കൊച്ചി: സഭാതർക്കവിഷയത്തിൽ മുന്നണികൾ ഒളിച്ചുകളിക്കുമ്പോൾ ഓർത്തഡോക്സ് സഭയ്ക്കൊപ്പംനിന്ന് നേട്ടംകൊയ്യാൻ ബി.ജെ.പി.യുടെ തന്ത്രം. കോന്നി ഉപതിരഞ്ഞെടുപ്പിൽ വോട്ട് ലക്ഷ്യമിട്ടാണ് ബി.ജെ.പി.യുടെ നീക്കം. കോന്നി മണ്ഡലത്തിലെ പ്രബല വിഭാഗമാണ് ഓർത്തഡോക്സ് പക്ഷം. അതുകൊണ്ട് ഔദ്യോഗികമായിത്തന്നെ ബി.ജെ.പി. ചരടുവലി തുടങ്ങി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും കോന്നി മണ്ഡലത്തിന്റെ ചുമതലക്കാരനായ സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും ഓർത്തഡോക്സ് സഭാധ്യക്ഷന്മാരുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി. തൃശ്ശൂർ പഴഞ്ഞി പള്ളിയിലെത്തിയാണ് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ, മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മാർ യൂലിയോസ്, മാത്യൂസ് മാർ സേവേറിയോസ് എന്നിവരുമായി ചർച്ചനടത്തിയത്. അതിന്റെ തുടർച്ചയായി ഓർത്തഡോക്സ് പക്ഷത്തെ ചില കോൺഗ്രസ് ഭാരവാഹികൾ പാർട്ടിബന്ധം ഉപേക്ഷിച്ച് ബി.ജെ.പി.ക്കുവേണ്ടി പരസ്യമായി രംഗത്തുവരാൻ തയ്യാറായി. സഭാ വിശ്വാസികളിൽ ചിലർ കമ്മിറ്റിയുണ്ടാക്കിത്തന്നെ ബി.ജെ.പി. സ്ഥാനാർഥി കെ. സുരേന്ദ്രന്റെ പ്രവർത്തനത്തിനുണ്ട്. ഓർത്തഡോക്സ് സഭയുമായി ബന്ധമുണ്ടാക്കുന്നത് പാർട്ടിക്ക് ഉപകരിക്കുമെന്ന ഉറച്ചവിശ്വാസമാണ് ബി.ജെ.പി.ക്കുള്ളത്. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒരു നഷ്ടവും സംഭവിക്കാനില്ല. മറ്റുമുന്നണികൾ തഴഞ്ഞിട്ടിരിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തെ സഹായിക്കുന്നതിലൂടെ മധ്യതിരുവിതാംകൂറിൽ ഭാവിയിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ബി.ജെ.പി. കരുതുന്നു. സുപ്രീംകോടതിവിധി നടപ്പാക്കിക്കിട്ടണമെന്ന ആവശ്യമാണ് ഓർത്തഡോക്സ് സഭ മുന്നോട്ടുവെക്കുന്നതെന്നതിനാൽ, നിയമത്തിന്റെ ഭാഗത്തുനിൽക്കുക മാത്രമാണ് ചെയ്തതെന്ന് ന്യായീകരിക്കാനും ബി.ജെ.പി. നേതാക്കൾക്കുകഴിയും. Content Highlights:BJP will support Orthodox church over church disputes
from mathrubhumi.latestnews.rssfeed https://ift.tt/2MyfYzE
via
IFTTT
No comments:
Post a Comment