ഒ.എൻ.വി പുരസ്കാരസമർപ്പണച്ചടങ്ങിൽ പങ്കെടുക്കുന്ന ഒ.എൻ.വിയുടെ ഭാര്യ സരോജിനി കേരള സർവകലാശാല മലയാള വിഭാഗം പുറത്തിറക്കിയ ഒ.എൻ.വിയെക്കുറിച്ചുളള പുസ്തകം മറിച്ചുനോക്കുന്നു. പുരസ്കാര ജേതാവ് ടി.പദ്മനാഭൻ സമീപം. ഫോട്ടോ: എസ്. ശ്രീകേഷ് തിരുവനന്തപുരം: 'ഗൗരി' എന്ന കഥയിലെ ഗൗരിയുടെ കരംപിടിച്ച നിർണായക നിമിഷം ഓർത്തും കടപ്പാടുകളെപ്പറ്റി പറഞ്ഞും കഥയുടെ രാജശില്പി ടി.പദ്മനാഭൻ. ബുധനാഴ്ച കാര്യവട്ടം കാമ്പസിൽ കേരള സർവകലാശാലയുടെ ഒ.എൻ.വി. പുരസ്കാരം മുഖ്യമന്ത്രിയിൽനിന്നു സ്വീകരിച്ച പദ്മനാഭന്റെ വാക്കുകളിൽ സാഹിത്യം നിറഞ്ഞില്ല. പകരം താനെഴുതിയ ഗൗരിയെപ്പറ്റിയും കടപ്പാടുകളെക്കുറിച്ചുമാണ് കഥാകാരൻ വാചാലനായത്. സാഹിത്യം പറയുന്നില്ല എന്ന ആമുഖത്തോടെയായിരുന്നു പദ്മനാഭന്റെ മറുപടിപ്രസംഗത്തിന്റെ തുടക്കംതന്നെ. 'ഗൗരി' യഥാർത്ഥ കഥയാണ്. 'ഗൗരി'യിലെ വാചകങ്ങൾ ഗൗരി സംസാരിച്ചതാണ്. സത്യത്തിൽ യാതൊരു തരത്തിലുള്ള ഇടപെടലുകളുമില്ലാതെ അവളുടെ കത്തിൽനിന്ന് അങ്ങനെതന്നെ പകർത്തിയതാണ്. ഗൗരിയെ ഞാൻ നേരത്തേതന്നെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ, ആദ്യമായി അവരുടെ കൈ പിടിച്ച, ജീവിതത്തിലെ നിർണായകമായ നിമിഷമുണ്ടായത് കാര്യവട്ടത്തുവച്ചാണ്. കഥയിൽ പറയുന്നതുപോലെ രണ്ടു പേരും യുവാക്കളായിരുന്നില്ല, മധ്യവയസ്കരുമായിരുന്നില്ല. ഇപ്പോഴവർ വിദേശത്താണ്. ഒരുപക്ഷേ, അവർ ഇതു കേൾക്കുന്നുണ്ടാകാം. തമ്മിൽ കാണാതെ 30 വർഷത്തോളമായി. പക്ഷേ, മിക്ക ദിവസവും വിളിക്കാറുണ്ട്. കാര്യവട്ടത്തു വരുമ്പോൾ ഇതു പറഞ്ഞില്ലെങ്കിൽ ഗൗരിയോടുള്ള അപരാധമായിപ്പോകും -പദ്മനാഭൻ പറഞ്ഞു. 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി' കേരള സർവകലാശാലയാണ് മലയാളം എം.എ.യ്ക്ക് ഉപപാഠപുസ്തകമാക്കിയത്. പല ഭാഷകളിലും പല നാട്ടിലും തന്റെ കഥകൾ പഠിപ്പിക്കാൻ ഇടവന്നെങ്കിലും 50 കൊല്ലം മുൻപ് കേരള സർവകലാശാല പുസ്തകമാക്കിയപ്പോഴുള്ള ആനന്ദം ഉണ്ടായിട്ടില്ല. മലയാളകഥയുടെ ആചാര്യനായി കണ്ട കാരൂർ നീലകണ്ഠപിള്ളയുടെ 'കാരൂർ കഥകളും' തന്റെ പുസ്തകത്തിനൊപ്പം കേരളയിൽ പഠിക്കാനുണ്ടായിരുന്നു. രണ്ടുപേരുടെയും ആദ്യത്തെ കഥാസമാഹാരം. ഇത്രയധികം സന്തോഷമുണ്ടാകുന്നതിനു കാരണമുണ്ട്. എം.