ന്യൂഡൽഹി: സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചത് നടപ്പായാൽ ശബരിമലയ്ക്കൊപ്പം പദ്മനാഭസ്വാമിക്ഷേത്രത്തിനും പ്രത്യേക നിയമവും ഭരണസംവിധാനവുമുണ്ടാകും. രണ്ടിടത്തും ഗുരുവായൂർ മാതൃകയാണ് ഉദ്ദേശിക്കുന്നതെന്ന് പലപ്പോഴായി സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ ഈ ക്ഷേത്രങ്ങളുടെ ഭരണത്തിൽ സർക്കാരിന് കൂടുതൽ അധികാരം കൈവരും. കേരളത്തിലെ ഏറ്റവും വലിയ മൂന്നുക്ഷേത്രങ്ങൾക്ക് അവയുടെ സവിശേഷതകളും സാഹചര്യങ്ങളും കണക്കിലെടുത്താകും നിയമനിർമാണം. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനവും നിയമവും പരിഗണിക്കുന്നതായി സംസ്ഥാനസർക്കാർ നേരത്തേ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഗുരുവായൂർ മാതൃകയെന്നാണ് സർക്കാർ പറഞ്ഞത്. പദ്മനാഭസ്വാമിക്ഷേത്രം സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ വാദം പൂർത്തിയാക്കിയശേഷം സുപ്രീംകോടതി വിധിപറയാൻ മാറ്റിയിരുന്നു. സംസ്ഥാന സർക്കാരിന്റെ നിർദേശം സുപ്രീംകോടതി അംഗീകരിക്കുമോയെന്ന് വിധിയിൽ വ്യക്തമാകും. ഇതിനുപിന്നാലെയാണ്, ശബരിമലയിലും പ്രത്യേക നിയമനിർമാണമെന്ന നിർദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചത്. തിരുവിതാംകൂർ കൊച്ചി ഹിന്ദു മതസ്ഥാപന (ഭേദഗതി) ബിൽ 2019 ആണ് യഥാർഥത്തിൽ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ നൽകിയത്. ശബരിമലയ്ക്കുപുറമേ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മറ്റുക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങൾകൂടി ഉൾപ്പെടുത്തുന്നതായിരുന്നു ബിൽ. എന്നാൽ, ലക്ഷക്കണക്കിന് ആരാധകരെത്തുന്ന ശബരിമലയ്ക്കുമാത്രമായി പ്രത്യേക നിയമമാണ് നല്ലതെന്ന് സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. ഗുരുവായൂർ മാതൃക ചെയർമാൻ ഉൾപ്പെടെ ഒമ്പതംഗ ഭരണസമിതിയാണ് ഗുരുവായൂരിൽ. പാരമ്പര്യ അവകാശികളായ മൂന്ന് സ്ഥിരാംഗങ്ങളുണ്ടാകും. സാമൂതിരി, ക്ഷേത്ര ഊരാളൻ, തന്ത്രി എന്നിവരാണ് സ്ഥിരാംഗങ്ങൾ. ബാക്കിയെല്ലാം സർക്കാർ നാമനിർദേശംചെയ്യുന്നവരാണ്. പദ്മനാഭസ്വാമി കേസിൽ സർക്കാർ പറഞ്ഞത് രാജകുടുംബത്തിന് ഭരണാധികാരം നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് പദ്മനാഭസ്വാമീക്ഷേത്ര ഭരണത്തിനായി സർക്കാർ ഏപ്രിലിൽ നിർദേശം സമർപ്പിച്ചത്. രാജകുടുംബാംഗം, ക്ഷേത്രതന്ത്രി, എക്സിക്യുട്ടീവ് ഓഫീസർ എന്നിവരും സർക്കാർ നാമനിർദേശം ചെയ്യുന്ന അഞ്ചുപേരുമടങ്ങുന്ന സമിതിയാണ് നിർദേശിച്ചത്. ചെയർമാനെ സമിതിയംഗങ്ങൾക്ക് തിരഞ്ഞെടുക്കാം. അതായത്, സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ചെയർമാനും സർക്കാർ നാമനിർദേശം ചെയ്യുന്നവരാകും. സർക്കാർ നിർദേശിക്കുന്ന അഞ്ചുപേരിൽ പട്ടികജാതി, പട്ടികവിഭാഗത്തിൽനിന്നുള്ളവരും സ്ത്രീകളും ഉൾപ്പെടും. ക്ഷേത്രവിശ്വാസികളായവരെയാണ് അംഗങ്ങളാക്കുക. ശബരിമലയിൽ ലക്ഷ്യമിടുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലാണ് ശബരിമല ക്ഷേത്രം. എന്നാൽ, നിലവിൽ ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയാണ് മേൽനോട്ടംവഹിക്കുന്നത്. സർക്കാർ നടപ്പാക്കുന്ന പല പരിഷ്കാരങ്ങളും ഉന്നതാധികാരസമിതി അംഗീകരിക്കാറില്ല. പുതിയനിയമം വരുന്നതോടെ ഉന്നതാധികാരസമിതിയിൽനിന്ന് ഉദ്യോഗസ്ഥഭരണത്തിലേക്കുതന്നെ കാര്യങ്ങൾ കൊണ്ടുപോകാൻ സർക്കാരിന് സാധിക്കും. content highlights:sabarimala padmanabhaswamy temple
from mathrubhumi.latestnews.rssfeed https://ift.tt/2O8ygcF
via
IFTTT
No comments:
Post a Comment