ലോട്ടറി നികുതി 28 ശതമാനമായി ഏകീകരിച്ചു; കേരളത്തിന് ബമ്പര്‍ നഷ്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 18, 2019

ലോട്ടറി നികുതി 28 ശതമാനമായി ഏകീകരിച്ചു; കേരളത്തിന് ബമ്പര്‍ നഷ്ടം

ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാന ലോട്ടറിക്കും ഇടനിലക്കാർ നടത്തുന്ന മറ്റുസംസ്ഥാന ലോട്ടറിക്കും നികുതി 28 ശതമാനമായി ഏകീകരിച്ചുകൊണ്ടുള്ള ജി.എസ്.ടി. കൗൺസിലിന്റെ തീരുമാനം കേരളത്തിന് തിരിച്ചടിയാവും. കേരളത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് ബുധനാഴ്ച ഡൽഹിയിൽ നടന്ന ജി.എസ്.ടി. കൗൺസിൽ നികുതി ഏകീകരിച്ചത്. ഇതുവരെ സംസ്ഥാനങ്ങൾ നേരിട്ടുനടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും മറ്റുള്ളവയ്ക്ക് 28 ശതമാനവുമായിരുന്നു നികുതി. ഇതാണ് 28 ശതമാനമായി ഏകീകരിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പുകാരണം വോട്ടിട്ടായിരുന്നു തീരുമാനം. ജി.എസ്.ടി. നിലവിൽവന്നശേഷം ആദ്യമായാണ് കൗൺസിൽ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. മിസോറം, സിക്കിം, നാഗാലാൻഡ് എന്നിവിടങ്ങളിൽനിന്നുള്ള ലോട്ടറികൾക്ക് സംസ്ഥാന ലോട്ടറിക്കൊപ്പം മത്സരിക്കാനുള്ള അവസരം നൽകുന്നതാണ് തീരുമാനം. ലോട്ടറിയിൽനിന്നുള്ള ലാഭം കുറയുന്നത് കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ ഭാരമാകും. പുതിയ നികുതിനിരക്ക് മാർച്ച് ഒന്നിന് നിലവിൽ വരും. നികുതി ഏകീകരിക്കണമോ വേണ്ടയോ എന്നു പ്രത്യേകം പരിശോധിക്കണമെന്നു കേരളം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, ചട്ടമനുസരിച്ച് വോട്ടെടുപ്പ് വേണമെന്ന് ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടു. എന്നാൽ, മുൻകാലങ്ങളിൽ കേന്ദ്രത്തിനെതിരേ അടിയുറച്ചുനിന്ന പഞ്ചാബും രാജസ്ഥാനും വോട്ടെടുപ്പിൽ വിട്ടുനിന്നതോടെ നികുതി ഏകീകരണം പരാജയപ്പെടുത്താനുള്ള കേരളത്തിന്റെ നീക്കം പാളി. കൗൺസിലിൽ 17 വോട്ട് കേന്ദ്രത്തിന് അനുകൂലമായും ഏഴുവോട്ട് എതിർത്തും ലഭിച്ചു. രാജ്യമാകെ ഒറ്റവിപണിയായിക്കണ്ട് ജി.എസ്.ടി. നിലവിൽവന്നപ്പോൾത്തന്നെ മറ്റുസംസ്ഥാന ലോട്ടറികൾക്ക് അനുകൂല സാഹചര്യമായിരുന്നു. ഇതിനു തടയിടാൻ രണ്ടുതരം നികുതി വേണമെന്ന് വാദിച്ചത് കേരളമാണ്. മറ്റുസംസ്ഥാന ലോട്ടറിക്കാർക്ക് കൂടുതൽ നികുതി ഏർപ്പെടുത്തിയാൽ അവയ്ക്ക് സംസ്ഥാന ലോട്ടറിയുമായി മത്സരിച്ച് ലാഭകരമായ വിപണി കണ്ടെത്താനാവില്ലെന്ന വിലയിരുത്തലിലായിരുന്നു ആ നീക്കം. ഏറെ ചർച്ചകൾക്കുശേഷം ജി.എസ്.ടി. കൗൺസിൽ നിർദേശം അംഗീകരിച്ചു. അതാണ് ഇപ്പോൾ കീഴ്മേൽ മറിഞ്ഞത്. ഇടനിലക്കാർ ജി.എസ്.ടി. കൗൺസിലിനെ സമീപിച്ചതോടെയാണ് നിരക്ക് ഏകീകരണത്തിനുള്ള ചർച്ച തുടങ്ങിയത്. അരുൺ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്ത് പലവട്ടം കൗൺസിലിന് മുന്നിൽ ഇതെത്തിയെങ്കിലും സംസ്ഥാനങ്ങളുടെ എതിർപ്പ് കണക്കിലെടുത്ത് തീരുമാനം മാറ്റിവെച്ചു. കേരളത്തിന്റെ നേതൃത്വത്തിൽ ബി.ജെ.പി.