ആളും അര്‍ത്ഥവും പടക്കോപ്പും നിറഞ്ഞുതുളുമ്പി ബി.ജെ.പി. ഒരുവശത്ത്. മറുവശത്തത്ത് പടനയിക്കാന്‍ പോയിട്ട് പണിയെടുക്കാന്‍ പോലും ആളില്ലാതെ കോണ്‍ഗ്രസ്. എക്‌സിറ്റ് പോളുകളും പറഞ്ഞത് ബി.ജെ.പി. സഖ്യം മഹാരാഷ്ട്രയിലും ഹരിയാനയിലും തൂത്തുവാരുമെന്ന്. പക്ഷേ ഫലം വന്നപ്പോള്‍ ഞെട്ടിയത് ബി.ജെ.പി. തിരിച്ചുവരവിന് വഴിയൊരുങ്ങുന്നുവെന്ന തിരിച്ചറിയലിന്റെ ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൂത്തുവാരിയ രണ്ടുസംസ്ഥാനങ്ങളിലും ഓര്‍ക്കാപ്പുറത്ത് വേച്ചുപോയ ബി.ജെ.പി മഹാരാഷ്ട്രയില്‍ ഭരണം നിലനിര്‍ത്തിയെങ്കിലും ഹരിയാനയില്‍ വീണു. രണ്ടിടങ്ങളിലും കോണ്‍ഗ്രസിന് ഉയിര്‍ത്തെഴുന്നേല്‍പ്പിലേയ്ക്കുള്ള ഉത്തേജനമായി ഫലം. ദേശീയതയ്ക്ക് പകരം വയ്്ക്കാന്‍ മറ്റൊന്നുമില്ലാത്ത ഇരുസംസ്ഥാനങ്ങളിലും ഈ സാധ്യത പരമാവധി മുന്‍നിര്‍ത്തി നടത്തിയ എന്‍.ഡി.എയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്കും മാസങ്ങള്‍ക്കു മുമ്പേ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തനം തുടങ്ങിയ പ്രാദേശിക നേതൃത്വം. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്ന യുവമുഖ്യമന്ത്രിയുടെ വികസന പ്രവര്‍ത്തനങ്ങളിലൂന്നിയ സമാന്തര പ്രചാരണം.
ഹരിയാനയില്‍ ഭരണ വിരുദ്ധ വികാരങ്ങളെ ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കി കാടിളക്കിയുള്ള പ്രചാരണം. രണ്ടാം മോഡി സര്‍ക്കാറിന്റെ തകര്‍പ്പന്‍ വിജയത്തിനുശേഷമുള്ള ആദ്യ പരീക്ഷണം. ജെ.പി നഡ്ഡയെന്ന വര്‍ക്കിങ് പ്രസിഡന്റ് നേരിട്ടു നയിച്ച ആദ്യ തെരഞ്ഞെടുപ്പ്. ദേശീയത പ്രധാന പ്രചാരണ ആയുധമാക്കിയ തെരഞ്ഞെടുപ്പിന്റെ തലേദിവസം ഭീകരക്യാമ്പുകള്‍ ആക്രമിച്ച് പാകിസ്താന് നല്‍കിയ കനത്ത തിരിച്ചടി. എല്ലാത്തിനും പുറമേ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്തു മാറ്റിയശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെ പ്രതീക്ഷകള്‍ വാനോളമുയരാന്‍ ഇതില്‍പ്പരം കാരണങ്ങളൊന്നും വേണ്ടെങ്കിലും ഫലപ്രഖ്യാപനം വന്നതോടെ ഞെട്ടലില്‍ ആണ് നേതൃത്വം.
പട്ടാളക്കാര്‍ ഏറെയുള്ളതാണ് ഹരിയാനയിലെ ഗ്രാമീണകുടുംബങ്ങളെങ്കിലും തുടരുന്ന സാമ്പത്തികമാന്ദ്യം സര്‍ക്കാരതിനെതിരായി വോട്ടുകുത്താന്‍ പ്രേരിപ്പിച്ചുവെന്ന് ഫലത്തെ വിലയിരുത്താം. നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡ്, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ഈ സാഹചര്യത്തില്‍ ബി.ജെ.പിയ്ക്ക് നിര്‍ണായകമാവും.
കഴിഞ്ഞ നിയസമഭാ തെരഞ്ഞെടുപ്പിലാണ് ബാലികേറാ മലയായിരുന്ന ഹരിയാനയില്‍ ചരിത്രത്തിലാദ്യമായി 47 സീറ്റിന്റെ കരുത്തില്‍ ബി.ജെ.പി അധികാരത്തിലേറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ മുഴുവന്‍ സീറ്റും തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തില്‍ ഇത്തവണ 75 സീറ്റില്‍ കൂടുതല്‍ ലക്ഷ്യമിട്ട ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷംപോലും നേടാനായില്ല. 2014 ല്‍ ഹരിയാനയില്‍ മുഖ്യപ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനെ പിളര്‍ത്തി ദൃഷ്യന്ത് ചൗട്ടാല രൂപം നല്‍കിയ ജെ.ജെ.പി കറുത്ത കുതിരയുമായി.
