ന്യൂഡൽഹി: പുതിയ സാമൂഹികസുരക്ഷാ കോഡിൽ പ്രൊവിഡന്റ് ഫണ്ട് (പി.എഫ്.), ഇ.എസ്.ഐ. തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവാദവിഷയങ്ങൾ പുനഃപരിശോധിക്കുമെന്ന് കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാറിന്റെ ഉറപ്പ്. പി.എഫ്. പദ്ധതിയുടെ ഭാഗമായ പെൻഷൻ പദ്ധതിയിൽനിന്ന് (ഇ.പി.എഫ്.) ഓഹരിവിപണിയുമായി ബന്ധപ്പെട്ടുള്ള ദേശീയ പെൻഷൻ പദ്ധതിയിലേക്ക് (എൻ.പി.എസ്.) മാറാനുള്ള വ്യവസ്ഥ ഉപേക്ഷിക്കുമോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ ഉറപ്പുനൽകിയില്ല. കോഡ് ചർച്ചചെയ്യാൻ ചേർന്ന തൊഴിലാളി യൂണിയനുകളുടെയും തൊഴിലുടമകളുടെയും യോഗത്തിൽ പി.എഫ്., പി.എഫ്. പെൻഷൻ, ഇ.എസ്.ഐ. തുടങ്ങിയവ ഇപ്പോഴുള്ളതുപോലെ നിലനിർത്തണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു. കരടിന് അന്തിമരൂപം നൽകുമ്പോൾ വിവാദവ്യവസ്ഥകൾ ഉപേക്ഷിക്കുമെന്ന സൂചന മന്ത്രി നൽകിയില്ല. കരടു ചർച്ചചെയ്യാൻ ആവശ്യമെങ്കിൽ വീണ്ടും കൂടിയാലോചന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കരടുമായി ബന്ധപ്പെട്ട് നാനൂറിലേറെ എതിർപ്പുകളും നിർദേശങ്ങളും മന്ത്രാലയത്തിനു ലഭിച്ചിട്ടുണ്ട്. അവയെല്ലാം കണക്കിലെടുത്താവും വീണ്ടും കോഡ് തയ്യാറാക്കുക. ഇ.പി.എഫിൽനിന്ന് എൻ.പി.എസിലേക്കു മാറുകയെന്ന വ്യവസ്ഥയാണ് ഏറെ ആശങ്ക ഉയർത്തിയിട്ടുള്ളത്. അതുപോലെ ഇ.എസ്.ഐ. പദ്ധതിപ്രകാരമുള്ള ചികിത്സാ ആനുകൂല്യങ്ങൾ കുറയാനും സാധ്യതയുണ്ട്. എൻ.പി.എസിലേക്കു മാറാൻ തൊഴിലാളിക്ക് താത്പര്യപത്രം കൊടുക്കാം. അങ്ങനെ മാറുമ്പോൾ പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽനിന്നു പുറത്താകും. അങ്ങനെ പുറത്താവുന്ന തൊഴിലാളി, പുതുതായി ഉണ്ടാക്കുന്ന പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിൽ അംഗമാകണം. ഉപാധികളോടെമാത്രമേ പിന്നീട് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയിലേക്ക് തിരിച്ചുപോകാൻ സാധിക്കൂ. ഈ വ്യവസ്ഥയ്ക്കെതിരേ ബി.ജെ.പി. അനുകൂല സംഘടനയായ ബി.എം.എസ്. തന്നെ പ്രതിഷേധിച്ചിരുന്നു. ബി.എം.എസിന്റെ എതിർപ്പുമൂലം വിവാദവ്യവസ്ഥ ഉപേക്ഷിച്ചേക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ചത്തെ ചർച്ചയിൽ മന്ത്രി വ്യക്തമായ ഉറപ്പുനൽകിയില്ല. വിവാദ വ്യവസ്ഥകൾ പുനഃപരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ചർച്ചയ്ക്കുശേഷം ബി.എം.എസ്. ദേശീയാധ്യക്ഷൻ സജി നാരായണൻ പറഞ്ഞു. സാമൂഹികസുരക്ഷ എല്ലാവർക്കും ഉറപ്പാക്കണം. കരടിലെ വ്യവസ്ഥപ്രകാരം വളരെക്കുറച്ചുപേർക്കുമാത്രമേ സാമൂഹിക സുരക്ഷ ലഭിക്കൂ. ഇപ്പോഴത്തെ കരടുമായി മുന്നോട്ടുപോകുന്നതിനെ ശക്തമായി എതിർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ തൊഴിലാളി യൂണിയനുകൾ ചർച്ച ബഹിഷ്കരിച്ചു. കേരളമടക്കമുള്ള വിവിധ സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും തൊഴിലുടമകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. content highlights:Social Security reform proposal,Santosh Kumar Gangwar
from mathrubhumi.latestnews.rssfeed https://ift.tt/2PPWZDX
via
IFTTT
No comments:
Post a Comment