കൊച്ചി: രേഖയില്ലാത്ത പണം കടത്തുന്നു എന്നു പറഞ്ഞ് ആർ.പി.എഫ്. പിടിച്ച് കുറ്റവാളിയായി മുദ്ര കുത്തിയ ധനകാര്യ സ്ഥാപന ജീവനക്കാരൻ കുറ്റക്കാരനല്ലെന്ന് അധികൃതർ. പണം രേഖകളുള്ളതാണെന്ന് കസ്റ്റംസിന് ബോധ്യപ്പെട്ടു വന്നപ്പോഴേക്കും യുവാവിന്റെയും കുടുംബത്തിന്റെയും സൽപ്പേര് നഷ്ടമായി കഴിഞ്ഞിരുന്നു. അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് 34.7 ലക്ഷത്തിന്റെ വിദേശ കറൻസിയുമായി കോഴിക്കോട് കരിയാത്തൻകാവ് മാടയിൽ വീട്ടിൽ എം.എ. അബിനെ (24) ആർ.പി.എഫ്. ശനിയാഴ്ച പിടിച്ചത്. ചോദ്യം ചെയ്യലിന് ശേഷം വൈകീട്ടോടെ യുവാവിനെ കസ്റ്റംസിന് കൈമാറുകയും ചെയ്തു. മതിയായ രേഖകൾ ഹാജരാക്കിയതോടെ യുവാവിനെ കേസിൽനിന്ന് ഒഴിവാക്കി പണം കൈമാറാനുള്ള നടപടികൾ എടുത്തുകഴിഞ്ഞെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. എന്നാൽ, അധികൃതർ കുറ്റവാളിയായി പ്രചരിപ്പിച്ചതോടെ യുവാവിന്റെയും കുടുംബത്തിന്റെയും സൽപ്പേരാണ് നഷ്ടമായത്. മരണവീടു പോലെയാണ് തന്റെ വീടെന്ന് അബിൻ. ജീവൻ ഒടുക്കുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചു പോയെന്ന് അദ്ദേഹം. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് അബിൻ ജോലി ചെയ്യുന്നത്. മുമ്പും ഇത്തരം പണം കൈവശം വെച്ചിട്ടുണ്ട്. വിദേശ കറൻസി കൈയിൽവെക്കാനുള്ള രേഖകൾ എല്ലാം കൈയിലുണ്ടായിരുന്നു. എന്നാൽ, ആർ.പി.എഫ്. ഉദ്യോഗസ്ഥർ ഇത് മനസ്സിലാക്കാതെ തന്നെ കസ്റ്റഡിയിൽ വെക്കുകയും കസ്റ്റംസിന് കൈമാറുകയുമായിരുന്നുവെന്ന് അബിൻ പറഞ്ഞു. കള്ളക്കടത്തുകാരനെ പോലെയാണ് ഇപ്പോൾ സമൂഹം തന്നെ കാണുന്നതെന്നും നാട്ടിലേക്ക് എങ്ങനെ പോകുമെന്ന് ചിന്തിക്കാനാവുന്നില്ലെന്നും അബിൻ പറഞ്ഞു. രേഖകൾ ഹാജരാക്കാൻ അനുവദിക്കാതെ കുറ്റക്കാരനെന്ന പേരിൽ അധികൃതർ പ്രചരിപ്പിക്കുകയായിരുന്നു എന്നും ചെയ്യാത്ത കുറ്റത്തിനാണ് താനും കുടുംബവും അപമാനം സഹിക്കുന്നതെന്നും അബിൻ കൂട്ടിച്ചേർത്തു. പിടികൂടുമ്പോൾ രേഖകളില്ലായിരുന്നു - ആർ.പി.എഫ്. അബിനെ പിടിക്കുമ്പോൾ പണം കൈവശം വെക്കാനുള്ള രേഖകൾ കൈയിലില്ലായിരുന്നു. ഇതുകൊണ്ടാണ് ആർ.പി.എഫ്. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതും കസ്റ്റംസിന് കൈമാറിയതും. തീവണ്ടിയിൽനിന്ന് ചാടിയിറങ്ങിയപ്പോഴാണ് അബിനെ ശ്രദ്ധിക്കുന്നതും കസ്റ്റഡിയിലെടുത്തതെന്നും ആർ.പി.എഫ്. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. ഗോപകുമാർ പറഞ്ഞു. നിയമപരമായ കാര്യങ്ങളേ ആർ.പി.എഫ്. ചെയ്തിട്ടുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. content highlights:abin rpf kochi
from mathrubhumi.latestnews.rssfeed https://ift.tt/2P6JxL7
via
IFTTT
No comments:
Post a Comment