ന്യൂഡൽഹി: താനടക്കമുള്ള രാഷ്ട്രീയനേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിലാണെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും ജമ്മുകശ്മീർ എം.എൽ.എ.യുമായ മുഹമ്മദ് യൂസഫ് തരിഗാമി. ഇന്ത്യൻഭരണഘടന കശ്മീരിന് ബാധകമാക്കാനാണ് പ്രത്യേകപദവി എടുത്തുകളഞ്ഞതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. എങ്കിൽ അതേ ഭരണഘടനയിലുള്ള മൗലികാവകാശങ്ങൾ കശ്മീരിൽ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും തരിഗാമി ആവശ്യപ്പെട്ടു. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. കേന്ദ്രം പറയുന്പോലെ കശ്മീർ സാധാരണനിലയിലായിട്ടില്ല. ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. സാധാരണനില കൈവരിച്ചെങ്കിലും എന്തുകൊണ്ടാണ് ഇപ്പോഴുമുള്ള നിശ്ശബ്ദത? ഇന്റർനെറ്റ് ഇപ്പോഴുമില്ല. ഇ-കൊമേഴ്സ് നിലച്ചു. ടൂറിസ്റ്റ് ബുക്കിങ്ങുകൾ സാധ്യമല്ല. വിനോദസഞ്ചാരമേഖല, ആപ്പിൾകൃഷി എന്നിവ പൂർണമായും തകർന്നു. മഞ്ഞുവീണ് ആപ്പിൾ മരങ്ങൾ വൻതോതിൽ നശിച്ചു. ഈ കൃഷിയുടെ ഭാവിതന്നെ ഇല്ലാതാവുകയാണ് കശ്മീരിൽ. കുങ്കുമപ്പൂവിന്റെ കൃഷിയിൽ 40 ശതമാനവും നഷ്ടപ്പെട്ടു. നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാപത്രംപോലും വിദ്യാർഥികൾക്ക് പൂരിപ്പിക്കാനാവുന്നില്ല. സ്കൂളും കോളേജും തുറന്നിട്ടുണ്ടെങ്കിലും വിദ്യാർഥികൾ വരുന്നില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടക്കുന്നു. വികസനത്തിനുപകരം കശ്മീരിനെ ഇരുട്ടിലേക്ക് തള്ളിവിടുകയാണ് കേന്ദ്രസർക്കാരെന്നും തരിഗാമി വിമർശിച്ചു. കശ്മീരിനെക്കുറിച്ച് പാർലമെന്റിൽ നുണ പറയുകയാണ് സർക്കാർ. നേതാക്കൾ ഇപ്പോഴും തടങ്കലിലാണ്. ഇവിടെനിന്നുമടങ്ങിയാൽ താനും വീട്ടുതടങ്കലിലാകും. സൗഹൃദവും ജനാധിപത്യം സംരക്ഷിച്ച് ഞങ്ങൾക്കെല്ലാം ഒന്നിച്ചുജീവിക്കാനുള്ള അധികാരം നൽകണമെന്നും തരിഗാമി പറഞ്ഞു. കസ്റ്റഡിയോ അറസ്റ്റോ ഇല്ലെന്ന് സർക്കാർ പറയുമ്പോഴും തരിഗാമി ശ്രീനഗറിൽ വീട്ടുതടങ്കലിലാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കർഷകനേതാക്കളും യശ്വന്ത് സിൻഹയുടെ നേതൃത്വത്തിലുള്ള സംഘവുമൊക്കെ ശ്രീനഗറിൽ തരിഗാമിയെ കാണാൻ ചെന്നെങ്കിലും അനുമതി നൽകിയില്ല. നാലു മാസമായി വിലക്കിൽ കഴിയുന്ന കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കാൻ കേന്ദ്രം ഇനിയെങ്കിലും തയ്യാറാവണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനെതിരേയുള്ള ഹർജികളിൽ സുപ്രീംകോടതി ചൊവ്വാഴ്ച വാദംകേട്ടുതുടങ്ങും. സി.പി.എമ്മിനുവേണ്ടി തരിഗാമിയും ഹർജി നൽകിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. CPM leader Yousuf Tarigami says situation in J&K like Emergency
from mathrubhumi.latestnews.rssfeed https://ift.tt/38e2vXX
via
IFTTT
No comments:
Post a Comment