ന്യൂഡൽഹി: അഭിഭാഷകർക്കെതിരേ ബലപ്രയോഗം പാടില്ലെന്ന ഞായറാഴ്ചത്തെ ഉത്തരവു സംബന്ധിച്ച് വിശദീകരണംതേടി ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയെ സമീപിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റിയ ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ഡൽഹിസർക്കാരിനും ബാർ കൗൺസിലിനും നഗരത്തിലെ ബാർ അസോസിയേഷനുകൾക്കും നോട്ടീസയച്ചു. കോടതികൾക്കുമുമ്പിൽ നടന്ന ഏറ്റുമുട്ടലുകളുടെ വീഡിയോ ദൃശ്യങ്ങൾ കാണിക്കുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന അഭിഭാഷകരുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു. അഭിഭാഷകരിലെ ക്രിമിനലുകളെ തിരിച്ചറിയണം -ബി.സി.ഐ. സമരം അവസാനിപ്പിക്കാൻ ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര അഭിഭാഷകരോട് ആവശ്യപ്പെട്ടു. ''അഭിഭാഷകരിലെ ക്രിമിനലുകളെ തിരിച്ചറിയണം. ഇവരാണ് നമ്മുടെ പ്രതിച്ഛായ നശിപ്പിക്കുന്നത്. ഇവരെ നിയന്ത്രിക്കുന്നതിൽ ബന്ധപ്പെട്ട ബാർ അസോസിയേഷനുകൾ വീഴ്ച വരുത്തുകയാണ്. സാകേത് കോടതിക്കു മുന്നിൽ ബൈക്കിൽ പോകുകയായിരുന്ന പോലീസുകാരനെയും ഓട്ടോ ഡ്രൈവറെയും മർദിച്ച സംഭവങ്ങൾ നിർഭാഗ്യകരമാണ്. ഇത് ബി.സി.ഐ.ക്ക് അംഗീകരിക്കാനാവില്ല”- മനൻ കുമാർ മിശ്ര പറഞ്ഞു. ബേദിയെ പോലെയാവണം കമ്മിഷണർ 1988-ലുണ്ടായ പോലീസ്-അഭിഭാഷക സംഘർഷത്തെ ഓർമിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. അഭിഭാഷകനായിരുന്ന രാജേഷ് അഗ്നിഹോത്രിയെ വിദ്യാർഥിനികളുടെ പഴ്സ് മോഷ്ടിച്ച കേസിൽ പോലീസ് അറസ്റ്റുചെയ്തു. പിറ്റേന്ന് തീസ് ഹസാരി കോടതിയിൽ ഹാജരാക്കാൻ ഇയാളെ വിലങ്ങണിയിച്ച് എത്തിച്ചതോടെ അഭിഭാഷകർ പ്രതിഷേധിച്ചു. പ്രതിയെ വിട്ടയയ്ക്കാനും അറസ്റ്റുചെയ്ത ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാനും മജിസ്ട്രേറ്റ് നിർദേശിച്ചു. പോലീസിനെതിരേ നടപടിയാവശ്യപ്പെട്ട് പിറ്റേന്ന് അഭിഭാഷകർ സമരവും തുടങ്ങി. 'കള്ളനെ' വിട്ടയച്ച മജിസ്ട്രേറ്റിന്റെ നടപടിയെ വിമർശിച്ച് ഡി.സി.പി.യായിരുന്ന കിരൺ ബേദി പത്രസമ്മേളനം നടത്തി. അറസ്റ്റിനെ അവർ ന്യായീകരിച്ചു. സമരം നടത്തിയ അഭിഭാഷകർക്കുനേരെ പലവട്ടം ലാത്തിച്ചാർജും നടന്നു. പോലീസ് നടപടിയെക്കുറിച്ചന്വേഷിക്കാൻ ഡൽഹി ഹൈക്കോടതി രണ്ട് ജഡ്ജിമാരുടെ സമിതിയെ നിയോഗിച്ചതോടെയാണ് അഭിഭാഷകർ സമരം പിൻവലിച്ചത്. അഭിഭാഷകനെ വിലങ്ങുവെച്ചത് തെറ്റാണെന്നും ബേദിയെ സ്ഥലംമാറ്റണമെന്നുമായിരുന്നു കമ്മിഷന്റെ നിർദേശം. അഭിഭാഷകർക്കെതിരായ ശക്തമായ നിലപാട് ബേദിയെ പോലീസുകാർക്ക് പ്രിയങ്കരിയാക്കി. 'ബേദിയെ പോലെയാവണം കമ്മിഷണർ' എന്ന മുദ്രാവാക്യവും പോസ്റ്ററുമായാണ് ചൊവ്വാഴ്ച പോലീസുകാർ ഡൽഹിയിൽ സമരത്തിനിറങ്ങിയത്. content highlights:Delhi Police protest
from mathrubhumi.latestnews.rssfeed https://ift.tt/2Nke1Z9
via
IFTTT
No comments:
Post a Comment