്തി മേഖലയിൽ ജാഗ്രതാനിർദേശമുണ്ട്. കൂടാതെ, കേരളത്തിന്റെ വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, വയനാട് കോഴിക്കോട് എന്നിവിടങ്ങളിൽ ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ നിർദേശിച്ചിട്ടുണ്ട്. മംഗളൂരുവിൽ നിരോധനാജ്ഞ നിലനിൽക്കെ പ്രതിഷേധപ്രകടനം നടത്തിയ യുവാക്കൾക്കുനേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് രണ്ട് യുവാക്കൾ കൊല്ലപ്പെട്ടത്. മംഗളൂരു ബന്ദറിലെ ജലീൽ ബന്ദക്, കുദ്രോളി സ്വദേശി നൗഷീൻ എന്നിവരാണ് മരിച്ചത്. Content Highlights:CAA PROTEST,police action in mangalore kerala media persons in custody
from mathrubhumi.latestnews.rssfeed https://ift.tt/2PEwKzM
via
IFTTT
No comments:
Post a Comment