കൊച്ചി: മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാരക്കേസുകള്‍ ഊരാക്കുടുക്കായേക്കും. ഫ്‌ളാറ്റുടമകളില്‍ പലര്‍ക്കും സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണമുള്ള 25 ലക്ഷം രൂപ ഇടക്കാല നഷ്‌ടപരിഹാരം ലഭിക്കാനിടയില്ല. വില നല്‍കിയിട്ടും ഫ്‌ളാറ്റുകള്‍ സ്വന്തം പേരിലേക്കു മാറ്റാത്തവരുടെ നഷ്‌ടപരിഹാരം കീറാമുട്ടിയാകും. വില കുറച്ചുകാട്ടി രജിസ്‌ട്രേഷന്‍ നടത്തിയതും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും.
ഫ്‌ളാറ്റ് വാങ്ങിയപ്പോള്‍ മുദ്രപ്പത്ര വില കുറച്ചാണു കാണിച്ചതെങ്കില്‍ നികുതി മുഴുവനായും അടയ്‌ക്കേണ്ടിവരുമോ എന്ന ആശങ്കയും സൃഷ്‌ടിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ നഷ്‌ടപരിഹാരത്തിനു നിയോഗിച്ചിട്ടുള്ള സമിതി പരിഗണിക്കും.
പൊളിക്കാനുള്ള അഞ്ചു കെട്ടിടങ്ങളിലായി 343 അപ്പാര്‍ട്ട്‌മെന്റുകളാണുള്ളത്. ഇതില്‍ 17 എണ്ണം രണ്ടു ഫ്‌ളാറ്റുകള്‍ കൂട്ടിച്ചേര്‍ത്ത് ഒന്നാക്കിയതാണ്. അങ്ങനെ നോക്കുമ്പോള്‍ മൊത്തമുള്ളത് 326 ഫ്‌ളാറ്റ്. 129 ഫ്‌ളാറ്റുകള്‍ക്കു മാത്രമേ ഉടമകളുള്ളൂ എന്നാണ് മരട് നഗരസഭയുടെ കണക്ക്. മറ്റുള്ള 197 ഫ്‌ളാറ്റുകള്‍ ബില്‍ഡര്‍മാരുടെ പേരിലാണ്. ഇതില്‍ പലതും മറ്റുള്ളവര്‍ വിലകൊടുത്തിട്ടും നഗരസഭയില്‍നിന്ന് ഉടമസ്‌ഥാവകാശ രേഖകള്‍ കൈപ്പറ്റിയിട്ടില്ല. ചില ഫ്‌ളാറ്റുകള്‍ വാങ്ങിയവര്‍ രജിസ്‌ട്രേഷന്‍ നടത്താതെയുമുണ്ട്. ഇവര്‍ക്ക് നഷ്‌ടപരിഹാരം ലഭിക്കുമോ എന്ന് വ്യക്‌തമായിട്ടില്ല.
പല ഫ്‌ളാറ്റ് ഉടമകളും വിദേശത്തുള്ളവരാണ്. ഇവര്‍ ബില്‍ഡര്‍മാരുടെ അക്കൗണ്ടിലേക്കു പണം നല്‍കുകയാണ് ചെയ്‌തിട്ടുള്ളത്. പലരും നികുതിയടയ്‌ക്കുന്നത് ബില്‍ഡര്‍മാരുടെ പേരിലുമാണ്. പരസ്‌പര വിശ്വാസത്തോടെയാണ് ഇതു ചെയ്‌തിട്ടുള്ളത്. അതുകൊണ്ട് പിന്നീടെപ്പോഴെങ്കിലും ഫ്‌ളാറ്റുകള്‍ സ്വന്തം പേരിലേക്കു മാറ്റിയാല്‍ മതിയെന്നു പറഞ്ഞവരുമുണ്ട്. ഹോളിഫെയ്‌ത്ത് എച്ച്.ടു.ഒ ഫ്‌ളാറ്റിലെ പ്രമാണങ്ങളെല്ലാം തയാറാക്കിയത് ബില്‍ഡര്‍ നിയോഗിച്ച അഭിഭാഷകയുടെ നേതൃത്വത്തിലാണ്. പലതിലും വില തീരെ കുറച്ചാണു കാണിച്ചിട്ടുള്ളത്. 15 ലക്ഷം മുദ്രപ്പത്രത്തില്‍ കാണിച്ചിട്ടുള്ള ഫ്‌ളാറ്റിന്റെ യഥാര്‍ഥവില 66 ലക്ഷം വരും.
