കൊച്ചി: ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങൾ നീളും. ജനുവരി രണ്ടാം വാരത്തിനുള്ളിലേ സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുകയുള്ളൂ എന്ന സൂചനയാണ് ദേശീയ നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് പാർട്ടിയിൽ ഗ്രൂപ്പുകൾ ശക്തമായതിനാൽ ആരെ പ്രസിഡന്റാക്കണം എന്നതിൽ ദേശീയ നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. പ്രസിഡന്റ് പദവിയും പാർട്ടി ദേശീയ സെക്രട്ടറി പദവിയും ദേശീയതലത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളും എല്ലാം ഒരു പാക്കേജായി പരിഗണിച്ച് നേതാക്കളെ അതിൽ ഉൾപ്പെടുത്തുന്ന രീതിയാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാൻ ഉയർന്നുവന്നിട്ടുള്ള ചിലരെ ദേശീയ നേതൃത്വത്തിലേക്ക് എടുത്തുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനു മുമ്പ് ജില്ലാതലം വരെയുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാക്കും. പുതുതായി വരുന്ന ജില്ലാ പ്രസിഡന്റുമാർക്കും സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിൽ നിർണായക സ്ഥാനം ഉണ്ടാവും. അവരുടെയെല്ലാം അഭിപ്രായം ആരായാൻ ദേശീയ നേതാക്കളായ ശിവപ്രകാശ്, നരസിംഹ റാവു എന്നിവർ സംസ്ഥാനത്ത് എത്തും. അവർ ആർ.എസ്.എസ്. നേതൃത്വവുമായും ചർച്ച നടത്തും. പി.എസ്. ശ്രീധരൻ പിള്ള അധ്യക്ഷസ്ഥാനം രാജിവെച്ചതിനു ശേഷം, ആദ്യമായി ബി.ജെ.പി.യുടെ കോർ കമ്മിറ്റി യോഗം ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്നെങ്കിലും പ്രസിഡന്റിനെ കണ്ടെത്തുന്ന കാര്യത്തിൽ ചർച്ചയൊന്നും ഉണ്ടായില്ല. മുതിർന്ന നേതാവ് ഒ. രാജഗോപാൽ സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച സംശയം ഉന്നയിച്ചപ്പോൾത്തന്നെ ആദ്യം ജില്ലവരെ തിരഞ്ഞെടുപ്പ് നടക്കട്ടെ എന്ന നിലപാടാണ് ബി.എൽ. സന്തോഷ് സ്വീകരിച്ചത്. പിന്നീട് നടന്ന സംസ്ഥാന സമിതി യോഗത്തിലും പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ച ഒന്നും ഉണ്ടായില്ല. ഏതെങ്കിലും ആൾക്കുവേണ്ടി കാമ്പയിൻ ചെയ്തതുകൊണ്ട് അയാൾ പ്രസിഡന്റായിക്കൊള്ളണമെന്നില്ലെന്ന സൂചനയും ബി.എൽ. സന്തോഷ് നേതാക്കൾക്ക് നൽകി. ഡിസംബർ 21, 22 തീയതികളിൽ ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റികളെ തിരഞ്ഞെടുക്കും. ഡിസംബർ 31-നു മുമ്പ് ജില്ലാ കമ്മിറ്റികൾ നിലവിൽ വരും. അതിന് ഉതകുന്ന വിധത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കേന്ദ്രം നിർദേശം നൽകി. 18,854 ബൂത്തുകളിൽ ബി.ജെ.പി.യുടെ പുതിയ ഭാരവാഹികൾ ആയിക്കഴിഞ്ഞു. അവശേഷിക്കുന്ന ബൂത്തുകളിൽ ഉടനെ തിരഞ്ഞെടുപ്പ് നടത്തും. Content Highlights:BJP New state president in January
from mathrubhumi.latestnews.rssfeed https://ift.tt/2LvMLpt
via
IFTTT
No comments:
Post a Comment