ന്യൂഡല്‍ഹി: രണ്ടു വര്‍ഷം കൊണ്ട് ബി.ജെ.പിക്കു നഷ്ടമായത് അഞ്ചു സംസ്ഥാനങ്ങളിലെ ഭരണം. 2018 മാര്‍ച്ചില്‍ 13 സംസ്ഥാനങ്ങളാണു ബി.ജെ.പി. ഭരിച്ചിരുന്നത്. ആറു സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികള്‍ക്കായിരുന്നു ഭരണത്തിന്റെ ചുക്കാന്‍. ഇപ്പോള്‍ ബി.ജെ.പി. ഭരിക്കുന്നത് എട്ടു സംസ്ഥാനങ്ങള്‍ മാത്രം. എട്ട് സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളും ഭരിക്കുന്നു. എണ്ണത്തേക്കാള്‍ വലിയ വ്യത്യാസം രാഷ്ട്രീയ മാപ്പിലുണ്ട്.
2018 മാര്‍ച്ചില്‍ രാജ്യത്തിന്റെ വിസ്തീര്‍ണത്തില്‍ 70 ശതമാനം ബി.ജെ.പിയുടെ നിയന്ത്രണത്തിലായിരുന്നു. ഇപ്പോഴത് 34 ശതമാനമായി ചുരുങ്ങി. ചെറുസംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനായതാണ് എണ്ണത്തിലെങ്കിലും ആശ്വാസമാകുന്നത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളാണു രണ്ടു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പിക്കു നഷ്ടമായത്. മൂന്നു തവണ തുടര്‍ച്ചയായി ഭരിച്ചശേഷമാണു മധ്യപ്രദേശും ഛത്തീസ്ഗഡും നഷ്ടമായത്. 2018 ല്‍ ബി.ജെ.പി. പിന്തുണയോടെയായിരുന്നു ജമ്മു കശ്മീര്‍ ഭരണം. ഏഴു മാസം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഝാര്‍ഖണ്ഡിലെ വോട്ടര്‍മാര്‍ ബി.ജെ.പിക്ക് അനുകൂലമായാണു വിധിയെഴുതിയത്. അന്ന് 14 ല്‍ 11 മണ്ഡലങ്ങളും ബി.ജെ.പി. സഖ്യം നേടിയപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാറ്റുമാറി വീശി.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 81 നിയമസഭാ മണ്ഡലങ്ങളില്‍ 63 മണ്ഡലങ്ങളിലും എന്‍.ഡി.എയ്ക്കായിരുന്നു ലീഡ്. എന്നാല്‍ സംസ്ഥാന ഭരണത്തെയും മുഖ്യമന്ത്രി രഘുബര്‍ ദാസിനെയും വിലയിരുത്തി നിയമസഭയിലേക്കു വോട്ട് ചെയ്തപ്പോള്‍ ബി.ജെ.പി. അധികാരത്തിന്റെ പടിക്കു പുറത്ത്. പരുക്കന്‍ നേതാവെന്ന മുഖ്യമന്ത്രിയുടെ പ്രതിച്ഛായ മുതല്‍ സംസ്ഥാനത്തെ പിടിച്ചുലച്ച ആള്‍ക്കൂട്ട കൊലപാതകങ്ങള്‍വരെ നിരവധി ഘടകങ്ങള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി.
* അഴിമതിക്കേസില്‍ വ്യത്യസ്തമല്ല ബി.ജെ.പിയും
വ്യത്യസ്തമായ പാര്‍ട്ടിയെന്ന ബി.ജെ.പിയുടെ അവകാശവാദത്തിന് അഞ്ചു വര്‍ഷംകൊണ്ടു തിളക്കം നഷ്ടമായി. അഴിമതിക്കെതിരേ ബി.ജെ.പി. സര്‍ക്കാര്‍ നടപടിയെടുക്കുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍, ഭരണം നിലനിര്‍ത്താന്‍ പാര്‍ട്ടിക്കു പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാര്‍ട്ടി സ്ഥാനാര്‍ഥകള്‍ക്കെതിരേ ഉയര്‍ന്ന വലിയ ആരോപണങ്ങള്‍ അവഗണിച്ചു. കൊലക്കേസില്‍ പ്രതിയായ ശശി ഭൂഷണ്‍ മേത്ത, 130 കോടിയുടെ അഴിമതിക്കേസില്‍ പ്രതിയായ ഭാനു പ്രതാപ് സാഹി എന്നിവര്‍ മറ്റു പാര്‍ട്ടികളില്‍ നിന്നെത്തി ബി.ജെ.പി. സ്ഥാനാര്‍ഥികളായി. നിരവധി കേസുകളില്‍ പ്രതിയായ ധുല്ലു മഹാതോയ്ക്കു ബി.ജെ.പി. വീണ്ടും സീറ്റ് നല്‍കിയതും തിരിച്ചടിയായി.