ഉടമകളില്‍ ചിലരുടെ പക്കലെങ്കിലും മുഴുവന്‍ തുക ബില്‍ഡര്‍മാര്‍ക്കു നല്‍കിയതിന്റെ രേഖകളുണ്ട്. ഈ രേഖകളെല്ലാം നഷ്‌ടപരിഹാര സമിതിക്കു മുന്നില്‍ സമര്‍പ്പിക്കുമെന്ന് ഇവര്‍ അറിയിച്ചു. കോടതിയില്‍ കേസുകള്‍ നടക്കുന്നതിനാലാണു ഫ്‌ളാറ്റുകള്‍ക്ക് കൈവശാവകാശ രേഖ നല്‍കാതിരുന്നതെന്ന് മരട് നഗരസഭ പറയുന്നു.
അര്‍ഹത 241 ഫ്‌ളാറ്റുടമകള്‍ക്ക്
കൊച്ചി: മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ ഉടമകളായ 241 പേര്‍ക്കു നഷ്‌ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു സര്‍ക്കാര്‍. മരട് നഗരസഭ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീംകോടതി നിയോഗിച്ച നഷ്‌ടപരിഹാരസമിതിക്കു മുന്നില്‍ സമര്‍പ്പിച്ചു. 54 ഫ്‌ളാറ്റുകള്‍ ബില്‍ഡര്‍മാരുടെ പേരിലാണെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടിലുണ്ട്. അവയ്‌ക്ക് നഷ്‌ടപരിഹാരം ലഭിക്കില്ല.
25 ലക്ഷം രൂപയാണ് നഷ്‌ടപരിഹാരമായി ഇപ്പോള്‍ നല്‍കുക. കൂടുതല്‍ നഷ്‌ടപരിഹാരത്തിന് അര്‍ഹതയുണ്ടെങ്കില്‍ പിന്നീട് പരിഗണിക്കുമെന്നും കമ്മിറ്റി അറിയിച്ചു.
സുപ്രീംകോടതി നിയോഗിച്ച നഷ്‌ടപരിഹാരകമ്മിറ്റിയുടെ ആദ്യയോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നു. റിട്ട. ജസ്‌റ്റിസ് കെ. ബാലകൃഷ്‌ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ റിട്ട. ചീഫ് സെക്രട്ടറി ജോസ് സിറിയക്, റിട്ട. ചീഫ് എന്‍ജിനീയര്‍ ആര്‍. മുരുകേശന്‍ എന്നിവര്‍ പങ്കെടുത്തു. മരട് നഗരസഭയുടെ ചുമതല വഹിക്കുന്ന ഫോര്‍ട്ട്‌കൊച്ചി സബ് കലക്‌ടര്‍ സമിതിക്കു മുന്നില്‍ ഹാജരായി വിശദമായ വിവരങ്ങള്‍ നല്‍കി.
വിശദമായ റിപ്പോര്‍ട്ട് 14നു സമര്‍പ്പിക്കാന്‍ സബ് കലക്‌ടറോട് യോഗം ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് ഉടകമള്‍ അവരുടെ ക്ലെയിമുകള്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ സമിതിക്കു സമര്‍പ്പിക്കണം. കമ്മിറ്റി ഇവ 14, 17 തീയതികളില്‍ പരിശോധിക്കും.
from mangalam.com https://ift.tt/2B0n0I3
via IFTTT
No comments:
Post a Comment