യിതര സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ് ഇതിനെ എതിർത്തത്. രണ്ടുതരം നികുതി ഏർപ്പെടുത്തിയിട്ടും 2017-ൽ മിസോറം ലോട്ടറി ഇവിടെ വിൽക്കാൻ ശ്രമം നടത്തിയെങ്കിലും സംസ്ഥാനസർക്കാർ എതിർത്തു. ഈയിടെ നാഗാലാൻഡ് ലോട്ടറിയും ഇവിടെ വിൽക്കാൻ ശ്രമം നടത്തിയിരുന്നു. സാന്റിയാഗോ മാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗെയിമിങ് സൊലൂഷൻസ് എന്ന കമ്പനിയാണ് ഇതിന് ശ്രമിച്ചത്. മറ്റുസംസ്ഥാന ലോട്ടറി നടത്തുന്നവർ സംസ്ഥാന നികുതി സെക്രട്ടറിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന ചട്ടം ഈ സർക്കാർ 2018-ൽ പുനഃസ്ഥാപിച്ചിരുന്നു. ഇതിനെ ഫ്യൂച്ചർ ഗെയിമിങ് സൊലൂഷൻസ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. പ്രത്യാഘാതങ്ങൾ * മറ്റുസംസ്ഥാന ലോട്ടറികൾക്ക് പ്രവർത്തിക്കാൻ കളമൊരുങ്ങുന്നത് 2007-നുമുമ്പുള്ള സ്ഥിതിവിശേഷമുണ്ടാക്കും. അക്കാലത്ത് ദിവസേന 40 കോടിയോളം രൂപയാണ് ചട്ടംലംഘിച്ച് ഏജൻസികൾ കേരളത്തിൽനിന്ന് കടത്തിയത്. * സംസ്ഥാന ലോട്ടറിക്ക് ഇനി 16 ശതമാനം അധികനികുതി നൽകേണ്ടിവരും. ഇതുവരെ മുഖവിലയും നികുതിയും ചേർന്ന വിലയാണ് ടിക്കറ്റിന് ഈടാക്കിയിരുന്നത്. 30 രൂപ, 50 രൂപ വിലയുള്ള ടിക്കറ്റുകളുടെമേൽ അധികനികുതി ഈടാക്കിയാൽ വിലകൂട്ടേണ്ടിവരും. * ടിക്കറ്റിന് വില കൂട്ടിയില്ലെങ്കിൽ അധികനികുതി ഇപ്പോഴുള്ള വരുമാനത്തിൽനിന്ന് സർക്കാർ നൽകേണ്ടിവരും. ഇത് ലോട്ടറി വരുമാനത്തെ ബാധിക്കും. സർക്കാർ ലോട്ടറി വരുമാനത്തിലെ അനിശ്ചിതത്വം ഒരുലക്ഷത്തോളം വരുന്ന വിൽപ്പനക്കാരെയും ഏജന്റുമാരെയും ബാധിക്കും. ലോട്ടറിയിൽനിന്നുള്ള അറ്റാദായംകൊണ്ട് കാരുണ്യ ആരോഗ്യസുരക്ഷ പോലുള്ള ഇൻഷുറൻസ് പദ്ധതികളെയും ബാധിക്കും. * മറ്റുസംസ്ഥാന ലോട്ടറികൾ വീണ്ടും വൻതോതിൽ പണംവാരാൻ തുടങ്ങിയാൽ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അത് കനത്തപ്രഹരമാവും. *ഇപ്പോൾ 18 ശതമാനമാണ് കേരള ലോട്ടറിയിൽനിന്ന് സർക്കാരിന് കിട്ടുന്ന ലാഭം. കഴിഞ്ഞവർഷം കിട്ടിയത് 1673 കോടി രൂപ. നികുതി കൂടുമ്പോൾ ലാഭം തീരെക്കുറയും. ഇതൊഴിവാക്കാൻ ടിക്കറ്റിന് വില കൂട്ടേണ്ടിവരും. അല്ലെങ്കിൽ സമ്മാനപ്പണം കുറയ്ക്കേണ്ടിവരും. കേരളലോട്ടറി വരവും ചെലവും: 2018-19ലെ കണക്ക് ആകെ ടിക്കറ്റ് 1 .05 കോടി വിറ്റുവരവ് 9264.55 കോടി (നികുതി ഒഴികെ) ലോട്ടറിവകുപ്പിലെ ശമ്പളം, ചെലവുകൾ 35.40 കോടി അച്ചടി, കടത്തുകൂലിച്ചെലവ് 167.72 കോടി വിൽപ്പന, ഏജന്റ് കമ്മിഷൻ 2800.62 കോടി സമ്മാനം 4588 കോടി സർക്കാരിന്റെ അറ്റാദായം 1673 കോടി കാരുണ്യ ഇൻഷുറൻസിന് 700 കോടി ലാഭത്തെ ബാധിക്കും കേരളത്തിനു വർഷം ലഭിക്കുന്ന 1200 കോടി രൂപയുടെ ലാഭത്തെ നികുതി ഏകീകരണം ബാധിക്കും. ഇപ്പോഴുള്ള ലാഭം നികുതിയായി മാറും. ഇതു പരിഹരിക്കാൻ സംസ്ഥാനത്തെ ലോട്ടറിഘടന പരിഷ്കരിക്കും. ലോട്ടറി വിൽപ്പന വർധിപ്പിക്കേണ്ടിവരും. എന്നാൽ, വില വർധനയടക്കമുള്ള വിഷയങ്ങളും ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെ മറികടക്കാമെന്നതുമൊക്കെ ലോട്ടറിമേഖലയിലെ തൊഴിലാളിസംഘടനകളുമായി ചർച്ചചെയ്തശേഷമേ തീരുമാനിക്കാനാവൂ -തോമസ് ഐസക്, ധനമന്ത്രി Content Highlights:Consolidated lottery tax at 28%


from mathrubhumi.latestnews.rssfeed https://ift.tt/38VGMUP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages