മായാത്ത പുഞ്ചിരി മനസ്സിൽ മാത്രം; ഈ വിരലുകൾ ഇനി നിശ്ചലം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 11, 2019

മായാത്ത പുഞ്ചിരി മനസ്സിൽ മാത്രം; ഈ വിരലുകൾ ഇനി നിശ്ചലം

ഗുരുവായൂർ: പരീക്ഷണം നടത്തി പ്രശസ്തി നേടി ഒടുവിൽ ഏത് സംഗീതോപകരണവും കർണാടക സംഗീതത്തിന് വഴങ്ങും എന്ന് തെളിയിച്ച് അത്ഭുതം സൃഷ്ടിച്ച കലാകാരനായിരുന്നു കദ്രി ഗോപാൽനാഥ്. ഉഡുപ്പി കൃഷ്ണഭക്തനായിരുന്ന അദ്ദേഹം കൃഷ്ണ കീർത്തനങ്ങൾ കോർത്തിണക്കി കേരളത്തിൽ ആദ്യ കച്ചേരിയവതരിപ്പിച്ചത് ഗുരുവായിരിലായിരുന്നു. അന്ന് ക്ഷേത്രത്തിനകത്തായിരുന്നു ചെമ്പൈ സംഗീതോത്സവ വേദി.

മൂന്ന് പതിറ്റാണ്ടു മുമ്പ് വായ്പാട്ടിന്റെ ആവർത്തന വിരസതയിൽ ഉറക്കം തൂങ്ങുന്ന സദസിന് മുന്നിൽ ആകാര വടിവോടെ ഒരു കർണാടകക്കാരൻ വന്നിരുന്നത് ഗുരുവായൂരിലെ ആസ്വാദക വൃന്ദം ഇന്നും മറന്നിട്ടില്ല.വിരിപ്പും വിരിച്ച് വേദിയിലിരിക്കുമ്പോൾ അത്ഭുതത്തോടെയായിരുന്നു സദസ്സിന്റെ വരവേൽപ്പ്. പാശ്ചാത്യ സംഗീതം ഇവിടെ പാടില്ലെന്ന് പലരും ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. അപ്പോൾ അല്പം മലയാളം അറിയാവുന്ന ആ മുഖത്ത് പുഞ്ചിരി മാത്രം വിടർന്നു. അപൂർവ്വമായി പോലും കേൾക്കാനിടയില്ലാത്ത കർണാടക സംഗീതപ്പെരുമഴയായിരുന്നു പിന്നീട് ആസ്വാദക മനസിലേയ്ക്ക് പെയ്തിറങ്ങിയത്. സാക്‌ സഫോൺ എന്ന പാശ്ചാത്യ സംഗീതോപകരണത്തിൽ ഭാരതീയ സംഗീതം അത്ഭുതം തീർത്തു. ഏതു സംഗീതോപകരണവും കർണാടക സംഗീതത്തിനു വഴങ്ങുമെന്ന തിരിച്ചറിവിന് സംഗീത വിരുന്ന് വഴിമാറിയ സമയമായിരുന്നു അത്.
[IMG]

ചടുലമായ വിരലോട്ടങ്ങളിൽ ഗമകങ്ങളൊഴുകിയപ്പോൾ കരഘോഷം മുഴക്കിയ ആസ്വാദകർ വീണ്ടും പാടാൻ ആവശ്യപ്പെടുകയായിരുന്നു. അനുവദിച്ച സമയം കഴിഞ്ഞെന്നു പറഞ്ഞ് ദേവസ്വം അധികൃതര്‍ അനുവാദം നൽകിയില്ലെങ്കിലും സദസ്സ് വിട്ടില്ല. ഒടുവിൽ സദസ്സിന്റെ നിർബന്ധത്തിന് അധികൃതർക്ക് വഴങ്ങേണ്ടി വന്നു. ചെമ്പൈ സംഗീതോത്സവത്തെ ഹരം കൊള്ളിച്ച് കദ്രി വേദിയിൽ നിന്നിറങ്ങിയതിനു പിന്നാലെ നിരവധി അവസരങ്ങൾ കേരളത്തിൽനിന്നും വന്നെത്തി. പിന്നീട് ലണ്ടനിലും പാരിസിലുമൊക്കെ സംഗീത യാത്ര തുടങ്ങിയ കദ്രിക്ക് തിരക്കോടു തിരക്കായിരുന്നു.