തലയ്ക്കുപിടിച്ച അധികാരം
പരുക്കന്‍ നേതാവെന്ന മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ പ്രതിച്ഛായ തിരിച്ചടിയായെന്നു ഝാര്‍ഖണ്ഡിലെ ബി.ജെ.പി. നേതാക്കള്‍തന്നെ പറയുന്നു. ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍നിന്നു തുടര്‍ച്ചയായി ജയിച്ചിരുന്ന രഘുബര്‍ ദാസ് നേരത്തെ ബി.ജെ.പി. മന്ത്രിസഭയില്‍ അംഗമായിരുന്നു. എന്നാല്‍, 2014 ല്‍ മുഖ്യമന്ത്രി ആയതോടെ ''അധികാരം തലയ്ക്കു പിടിച്ചെന്ന'' പരാതികള്‍ വ്യാപകമായിരുന്നു. ജനങ്ങളോടും ഉദ്യോഗസ്ഥരോടും രഘുബര്‍ ദാസ് തട്ടിക്കയറുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പല തവണ പ്രചരിച്ചു. ഇതിലൊന്നില്‍ ''ഝാര്‍ഖണ്ഡിനെ ആദ്യ ആദിവാസി മുക്ത സംസ്ഥാനമാക്കുമെന്ന്'' പറയുന്നതും കേള്‍ക്കാം.ഝാര്‍ഖണ്ഡില്‍ ആദിവാസി വിഭാഗത്തിനു പുറത്തുനിന്നു മുഖ്യമന്ത്രിപദത്തിലെത്തുന്ന ആദ്യയാളാണു രഘുബര്‍ ദാസ്.
* ആദിവാസി രോഷം
വലിയ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണു ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. വോട്ടര്‍മാരില്‍ മൂന്നിലൊന്നു മാത്രമാണ് ആദിവാസികളെങ്കിലുംപൊതുവേ ആദിവാസി സംസ്ഥാനമായാണു ഝാര്‍ഖണ്ഡ് അറിയപ്പെടുന്നത്. ഇവിടെ ആദിവാസി വിരുദ്ധ സര്‍ക്കാരെന്ന പേരുദോഷമാണ് അഞ്ചു വര്‍ഷം കൊണ്ട് രഘുബര്‍ദാസ് സര്‍ക്കാര്‍ നേടിയെടുത്തത്. ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്തതു തങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമായാണു ആദിവാസികള്‍ കണ്ടത്. ലാന്‍ഡ് ബാങ്കുകള്‍ സൃഷ്ടിച്ചത് ആദിവാസി വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കി. മതപരിവര്‍ത്തനത്തിനെതിരായ ബില്ലും ബി.ജെ.പിക്കു ക്ഷീണമുണ്ടാക്കി. ഇതു തങ്ങള്‍ക്കെതിരായ നീക്കമായാണു ആദിവാസി വിഭാഗത്തില്‍പെട്ട ക്രൈസ്തവര്‍ കണ്ടത്.
* ആള്‍ക്കൂട്ട കൊലപാതകങ്ങള്‍
ദളിതര്‍ക്കും മുസ്ലിംകള്‍ക്കുമെതിരേ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന വിമര്‍ശനം. ''ഗോ സംരക്ഷ''കരുടേതടക്കമുള്ള ആക്രമണങ്ങള്‍ മൂലം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തു മരിച്ചത് 20 പേര്‍. ആള്‍ക്കൂട്ട കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളെ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ജയന്ത് സിന്‍ഹ സ്വീകരിച്ചത് ബി.ജെ.പി. അക്രമികള്‍ക്കൊപ്പമാണെന്ന ആരോപണം ശക്തമാക്കി.
* സഖ്യകക്ഷികള്‍ക്ക് അവഗണന
സംസ്ഥാന രൂപീകരണത്തിനു ശേഷം ആദ്യമായാണു ബി.ജെ.പി. ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ദീര്‍ഘകാലം ഒപ്പമുണ്ടായിരുന്ന ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പാര്‍ട്ടിയെയും ജെ.ഡി-യുവിനെയും ഇക്കുറി ഒഴിവാക്കി. ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് സുദേഷ് മഹാതോ അവസാന നിമിഷംവരെ ബി.ജെ.പിയുമായി സഖ്യത്തിനു ശ്രമിച്ചിരുന്നു. സഖ്യമുണ്ടായിരുന്നെങ്കില്‍ ഏതാനും സീറ്റുകളില്‍ക്കൂടി ബി.ജെ.പിക്കു മുന്നേറ്റമുണ്ടാകുമായിരുന്നെന്നാണു സൂചന.
from mangalam.com https://ift.tt/2PSivaO
via IFTTT
No comments:
Post a Comment