അയോധ്യ: അയോധ്യ ഭൂമിതർക്കക്കേസിന്റെ വിധിക്ക് ദിവസങ്ങൾ മാത്രമവശേഷിക്കേ വിഷയത്തിൽ സംയമനം പാലിക്കാൻ ബി.ജെ.പി. നേതൃത്വം പാർട്ടിവക്താക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകി. കോടതിവിധിയെക്കുറിച്ച് വികാരപരമായ പ്രസ്താവനകളോ അഭിപ്രായപ്രകടനങ്ങളോ നടത്താൻ പാടില്ലെന്നാണ് രാജ്യമെങ്ങുമുള്ള പാർട്ടിവക്താക്കളും നേതാക്കളും പങ്കെടുത്ത പ്രത്യേകയോഗത്തിൽ ദേശീയനേതൃത്വം നൽകിയ നിർദേശം. ആർ.എസ്.എസും ഈയിടെ തങ്ങളുടെ പ്രവർത്തകർക്ക് സമാനമായ നിർദേശം നൽകിയിരുന്നു. ഇതിനിടെ പ്രദേശത്തെ ക്രമസമാധാനനില നിയന്ത്രണവിധേയമാക്കുന്നതിനായി അയോധ്യാ ജില്ലാ ഭരണകൂടം പ്രത്യേക പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു. പൗരന്മാർ ജാഗ്രത പുലർത്തണമെന്നും സാമൂഹിക മാധ്യമങ്ങളിലടക്കം പ്രകോപനപരമായ സന്ദേശങ്ങൾ പോസ്റ്റുചെയ്യുന്നതിൽനിന്നും ലൈക്ക് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യുന്നതിൽനിന്നും പിന്തിരിയണമെന്നും ജില്ലാ മജിസ്ട്രേറ്റ് (കളക്ടർ) അനുജ് കുമാർ ഝാ ഉത്തരവിൽ നിർദേശിച്ചു. ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ, ലാത്തി എന്നിവ കൈവശം വെക്കുന്നതിൽനിന്നും കൂട്ടംചേർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിക്കുന്നവരുടെ മേൽ ദേശീയ സുരക്ഷാ നിയമ (എൻ.എസ്.എ.)പ്രകാരം കേസെടുക്കുമെന്ന് ഉത്തർപ്രദേശ് ഡി.ജി.പി. ഒ.പി. സിങ് പറഞ്ഞു. പ്രത്യേക സാഹചര്യം പരിഗണിച്ച് അലിഗഢ് മുസ്ലിം സർവകലാശാലയും കർശനനിർദേശങ്ങൾ പുറപ്പെടുവിച്ചു. Content Highlights:Ayodhya case BJP
from mathrubhumi.latestnews.rssfeed https://ift.tt/32ikYhA
via
IFTTT
No comments:
Post a Comment