മറ്റത്തൂർ (തൃശ്ശൂർ): വേദനയും സങ്കടങ്ങളും നിറഞ്ഞ വിരഹകാലത്തിന് വിടപറഞ്ഞ് ഗഫൂറും സാബിഖയും വിവാഹിതരായി. ഏഴുവർഷത്തെ പ്രണയം സഫലമായത് കോടാലി രജിസ്ട്രാർ ഓഫീസിലാണ്. രജിസ്ട്രാർ ബി.പി. സുരേന്ദ്രനു മുന്നിൽ ഇരുവരും വിവാഹരജിസ്റ്ററിൽ ഒപ്പുവെച്ചു. തുടർന്ന് എല്ലാവർക്കും മധുരം നൽകി. വരന്തരപ്പിള്ളി, വേലൂപ്പാടം എടക്കണ്ടൻവീട്ടിൽ ഗഫൂറും പെരിന്തൽമണ്ണ ചേറുകര, കൂടംകുളം, വാഴതൊടിവീട്ടിൽ സാബിഖയും തൃശ്ശൂരിൽവെച്ച് ഏഴുവർഷംമുമ്പാണ് കണ്ടുമുട്ടിയത്. ഇപ്പോൾ ബി.ഡി.എസ്. വിദ്യാർഥിനിയാണ് സാബിഖ. വിവരമറിഞ്ഞ സാബിഖയുടെ വീട്ടുകാർ എതിർപ്പുമായി രംഗത്തുവന്നു. ഇവർ സാബിഖയെ പൈങ്കുളം, തൊടുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ മാനസികാരോഗ്യകേന്ദ്രങ്ങളിലാക്കി. മരുന്നുകൾ നൽകി മാനസികരോഗിയാക്കാനായിരുന്നു ശ്രമിച്ചതെന്ന് സാബിഖ പറയുന്നു. സെപ്റ്റംബർ 27-ന് ഗഫൂർ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് കോടാലി സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകി. വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുതെന്നും മകൾ മാനസികരോഗിയാണെന്നും പറഞ്ഞ് സാബിഖയുടെ പിതാവും രജിസ്ട്രാറെ സമീപിച്ചു. മാനസികരോഗമുണ്ടെന്നതിന് തെളിവ് ഹാജരാക്കണമെന്ന് രജിസ്ട്രാർ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഗഫൂർ താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് ഹേബിയസ് കോർപ്പസ് ഹർജി നൽകി. കോടതി പെരിന്തൽമണ്ണ എസ്.ഐ. മഞ്ജിത് ലാലിനോട് സാബിഖയെ കണ്ടെത്താൻ ആവശ്യപ്പെട്ടു. അന്വേഷണത്തിനൊടുവിൽ സാബിഖയെ മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് കണ്ടെത്തി. കോടതിനിർദേശപ്രകാരം സാബിഖയെ ഗഫൂറിനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ഇരുവരും കോടാലി സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹിതരായത്. ഏറെ ദുരിതം സഹിച്ചെങ്കിലും ഇപ്പോൾ സന്തോഷമുണ്ടെന്നായിരുന്നു സാബിഖയുടെ പ്രതികരണം. ''പ്രേമിച്ചതിന്റെ പേരിൽ ആരെയും ഇങ്ങനെ ദ്രോഹിക്കരുത്, ഇനി സാബിഖയുടെ പഠനം പൂർത്തിയാക്കണം, അതിനുമുമ്പ് അനാവശ്യമായി മരുന്നുകൾ കഴിപ്പിച്ചതിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ചികിത്സ തുടങ്ങണം...'' -ഗഫൂർ പറഞ്ഞു. യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ സംഭവം: അന്വേഷണത്തിന് ഉത്തരവ് കൊച്ചി: സ്വന്തം ഇഷ്ടത്തിനനുസരിച്ച് വിവാഹം കഴിക്കാനാഗ്രഹിച്ച യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലടച്ചു പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷണത്തിനുത്തരവിട്ടു. പെരിന്തൽമണ്ണ സ്വദേശിനിയായ ബി.ഡി.എസ്. വിദ്യാർഥിനിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന പരാതിയിൽ കുടുംബാംഗങ്ങൾക്കും ആശുപത്രികളിലെ ഡോക്ടർമാർക്കുമെതിരേ അന്വേഷണം നടത്താനാണു നിർദേശം. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥൻ കേസന്വേഷിക്കണം. പെൺകുട്ടിയെ സമയബന്ധിതമായി കോടതിയിൽ ഹാജരാക്കുന്നതിൽ വീഴ്ചവരുത്തിയ പെരിന്തൽമണ്ണ സി.ഐ.ക്കെതിരേ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തണമെന്നും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. പെൺകുട്ടിയെ വീട്ടുകാർ അന്യായമായി തടവിലാക്കിയെന്നാരോപിച്ച് തൃശ്ശൂർ വരന്തരപ്പിള്ളി സ്വദേശി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. content highlights:gafoor sabi marriage
from mathrubhumi.latestnews.rssfeed https://ift.tt/2rxr0yB
via
IFTTT
No comments:
Post a Comment