എ.യ്ക്കു പഠിക്കുന്ന കുട്ടികൾ വായിക്കേണ്ടത്, പരീക്ഷയെഴുതേണ്ടത് ഞാൻ പത്താം ക്ളാസിൽ പഠിക്കുമ്പോൾ എഴുതിയ കഥകളാണ് എന്നതാണത്. കേരളത്തിൽ ഒരൊറ്റ യൂണിവേഴ്സിറ്റിയേ ഉണ്ടായിരുന്നുള്ളൂ. ഇന്നാണെങ്കിൽ റവന്യൂ ഫർക്കോ തോറും യൂണിവേഴ്സിറ്റികളാണ്. ഒ.എൻ.വി.യെ ഓർക്കുമ്പോൾ കടപ്പാടുകളെപ്പറ്റി പറയാനുണ്ട്. വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് 30 ദിവസം ചികിത്സയിൽക്കഴിഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി എല്ലാ ദിവസവും രാവിലെയും സി.പി.ഐ. നേതാവ് കെ.വി.സുരേന്ദ്രനാഥ് വൈകീട്ടും കാണാനെത്തും. മന്ത്രിസഭായോഗമുള്ള ദിവസംപോലും ആന്റണി പതിവു തെറ്റിച്ചില്ല. രണ്ടു നാളിലൊരിക്കൽ ഒ.എൻ.വി. വരുമായിരുന്നു. ആരെങ്കിലും കൂടെയുണ്ടാകും. വളരെ നേരം സംസാരിക്കും. ഇത് രോഗിയായിരുന്ന തനിക്കു വളരെ സന്തോഷം നൽകിയിരുന്നു. രണ്ടു പേർക്കും പരസ്പരം അറിയാമെങ്കിലും പ്രകടമായ സുഹൃദ്ബന്ധം ഉണ്ടായിരുന്നില്ല. പരിയാരം ആശുപത്രിയിൽ ചിക്കുൻഗുനിയ ബാധിച്ച് മരിക്കാറിയി കിടന്നപ്പോൾ പിണറായി വിജയൻ ഭാര്യ കമലയുമായി വരും, ആശ്വസിപ്പിക്കും. ഇതൊന്നും മറക്കാൻ കഴിയില്ല. കഴിഞ്ഞ ദിവസം ഒ.എൻ.വി.യുടെ പത്നി സരോജിനി ടീച്ചറെ കാണാൻ പോയി. ഒ.എൻ.വി. ജീവിച്ചിരുന്നപ്പോൾ വീട്ടിൽപ്പോയിട്ടുണ്ടെങ്കിലും അന്ന് ചുരുക്കം ചില വാക്കുകളേ അവരുമായി സംസാരിച്ചിട്ടുള്ളൂ. എന്നാൽ, 2017-ൽ എഴുതിയ 'മരയ' എന്ന കഥയുടെ മർമത്തെ സ്പർശിച്ച് അവരെഴുതിയ സുദീർഘമായ കത്ത് വലിയ അവാർഡായി, അമൂല്യ നിധിയായി. അതാണ് കാണാൻ പോയത് -പദ്മനാഭൻ പറഞ്ഞു. Content Highlights: Story Gauri taken from the life of real person
from mathrubhumi.latestnews.rssfeed https://ift.tt/2EtA76m
via
IFTTT
No comments:
Post a Comment