ബി.ജെ.പിയ്ക്ക് തൊട്ടുപിറകെയുള്ള കോണ്‍ഗ്രസ് ജെ.ജെ.പിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കി കര്‍ണാടക മോഡലില്‍ ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താനുള്ള നീക്കവും തുടങ്ങി. ബി.ജെ.പിയ്ക്കാണെങ്കില്‍ പുറത്തുനിന്നുള്ള പിന്തുണയില്ലാതെ ഭരണം നിലനിര്‍ത്താന്‍ സാധ്യമല്ലെന്ന അവസ്ഥയിലുമാണ്.
വിമതറാലി നടത്തി പാര്‍ട്ടിവിട്ടു പോകുമെന്നു തോന്നിച്ച ഭൂപീന്ദര്‍ സിങ് ഹൂഡയായിരുന്നു ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകന്‍. സംസ്ഥാന അധ്യക്ഷ പദവിയില്‍ അടുത്തിടെയെത്തിയ കുമാരി ഷെല്‍ജയും ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും അടക്കം ഒപ്പം ചേര്‍ന്നിട്ടും ബി.ജെ.പിയ്ക്ക് ഒപ്പമെത്താന്‍ സാധിച്ചിരുന്നില്ല. അധ്യക്ഷസ്ഥാനം നഷ്ടമായ യുവ നേതാവ് അശോക് തന്‍വാര്‍ പാര്‍ട്ടി വിടുക കൂടി ചെയ്തതോടെ രൂപപ്പെട്ട പ്രതിസന്ധിയില്‍നിന്നാണ് കോണ്‍ഗ്രസ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരിക്കുന്നത്.
മഹാരാഷ്ട്രയില്‍ മോഡിയെക്കാള്‍ ആത്മവിശ്വാസത്തിലായിരുന്നു ദേവേന്ദ്ര ഫട്‌നാവിസ്. നിയമസഭാ പിരിച്ചുവിട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ കേന്ദ്ര നേതൃത്വം താല്‍പ്പര്യപ്പെട്ടിട്ടും ഫട്‌നാവിസ് വഴങ്ങാതിരുന്നത് ഈ ആത്മവിശ്വാസം ഒന്നുകൊണ്ട് തന്നെ. ഉടക്കിനില്‍പ്പാണെങ്കിലും ഇത്തവണ ശിവസേനയും ബി.ജെ.പിയുടെ തീര്‍പ്പിനു വഴങ്ങി ഒപ്പം നില്‍ക്കുകയും ചെയ്തു. കഴിഞ്ഞ തവണ തനിച്ച് മത്സരിച്ചപ്പോള്‍ ബി.ജെ.പി 122 സീറ്റും ശിവസേന 63 സീറ്റുമാണ് നേടിയത്. ഈ നഷ്ടം നികത്താന്‍ ഇത്തവണ കരുതലോടെ ബി.ജെ.പിക്കൊപ്പം നിന്ന ശിവസേനയ്ക്ക് മുന്നേറ്റമുണ്ടാക്കാനായില്ല.
ബി.ജെ.പി-സേനാസഖ്യത്തിന് മുന്നില്‍ പകച്ചുനിന്ന കോണ്‍ഗ്രസിന്റെ െകെപിടിച്ചു മുന്നില്‍നടന്ന എന്‍.സി.പി. നേതാവ് ശരദ് പവാര്‍ കോണ്‍ഗ്രസിനെക്കാള്‍ സീറ്റ് നേടി കരുത്തുകാട്ടി. തനിക്കെതിരായ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ സാധ്യതയാക്കി മാറ്റി വേദികളിലെത്തിയ 79 വയസുകാരനായ പവാറാണ് മഹാരാഷ്ട്രയില്‍ മോഡി- ഫട്‌നാവിസ്- ഉദ്ദവ് താക്കറെ കൂട്ടുകെട്ടിനെ പ്രതിരോധിച്ചത്. ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞതോടെ ശിവസേന കൂടുതല്‍ സമ്മര്‍ദ്ദതന്ത്രങ്ങളുമായി രംഗത്തെത്തുമെന്ന് ഉറപ്പാണ്. യുവസേനാ തലവന്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉന്നയിക്കാം.
from mangalam.com https://ift.tt/2NaHYtp
via IFTTT
No comments:
Post a Comment