എട്ടാം വയസ്സിൽ മൈസൂർ രാജകൊട്ടാരത്തിലേക്ക് സംഗീത വിരുന്നാസ്വദിക്കാൻ പോയതാണ് ഗോപാൽ നാഥിന്റെ സംഗീത ജീവിതത്തെ മാറ്റിമറിക്കുന്നത്. അവിടെ പാശ്ചാത്യ സംഗീത ഉപകരണമായ സാക്സഫോൺ സദസ്സിനെ നിശ്ചലതയോടെ പിടിച്ചിരുത്തുന്ന കാഴ്ച കരുന്നു മനസ്സിനെ കവർന്നെടുത്തു. ബാല്യത്തിൽ തന്നെ നാഗസ്വരം വായിക്കുന്ന ഗോപാലിന് അതു ലഭിച്ചാൽ കൊള്ളാമെന്നായി. അന്നു മുതൽ അവൻ അച്ഛനോട് വാശി പിടിക്കാനും തുടങ്ങി. ആ ഉപകരണത്തെ വഴക്കിയെടുക്കണമെന്നായിരുന്നു അവന്റെ ദൃഢപ്രതിജ്ഞ. അതുവരെ അച്ഛൻ താനിയപ്പനിൽ നിന്നും നാഗസ്വരം പഠിച്ചിരുന്ന കുട്ടി പഠനം നിർത്തുമോയെന്ന് ഭയന്ന് അതു വാങ്ങി നൽകാൻ തീരുമാനമെടുത്തു. അധികം വൈകിയില്ല ഉപകരണം കിട്ടിയ ഉടനെത്തന്നെ അകത്തളങ്ങളിൽ നിന്നും അത്ഭുത സംഗീതം ഒഴുകാൻ തുടങ്ങി. മനുഷ്യ ശബ്ദത്തോട് ഏറെ സദൃശ്യമുള്ള ഈ ഉപകരണസംഗീതം ഏതെന്നറിയാൻ അടുത്ത ക്ഷേത്രത്തിലെ പൂജാരി കദ്രിയുടെ ഭവനത്തിലെത്തുന്നതാണ് അരങ്ങേറ്റത്തിനു വഴിതുറന്നിട്ടത്. അത്ഭുതം തോന്നിയ പൂജാരി ആ ബാലന് ആദ്യ അവസരം നല്‍കിയത് കദ്രി ക്ഷേത്രത്തിലായിരുന്നു. ഈ കുട്ടിയാണ് പിന്നീട് ലോക പ്രശസ്തനായ സാക്സ ഫോൺ വിദ്വാൻ കദ്രി ഗോപാൽ നാഥായി മാറുന്നത്. ബെർളിൻ ഫെസ്റ്റിവലിൽ കദ്രി നടത്തിയ സംഗീത വിരുന്നിനെ അസ്വാദകർ വിലയിരുത്തിയത് 'ഇന്ത്യൻ തീരങ്ങളും കവിഞ്ഞൊഴുകിയ കർണാടിക് സംഗീതം ' എന്നാണ്.
[IMG]

ഏതു തിരക്കിനിടയിലും ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ കദ്രിയെത്തും... ഉത്സവക്കാലത്തും വേദി പങ്കിടാനെത്താറുള്ള അദ്ദേഹം സംഗീതത്തിൽ അസാധ്യമായത് സാധ്യമാകുമെന്ന് തെളിയിച്ച കലാകാരനായിരുന്നു. സാക്സഫോണിലൂടെ കർണാടകസംഗീതം ഒഴുകുമ്പോൾ അതിലേറെയും കൃഷ്ണ കീർത്തനങ്ങൾക്കായിരുന്നു പ്രാമുഖ്യം. "കൃഷ്ണ നീ ബേഗ നേ , എന്തൊരു മഹാനു ഭാവുലു " തടങ്ങിയ കീർത്തനങ്ങളായിരുന്നു കദ്രിയുടെ മാസ്റ്റർ പീസുകള്‍. ഇതോടെ ഉത്തരേന്ത്യൻ സംഗീത പ്രേമികളിലും ഒഴിച്ചു നിർത്താനാകാത്ത വിധം സാക്സ ഫോൺ ഇടം പിടിച്ചു.2013 ൽ ഗുരുവായൂർ ദേവസ്വം അദ്ദേഹത്തിന് ചെമ്പൈ പുരസ്കാരം നൽകി ആദരിച്ചിരുന്നു.

ഇന്ന് ആ വിരലുകളും നിശ്ചലമാകുകയാണ്. പാടിപ്പതിഞ്ഞ കർണാടിക് കീർത്തനങ്ങൾക്കിടെ ചടുലമായ വേഗതയിൽ സംഗീതോത്സവ വേദിയെ പുളകം കൊള്ളിക്കാൻ ഇനി കദ്രിയുണ്ടാകില്ല. പക്ഷെ അതിർവരമ്പുകളില്ലാതെ അതിനിയും ഒഴുകും.സംഗീത മനസ്സുകളിലെ നിലക്കാത്ത പ്രവാഹമായ്.

- കെ.മനോജ്



from mangalam.com https://ift.tt/2M80bZl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages